Image

മഹാരാഷ്ട്രയില്‍ ബസ്സപകടം: 32 തീര്‍ഥാടകര്‍ മരിച്ചു

Published on 16 June, 2012
മഹാരാഷ്ട്രയില്‍ ബസ്സപകടം: 32 തീര്‍ഥാടകര്‍ മരിച്ചു
മുംബൈ: ഇവിടെ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ അകലെ ഒസ്മാനാബാദില്‍ ബസ്സ് മറിഞ്ഞ് 32 തീര്‍ഥാടകര്‍ മരിച്ചു. ഷിര്‍ദി സായിബാബാ മന്ദിരത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച കാലത്ത് 2.30ന് ഹൈദരാബാദ്‌സോളാപുര്‍ ഹൈവേയില്‍ ആയിരുന്നു അപകടം. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികാരികള്‍ പറഞ്ഞു. ഹൈദരാബാദില്‍ നിന്നുള്ള സംഘമാണിത്. 47 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇതില്‍ 29 പേര്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൂന്നു പേര്‍ ആസ്പത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണമടഞ്ഞത്. യാത്രക്കാരില്‍ ഹൈദരാബാദിലെ ഒരു സോഫ്റ്റ്‌വേയര്‍ കമ്പനിയിലെ 14 പേരും ഉണ്ടായിരുന്നു. ട്രാവല്‍സ് അധികൃതരില്‍ നിന്ന് യാത്രക്കാരുടെ വിവരം ലഭിക്കാത്തതിനാല്‍ മരിച്ചവരെ തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

ഒസ്മാനാബാദ് പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെ ജോക്കോട് ഗ്രാമത്തില്‍ നദിക്കു കുറുകെയുള്ള പാലത്തില്‍ നിന്ന് ബസ്സ് താഴോട്ട് മറിയുകയായിരുന്നു. നാലഞ്ചു തവണ മലക്കം മറിഞ്ഞ ബസ്സ് 30 അടിയോളം താഴേക്കു പതിച്ചാണ് അപകടം. പുലര്‍ച്ചെയായതിനാല്‍ രക്ഷാ പ്രവര്‍ത്തനവും വൈകി.

കാവേശ്വരി ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. െ്രെഡവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. അതിവേഗം വന്ന ബസ്സ് നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഒസ്മാനാബാദ്, സോളാപുര്‍, ലാത്തൂര്‍ എന്നിവിടങ്ങളിലെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയില്‍ ഒരു വാഹനാപകടത്തില്‍ ഇത്രയും പേര്‍ മരിക്കുന്നത് ഇതാദ്യമാണ്.

സംഭവസ്ഥലത്ത് ഹെലികോപ്റ്ററിലെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി രക്ഷപെട്ടവര്‍ക്ക് വേണ്ട സഹായം ഉടനെത്തിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി പങ്കജ് ദ്വിവേദിക്ക് നിര്‍ദേശം നല്കി. യാത്രികരുടെ വിവരങ്ങള്‍ നല്കാന്‍ വിസമ്മതിച്ച ട്രാവല്‍സ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിയോടെ ഹൈദരാബാദിലെ ഉസ്മാനിയ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്ധ്രാമന്ത്രി ശ്രീധര്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ആസ്പത്രിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ ഹെല്‍പ്പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞവരുടെ ഫോട്ടോകള്‍ ആസ്പത്രിയില്‍ പ്രദര്‍ശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ ആന്ധ്രാ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക