Image

സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം- മന്ത്രി അടൂര്‍ പ്രകാശ്

Published on 16 June, 2012
സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം- മന്ത്രി അടൂര്‍ പ്രകാശ്
പത്തനംതിട്ട:സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 20,000 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. 2015 ഓടെ സംസ്ഥാനത്ത് ഭൂരഹിതര്‍ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവുമധികം പേര്‍ക്ക് പട്ടയം കിട്ടുക ഇടുക്കിയിലാകും. 5000 പേര്‍ക്ക് ജൂലായ് 2ന് ഇടുക്കിയില്‍ വനാവകാശരേഖയും പട്ടയവും നല്‍കും. തിരുവനന്തപുരം (1268), കൊല്ലം (936), പത്തനംതിട്ട (138), ആലപ്പുഴ (118), കോട്ടയം (400), എറണാകുളം (732), തൃശ്ശൂര്‍ (1700), പാലക്കാട് (1210), കോഴിക്കോട് (1100), മലപ്പുറം (2174), വയനാട് (750), കണ്ണൂര്‍ (600), കാസര്‍കോട് (1077) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പട്ടയത്തിന് അര്‍ഹരായവരുടെ കണക്ക്. 

പട്ടയം നിയമവിരുദ്ധമായി കൈമാറ്റംചെയ്തശേഷം വീണ്ടും അപേക്ഷയുമായി വരുന്നത് ഒഴിവാക്കാനും നടപടിയുണ്ടാകും. ഹോളോഗ്രാമും തിരിച്ചറിയല്‍ നമ്പരും സഹിതമാകും പുതിയ പട്ടയം.

'ഭൂരഹിതര്‍ ഇല്ലാത്ത കേരളം' എന്ന പദ്ധതിക്കായി എല്ലാ വില്ലേജ് ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. മൂന്ന് സെന്റ് ഭൂമി വീതമാകും നല്‍കുക. ജൂണ്‍ 18 വരെ അപേക്ഷ നല്‍കും. ആഗസ്ത് 15ന് അര്‍ഹതപ്പെട്ട വരുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും. 

ചെങ്ങറ സമരത്തിലെ ഭൂരഹിതരില്‍ വലിയൊരു വിഭാഗത്തിനും ഭൂമി നല്‍കിക്കഴിഞ്ഞു. എന്നാല്‍, കുറച്ചുപേര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നുണ്ട്. ചെങ്ങറ സമരം നിലനിര്‍ത്തിക്കൊണ്ടുപോകണം എന്നാഗ്രഹിക്കുന്നവരാണ് ഇതിനുപിന്നില്‍. അര്‍ഹരായ എല്ലാ ചെങ്ങറസമരക്കാര്‍ക്കും ഭൂമി നല്‍കും. 

അനധികൃതമായി ആരെങ്കിലും ഭൂമി കൈവശംവച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ പിടിച്ചെടുക്കും. ഏറ്റെടുക്കുന്ന ഭൂമി ലാന്‍ഡ് ബാങ്കിലേക്ക് ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക