Image

പര്‍ദയിട്ട് കുഞ്ഞനന്തന്‍ രക്ഷപ്പെട്ടതായി സൂചന

Published on 16 June, 2012
പര്‍ദയിട്ട് കുഞ്ഞനന്തന്‍ രക്ഷപ്പെട്ടതായി സൂചന
കണ്ണൂര്‍: ടി.പി.വധക്കേസില്‍ പോലീസ് തിരയുന്ന സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍ പര്‍ദയണിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടതായി അറിയുന്നു. മാടായി, ചെറുതാഴം ഭാഗത്തുണ്ടായിരുന്ന കുഞ്ഞനന്തന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് പര്‍ദയണിഞ്ഞ് യാത്ര ചെയ്തത് എന്നാണ് വിവരം. കാറും മറ്റ് വലിയ വാഹനങ്ങളും പോലീസ് നിരീക്ഷിക്കുന്നതിനാലാണ് ഓട്ടോറിക്ഷ ഉപയോഗിച്ചത്. അതേസമയം, കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും. 

കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞനന്തന്‍ പയ്യന്നൂരിലെ കോറോം സെന്‍ട്രല്‍, കൊഴുമ്മല്‍ ഭാഗങ്ങളിലുണ്ടായിരുന്നു. പിന്നീടാണ് മാടായി, ചെറുതാഴം ഭാഗത്തേക്ക് കടന്നത്. അവിടെ സി.പി.എം. മാടായി ഏരിയാ കമ്മിറ്റി ഓഫീസിലും കുഞ്ഞനന്തന്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കുറ്റൂര്‍, കാസര്‍കോട് ജില്ലയിലെ ചീമേനി എന്നിവിടങ്ങളിലേക്ക് ഒളിവിടം മാറ്റാന്‍ സാധ്യതയുള്ളതായും സംശയിക്കുന്നുണ്ട്. കുഞ്ഞനന്തനായി വ്യാഴാഴ്ച പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. 

ജില്ലയില്‍ തിരച്ചില്‍ ശക്തമായതിനാല്‍ കുഞ്ഞനന്തന്‍ ഒളിത്താവളം വീണ്ടും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിഗ്രാമത്തിലെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിവിലായിരുന്ന കൊടി സുനിയും സംഘവും പിടിയിലായതും ഒളിസങ്കേതം മാറാന്‍ പ്രേരണയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനാന്തര പാതകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കീഴടങ്ങാന്‍ അവസരം നല്‍കാതെ ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

ജൂണ്‍ 12നാണ് കുഞ്ഞനന്തന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചത്. കുഞ്ഞനന്തനെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നും കേസ്ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഇയാള്‍ക്കുവേണ്ടി ഹാജരായ അഡ്വ. കെ.വിശ്വന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. വാദം കേട്ട ശേഷം കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും ജൂണ്‍ 16ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് പോലീസ് ഇവ രണ്ടും ശനിയാഴ്ച ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക