Image

സദാചാരം; സദാചാരം

KM Bina Published on 17 June, 2012
സദാചാരം; സദാചാരം
http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/akakazcha-article-279009

അനുക്കുട്ടി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോഴേ പറഞ്ഞു,

''ഇനി വരുമ്പോള്‍ താമസം എന്റൊപ്പം. ഒരു എക്‌സ്‌ക്യൂസും അനുവദിക്കില്ല.''

ട്രെയിനിറങ്ങി ഓട്ടോ പിടിച്ച് വഴി കണ്ടുപിടിച്ച് ഫ്ലാറ്റിലെത്തി. സെക്യൂരിറ്റിയുടെ അഭിമുഖം. പോലീസ് മുറയില്‍ ചോദ്യങ്ങള്‍.
ആര്?

ആരെക്കാണാന്‍?

എവിടെ നിന്ന്?

ബന്ധമെന്ത്?

ഇതെന്തിങ്ങനെ? ജയില്‍ പുള്ളിയോ? ബയോഡേറ്റ ചോദിച്ചറിഞ്ഞ് സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടു. ലിഫ്റ്റിന് മുന്നില്‍ ഞെട്ടി നിന്നു.

''കറന്റില്ല.''

''ജനറേറ്റര്‍ കേടാണ്'' - സെക്യൂരിറ്റി മുന്നറിയിപ്പ്.

അപ്പോള്‍ ഏഴ് നില ചവിട്ടി കയറണം. ബാഗും തൂക്കി അഭ്യാസം തുടങ്ങി. ഒന്നാം നിലയില്‍ എത്തിയപ്പോള്‍ ഹൗസ് കോട്ടൊക്കെയിട്ട് ഉറക്കപ്പായില്‍ നിന്നൊരു സ്ത്രീ എഴുന്നേറ്റ് വന്ന് ചോദിച്ചു.

''എങ്ങോട്ട്?''

സന്തോഷം തോന്നി. എന്തൊരു സ്‌നേഹമുള്ള അന്തരീക്ഷം. അപരിചിതരോട് പോലും കുശലാനേ്വഷണം. വിവരം പറഞ്ഞ് പടി കയറി.
''ആരാന്നാ പറഞ്ഞത്?'' അവര്‍ വീണ്ടും.

''അനുക്കുട്ടീടെ ചിറ്റയാ.''

അനുക്കുട്ടി സുരക്ഷിതമായ ഒരിടത്താണ് താമസം.

സമാധാനം തോന്നി.

മൂന്നാം നിലയില്‍ നില്‍ക്കുന്നു പുരുഷനൊരുത്തന്‍.

''എവിടേക്ക്?''

ഫ്ലാറ്റ് നമ്പര്‍ പറഞ്ഞു.

''നിങ്ങള്‍ക്കെന്താ പണി?''

എനിക്കാ ചോദ്യം ഇഷ്ടമായില്ല.

''അത് നിങ്ങളെന്തിന് അറിയുന്നു?''

''അവിടെ താമസിക്കുന്ന കുട്ടിയുടെ ആരാണ് നിങ്ങള്‍?'' നേരത്തേ തോന്നിയ സമാധാനം ഇല്ലാതാവുന്നതു അറിഞ്ഞു.

അയാളുടെ ചോദ്യം ചെയ്യലിന് നിന്ന് കൊടുക്കേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച് ഞാന്‍ പടി കയറി. വാതില്‍ തുറന്ന് അനുക്കുട്ടി പറഞ്ഞു.

''സോറി, ഏഴ് നില ചവിട്ടിച്ചതില്‍.''

''അതിലും പ്രയാസമായിരുന്നു ഓരോ നിലയിലുമുള്ള ദ്വാരപാലകന്മാരുടെ അഭിമുഖം.''

കാര്യം കേട്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

''ഇന്നത്തേക്ക് അവര്‍ക്ക് വേണ്ടത് കിട്ടി. ചര്‍ച്ചയ്ക്ക് വിഷയമായി. ഉറക്കമില്ലാത്ത ഒരു രാത്രിക്ക് നമുക്ക് ആശംസകള്‍ നേരാം.''

അനുക്കുട്ടി പിന്നീട് പറഞ്ഞത് രസകരമായ ഒരു കഥയായിരുന്നു.

പത്രപ്രവര്‍ത്തകയായ അനുക്കുട്ടി നഗരത്തിലെത്തി ജോലിയില്‍ ചേര്‍ന്ന് കഴിഞ്ഞ് ആദ്യം ചെയ്തത് ഹോസ്റ്റല്‍ തപ്പുകയായിരുന്നു.

''മുറികളുണ്ട്, തരുകയും ചെയ്യാം. പക്ഷെ 7 മണിക്ക് ഗേറ്റടയ്ക്കും.''

''ഞാന്‍ പത്രത്തിലാണ് ജോലി ചെയ്യുന്നത്. ഷിഫ്റ്റ് തുടങ്ങുന്നത് 5 മണിക്ക്. പതിനൊന്ന് കഴിയാതെ മടങ്ങി വരാനാവില്ല.''

''സോറി, നോ മുറി.''

ഹോസ്റ്റല്‍ വാര്‍ഡന്മാരൊക്കെ ഒരേ മറുപടി തന്നെ പറഞ്ഞു.

പിന്നെ വീട് തേടലായി. ഒറ്റയ്ക്ക് പെണ്‍കുട്ടിയ്ക്ക് വീട് നല്‍കാന്‍ -

''സോറി, മറ്റ് ചില അസൗകര്യങ്ങള്‍ കാരണം നോ വീട്.''

അനുക്കുട്ടി വലഞ്ഞു.

അപ്പോഴാണ് മുമ്പ് കൂടെ പഠിച്ച ഒരു കൂട്ടുകാരിയെ കണ്ടത്. പൂജ. അവളുടെ ബന്ധുവിന്റെ ഒരു ഫ്ലാറ്റ് ഉണ്ട്. ബന്ധു അമേരിക്കയില്‍. ഷെയര്‍ ചെയ്ത് വാടകയ്ക്ക് താമസിക്കാം. കൂട്ടുകാരി ഐ.ടി. കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. അവള്‍ക്കും രാത്രി ഷിഫ്റ്റുകള്‍.

താമസം തുടങ്ങി.

ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ പരിചയപ്പെടാനെത്തി. സന്തോഷം. മിടുക്കികളായ പെണ്‍കുട്ടികള്‍. ഓഫീസും ജോലിയും ഫ്ലാറ്റ് ജീവിതവും സസന്തോഷം മുന്നോട്ട് പോകവെ പൂജയ്ക്ക് അവള്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടില്‍ ചില പ്രശ്‌നങ്ങള്‍. അവളുടെ അമേരിക്കന്‍ അധികാരികള്‍ അവിടിരുന്ന് ചന്ദ്രഹാസമിളക്കി. പകല്‍ വീട്ടിലിരുന്ന് പ്രോജക്റ്റ് ശരിയാക്കി രാത്രി ഇന്റര്‍നെറ്റ് വഴി അമേരിക്കയിലേക്ക് അയച്ചേ തീരൂ. ഒപ്പം ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കള്‍ (പുരുഷന്മാര്‍) സഹായിക്കാനായി ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി പേരും നാളും ജാതകവും എഴുതി വാങ്ങി. കൊടുത്തു, അതാണല്ലോ ഫ്ലാറ്റ് നിയമം.

കുറച്ച് കഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി വന്ന് ബെല്ലടിച്ചു. കാര്യം തിരക്കിയപ്പോള്‍ ''വെറുതെ'' എന്ന് മറുപടി.

ഒന്നാം നിലയിലെ ആന്റി പതിവില്ലാതെ സൗഹൃദസന്ദര്‍ശനത്തിന് വന്നു. കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്ന് പണിയെടുക്കുന്ന പൂജയെയും സുഹൃത്തുക്കളെയും ഒന്ന് നോക്കി മടങ്ങി. പിന്നീടുള്ള രണ്ട് മൂന്ന് ദിവസങ്ങളിലും പൂജയുടെ സുഹൃത്തുക്കള്‍ അവളെ സഹായിക്കാന്‍ വന്നു.

ഭൂകമ്പം.

ഫ്ലാറ്റ് കുലുങ്ങി.

ഫ്ലാറ്റിന്റെ സല്‍പ്പേര് തകരുന്നു,

സദാചാരം ഇടിഞ്ഞു വീഴുന്നു.

ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറി കാണാനെത്തി.

''ഈ പരിപാടി ഇവിടെ നടപ്പില്ല. വേറെ സ്ഥലം നോക്കണം.''

''എന്തു പരിപാടി?''

പൂജയും അനുക്കുട്ടിയും ചോദിച്ചു.

''ഇവിടെ ആണ്‍പിള്ളേര്‍ വരുന്നു.''

''അവര്‍ ആണ്‍പിള്ളേര്‍ അല്ല, എന്റെ സുഹൃത്തുക്കളാണ്.''

''ഇവിടെ പറ്റില്ല. ഇത് മാനം മര്യാദയായിട്ടുള്ളവര്‍ ജീവിക്കുന്ന സ്ഥലമാണ്.''

പൂജയ്ക്ക് കലി കയറി.

''ഞങ്ങളിവിടെ പ്രോജക്റ്റ് ചെയ്യുന്നത് മാനം മര്യാദയില്ലാത്തതാകുന്നത് എങ്ങനെ? നിങ്ങള്‍ അതിര് വിടുന്നു.''

''വേലി ചാട്ടക്കാരികളെ ഇവിടെ പറ്റില്ല.''

സെക്രട്ടറി അന്ത്യശാസനം നല്‍കി മടങ്ങി.

25 വയസ്സിന് താഴെ പ്രായമുള്ള പെണ്‍പിള്ളേര്‍. അവരത് വരെ പഠിച്ചത് മിക്‌സഡ് കോളേജുകളില്‍. ആണ്‍ പെണ്‍ വ്യത്യാസം സൗഹൃദങ്ങളില്‍ അറിയാത്തവര്‍. പുതിയ തലമുറയുടെ സ്വാതന്ത്ര്യബോധമുള്ളവര്‍. പുതിയ തൊഴിലുകള്‍ ചെയ്യുന്നവര്‍.
അനുക്കുട്ടി ഒരുപാട് നാളായി ഒരു സിനിമയുടെ കഥയുമായി നടക്കുന്നു. അത് തിരക്കഥയാക്കി, ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. അച്ഛന്‍ പണം കൊടുക്കാമെന്നേറ്റു. തിരക്കഥയെഴുതാനും, സംവിധാനത്തിന് സഹായിക്കാനും അവള്‍ ചില സുഹൃത്തുക്കളെ ഒപ്പം കൂട്ടി. കഷ്ടകാലത്തിന് അവരില്‍ ആണ്‍പിള്ളേരും ഉണ്ടായിരുന്നു. (സിനിമയുടെ ലോകം ഇപ്പോഴും പുരുഷന്റേതാണല്ലോ.)

വൈകിട്ട് പത്രമോഫീസില്‍ പോകും മുമ്പ് സിനിമയുടെ ജോലികള്‍ ചര്‍ച്ച ചെയ്യാന്‍ അനുക്കുട്ടിയുടെ സുഹൃത്തുക്കള്‍ എത്തി.

ഫ്ലാറ്റ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചു. എത്രയും വേഗം പെണ്‍പിള്ളേര്‍ ഫ്ലാറ്റ് മാറണം എന്ന് പ്രമേയം പാസ്സാക്കി.

സ്വന്തം ജോലി ചെയ്യാന്‍ തടസ്സമുണ്ടാക്കാതെ പൊയ്‌ക്കോളാന്‍ അനുക്കുട്ടിയും പൂജയും സെക്രട്ടറിയ്ക്ക് അന്ത്യശാസനം നല്‍കി. ഫ്ലാറ്റുടമ അമേരിക്കയില്‍ നിന്ന് സെക്രട്ടറിയെ വിളിച്ച് പറഞ്ഞു.

''എന്റെ ഫ്ലാറ്റിലെ താമസക്കാരുടെ കാര്യം ഞാന്‍ നോക്കിക്കോള്ളാം. നിങ്ങള്‍ ഇടപെടേണ്ട.''

ഫ്ലാറ്റ് സെക്രട്ടറി ഉണ്ടോ അടങ്ങുന്നു. ''സദാചാരം'' വിട്ടൊരു പരിപാടി അദ്ദേഹത്തിനില്ല. രഹസ്യമായി അയാള്‍ പെണ്‍പിള്ളേരോട് പറഞ്ഞു.

''ഞാനും ഇടയ്ക്ക് വന്നോട്ടെ? എങ്കില്‍ പ്രശ്‌നമുണ്ടാക്കാതെ താമസിപ്പിക്കാം.''

അച്ഛന്റെ പ്രായമുള്ള സെക്രട്ടറിയുടെ നിര്‍ദ്ദേശം കേട്ട് പെണ്‍പിള്ളേര്‍ ഞെട്ടി.

''അന്ന് മുതല്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വരുന്നവരെയും പോകുന്നവരെയും ചോദ്യം ചെയ്യാനും, അപമാനിക്കാനും തുടങ്ങി. സെക്യൂരിറ്റിയ്ക്ക് പ്രതേ്യക നിര്‍ദ്ദേശമാണ്, ഇവിടെ വരുന്നവരുടെ വിശദവിവരങ്ങള്‍ എഴുതി വാങ്ങണമെന്ന്. വരുന്നവരോട് മോശമായി പെരുമാറാന്‍ സെക്രട്ടറിയും പുള്ളിയുടെ ചില ഇഷ്ടക്കാരും ഉണ്ട്.''

''ഇങ്ങോട്ട് വരുമ്പോള്‍ ചോദ്യം ചെയ്യപ്പെട്ടതൊക്കെ അതുകാരണമാണ്. ഒന്നാം നിലയിലെ സ്ത്രീ - അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്, സെക്രട്ടറി അവിടെയിരുന്നാണ് ഞങ്ങളുടെ ഫ്ലാറ്റില്‍ ആണ്‍കുട്ടികള്‍ വരുന്നതിനെതിരെ പദ്ധതി മെനയുന്നത്. ഞങ്ങള്‍ പുറത്തു പോകുമ്പോള്‍, മടങ്ങി വരുമ്പോള്‍ ഒക്കെ ദുസ്സുചനയോടെയുള്ള നോട്ടങ്ങളും സംസാരങ്ങളും സഹിക്കണം.''

''എന്നിട്ട് നിങ്ങള്‍ എന്തേ മാറാത്തത്?''

''എവിടെ മാറാന്‍, കേരളത്തില്‍ എവിടെ താമസിച്ചാലും ഇതു തന്നെയാവും അനുഭവം. സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് ഒറ്റ ഭാവമേ ഉള്ളൂവെന്നല്ലേ നമ്മുടെ സമൂഹം വിചാരിക്കുന്നത്.''

''എന്നിട്ട് നിങ്ങളുടെ പുരുഷ സുഹൃത്തുക്കളെ നിങ്ങള്‍ ഇവിടെ വരുന്നതില്‍ നിന്നും വിലക്കിയോ?''

ഞാന്‍ ചോദിച്ചു.

''എന്തിന്. പ്രൊഫഷണലായും, ക്രിയാത്മകമായുമുള്ള ഇടപെടലുകള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ ഇവരാരാണ്? ഞങ്ങള്‍ക്ക് ഞങ്ങളുടെ കൂട്ടുകാരെ അറിയാം. പുതിയ കാലത്ത് പല മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നു ചെല്ലണമെങ്കില്‍ പുരുഷന്മാരുടെ ഒപ്പം പ്രവര്‍ത്തിക്കേണ്ടി വരും. ഇത്തരം 'ഉമ്മാക്കി'കള്‍ കണ്ട് പേടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ വാടക കൊടുക്കുന്ന വീട്ടില്‍ ആര് വരണം, വരണ്ട എന്ന് തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ? മാനസികമായി ഇവിടെ താമസിക്കുന്നത് പീഡനപരമാണ്. പക്ഷെ, മറ്റെന്താണ് പോംവഴി?''

മുമ്പൊരിക്കല്‍ നഗരത്തിലെ പ്രശസ്തമായ ഫ്ലാറ്റില്‍ താമസിക്കുമ്പോള്‍ എന്നെക്കാണാന്‍ ധാരാളം സ്ത്രീകള്‍ വരുന്നുവെന്ന് പറഞ്ഞ് ഫ്ലാറ്റിലെ സെക്യൂരിറ്റി മാനേജര്‍ പ്രശ്‌നമുണ്ടാക്കിയത് ഓര്‍മ്മ വന്നു.

''പോലീസ് എന്നും റിപ്പോര്‍ട്ട് ചോദിക്കുന്നുണ്ട്. സ്ത്രീകള്‍ ഒരുപാട് വരുന്നു പോകുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്താല്‍ മാഡത്തിന് ബുദ്ധിമുട്ടാവും. അതു കൊണ്ട് സന്ദര്‍ശകരെ നിയന്ത്രിക്കണം.''

ഞാനന്ന് പൊട്ടിച്ചിരിച്ചു പോയി. കേരളത്തിലെ പ്രമുഖ സ്ത്രീവാദികളും, പത്രപ്രവര്‍ത്തകകളും, എഴുത്തുകാരികളുമൊക്കെയടങ്ങുന്ന എന്റെ സന്ദര്‍ശകകളോട് ഇക്കാര്യം പറഞ്ഞ് പലവട്ടം ചിരിക്കുകയും ചെയ്തു.

പക്ഷെ, അതുപോലെ ലളിതമല്ല അനുക്കുട്ടിയുടെ ഫ്ലാറ്റിലെ ജീവിതം.

ഷഹീദ് ബാവ, തെസ്‌നിഖാന്‍ - പിന്നെ അറിഞ്ഞും അറിയാതെയും അപമാനിതരാകുന്ന നിരവധി സ്ത്രീ പുരുഷന്മാര്‍ - കേരളം വളരുകയാണ്.

നാളെ ഫ്ലാറ്റ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഒരു പരാതി എഴുതി കൊടുത്ത് അനുക്കുട്ടിയെയും കൂട്ടുകാരികളെയും പോലീസിനെ കൊണ്ട് പിടിപ്പിച്ചാല്‍?

ഞാന്‍ അഭിഭാഷക സുഹൃത്തിനെ വിളിച്ചു.

''നിയമപ്രകാരം കുറ്റകരമായതൊന്നും അല്ല അവര്‍ ചെയ്യുന്നത്. ആകെയുള്ള ഒരു നിയമം ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് 1956 (Immoral Traffic Prevention Act 1956) ആണ്. ഒരു സ്ത്രീ പണത്തിനു വേണ്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ 4-ാം വകുപ്പില്‍ വേശ്യാവൃത്തി (Prostitution) എന്ന് നിര്‍വ്വചിച്ചിട്ടുണ്ട്. കുട്ടികളെ ബുദ്ധിമുട്ടിലാക്കാന്‍ വേണമെങ്കില്‍ ഈ നിയമം എടുത്തു കൊണ്ടു വരാം. പക്ഷേ, നിലനില്‍ക്കില്ല. തെളിയിക്കാന്‍ പറ്റില്ല.''

അഭിഭാഷക സുഹൃത്ത് ഒന്നു കൂടി പറഞ്ഞു.

''ഇന്ന് സദാചാരത്തിന്റെ പേരില്‍ ഇവിടെ നടക്കുന്ന കേസ്സുകളൊക്കെ നിയമസാധുത ഇല്ലാത്തതാണ്. ഒക്കെ കോടതിയില്‍ തള്ളിപ്പോകുകയാണ് പതിവ്. സദാചാര പോലീസുകാര്‍ നടത്തുന്ന ഗുണ്ടായിസം - അത് മാത്രമാണ് ഇതൊക്കെ.''

എന്നിട്ടും എനിക്ക് പേടിയായി. അനുക്കുട്ടിയുടെയും കൂട്ടുകാരികളുടെയും ഭാവിയില്‍ കരിനിഴല്‍ വീഴ്ത്താന്‍ ഫ്ലാറ്റ് സെക്രട്ടറി തുനിഞ്ഞിറങ്ങുമോ എന്ന് ദുസ്വപ്നങ്ങള്‍! ഭീതി പങ്കുവച്ചപ്പോള്‍ ഒരു ചങ്ങാതി തുറന്നു പറഞ്ഞു.

''സദാചാരത്തെക്കുറിച്ചോ മൂല്യത്തകര്‍ച്ചയെക്കുറിച്ചോ ഒന്നുമുള്ള വേവലാതിയല്ലിത്, വെറും അസൂയ, കുശുമ്പ് - എനിക്ക് കിട്ടാത്തത് മറ്റൊരുത്തന്‍ അനുഭവിക്കുന്നോ എന്ന ആധി.''

സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍, നടന്നാല്‍, യാത്ര ചെയ്താല്‍ അപകടമാണെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന് കണ്ടെത്താന്‍ ഭരണഘടന എന്താണ് പറയുന്നത് എന്ന് നോക്കാമെന്ന് തോന്നി.

വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയുടെ അനുച്ഛേദം 21 (Artcile 21) വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമല്ലാതെ ഒരു വ്യക്തിയുടെയും വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കാനോ ഹനിക്കാനോ പാടുള്ളതല്ല എന്നാണ്.

സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മനുഷ്യ സ്വാതന്ത്ര്യം, മാനുഷികാവകാശങ്ങള്‍ ശരീരാധിഷ്ഠിതമായ കാഴ്ച്ചപാടുകളില്‍പ്പെട്ട് ഈ വാക്കുകള്‍ക്കൊക്കെ അര്‍ത്ഥവ്യത്യാസം വന്നു ഭവിച്ചുകൊണ്ടിരിക്കുകയാണിന്ന്. പെണ്ണും ആണും ഒന്നിച്ചിരുന്നാല്‍ പോകുന്ന സദാചാരം - ദൂരദര്‍ശിനികള്‍, ക്യാമറക്കണ്ണുകള്‍ സൂം ലെന്‍സുകളോടെ നോക്കിക്കൊണ്ടേയിരിക്കുകയാണ്, മുന്നോട്ട് പോകുന്ന കാലത്തിന്റെ കാഴ്ച അവയില്‍ പ്രതിഫലിക്കുന്നില്ല, പിന്നോട്ട്, ഏറെ പിന്നോട്ട് പോകുകയാണ് കാഴ്ചകള്‍.

binakanair@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക