Image

രണ്ട് ദശാബ്ദത്തിനു ശേഷം സ്യൂചി നൊബേല്‍ സമ്മാനം വാങ്ങി

Published on 16 June, 2012
രണ്ട് ദശാബ്ദത്തിനു ശേഷം സ്യൂചി നൊബേല്‍ സമ്മാനം വാങ്ങി
ഓസ്‌ലോ: മ്യാന്മറിന്റെ ജനാധിപത്യപ്പോരാളി ആങ് സാന്‍ സ്യൂചി രണ്ടു ദശാബ്ദം മുമ്പു പ്രഖ്യാപിച്ച സമാധാന നൊബേല്‍ പുരസ്‌കാരം ശനിയാഴ്ച ഔപചാരികമായി ഏറ്റുവാങ്ങി. 1991 ല്‍ പ്രഖ്യാപിക്കപ്പെട്ട സമ്മാനം തന്നെ വിശാലമായ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെന്ന് നോര്‍വേ തലസ്ഥാനത്തു നടന്ന നൊബേല്‍ പ്രസംഗത്തില്‍ സ്യൂചി പറഞ്ഞു. 

'പുരസ്‌കാരം പ്രഖ്യാപിച്ചത് റേഡിയോയില്‍ കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതെന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. വീട്ടുതടങ്കലിന്റെ നാളുകളില്‍ ഞാന്‍ യഥാര്‍ഥ ലോകത്തിന്റെ ഭാഗമല്ലെന്ന തോന്നലായിരുന്നു. നൊബേല്‍ പുരസ്‌കാരമാണ് എന്നെ യഥാര്‍ഥ ലോകത്തേക്ക് തിരിച്ചു കൊണ്ടുവന്നത്'  സ്യൂചി പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണ മ്യാന്മറിലെ മാറ്റങ്ങള്‍ക്ക് സഹായകമായതായി സ്യൂചി ചൂണ്ടിക്കാട്ടി.

നൊബേല്‍ പുരസ്‌കാരം ദീര്‍ഘകാലമായി സ്യൂചിയെ കാത്തിരിക്കുകയായിരുന്നെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ തോര്‍ബ്‌ജോണ്‍ ജഗ്‌ലന്‍ഡ് പറഞ്ഞു. ഒറ്റപ്പെടലിലും സ്യൂചി ലോകത്തിന്റെ ശബ്ദമായെന്ന് പറഞ്ഞ ജഗ്‌ലന്‍ഡ്, ലോകജനതയ്ക്ക് ലഭിച്ച വിശിഷ്ട സമ്മാനമായി അവരെ വിശേഷിപ്പിച്ചു.

24 വര്‍ഷത്തെ വീട്ടുതടങ്കലിനൊടുവില്‍ സ്യൂചിയെ 2010ലാണ് മ്യാന്മര്‍ ഭരണകൂടം മോചിപ്പിച്ചത്. തടങ്കലിലിരിക്കുമ്പോള്‍ പ്രഖ്യാപിച്ച നൊബേല്‍ പുരസ്‌കാരം വാങ്ങാന്‍ സ്യൂചിക്കു നോര്‍വേയിലേക്ക് പോകാനായില്ല. രാജ്യത്തേക്ക് തിരിച്ചുവരാന്‍ ഭരണകൂടം അനുവദിക്കില്ലെന്ന ഭയം കാരണം അവര്‍ യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു. 1988ന് ശേഷം ഇപ്പോഴാണ് സ്യൂചി യൂറോപ്പ് സന്ദര്‍ശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക