Image

ലണ്ടനില്‍ ഡോക്ടര്‍മാരുടെ സമരം ജൂണ്‍ 21 മുതല്‍: ആരോഗ്യമേഖല ആശങ്കയില്‍

Published on 18 June, 2012
ലണ്ടനില്‍ ഡോക്ടര്‍മാരുടെ സമരം ജൂണ്‍ 21 മുതല്‍: ആരോഗ്യമേഖല ആശങ്കയില്‍
ലണ്‌ടന്‍: നാല്‍പ്പതുവര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടനില്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. ജൂണ്‍ 21 മുതലാണ്‌ ബ്രട്ടീഷ്‌ മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അംഗങ്ങള്‍ സമരം നടത്തുന്നത്‌. 1.25 മില്യന്‍ ജിപിമാരുടെ സേവനം ആ ദിവസം നഷ്ടമാകും. ആഴ്‌ചകളോളം ഇതുമൂലം രോഗികള്‍ ബുദ്ധിമുട്ട്‌ അനുഭവിക്കേണ്‌ടിവരുമെന്നാണ്‌ ആശങ്ക.

അത്യാഹിത വിഭാഗമൊഴികെ മറ്റൊരു കേസിലും രോഗികളെ പരിഗണിക്കേണ്‌ടതില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ സംഘടനയുടെ നിര്‍ദേശം. 104,000 അംഗങ്ങളാണ്‌ ബിഎംഎയിലുള്ളത്‌.

രോഗികളുടെ സുരക്ഷിതത്വത്തിന്‌ ഭീഷണിയാവുന്ന തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള സമരമല്ല ലക്ഷ്യമെന്ന്‌ സംഘടന നേരത്തെ മാധ്യമങ്ങള്‍ക്കു നല്‍കിയ തുറന്ന കത്തില്‍ പറഞ്ഞിരുന്നു. എല്ലാ ഡോക്ടര്‍മാരും സമരദിനത്തില്‍ പതിവു പോലെ ജോലിസ്ഥലത്ത്‌ ഹാജരാവും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഇടപെടുകയുള്ളൂ. അടിയന്തരമായി ഡോക്ടറുടെ പരിചരണം ആവശ്യമില്ലാതെ മുഴുവന്‍ കേസുകളും മാറ്റിവയ്‌ക്കുന്നത്‌ തത്വത്തില്‍ വിട്ടുനില്‍ക്കുന്നതിന്റെ പ്രതീതി ഉണ്‌ടാക്കുമെന്നാണ്‌ കരുതുന്നത്‌.

ഡോക്ടര്‍മാര്‍ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന സമരം, സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്‌ടുവരുകയാണ്‌ ലക്ഷ്യമെന്നും അതുകൊണ്‌ട്‌ രോഗികളുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുന്ന ഒരു പ്രവര്‍ത്തനവും സമരത്തിന്റെ പേരില്‍ ഉണ്‌ടാവില്ലെന്നും ബി.എം.എ നേതാക്കള്‍ ഉറപ്പ്‌ പറയുന്നു.

സമരത്തിന്‌ പിന്തുണ തേടി സംഘടനയ്‌ക്കുള്ളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും അനുകൂലമായി വോട്ട്‌ ചെയ്‌തിരുന്നു. 79 ശതമാനം ജി.പി, 84 ശതമാനം ഹോസ്‌പിറ്റല്‍ കണ്‍സള്‍ട്ടന്റുമാര്‍, 92 ജൂണിയര്‍ ഡോക്ടര്‍മാര്‍ എന്നിങ്ങനെയാണ്‌ സമരത്തെ പിന്തുണച്ച്‌ ഓരോ വിഭാഗത്തില്‍ നിന്നും ലഭിച്ച വോട്ടുകള്‍. 1975 ലാണ്‌ ഇതിനു മുന്‍പ്‌ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമായി ബ്രിട്ടനില്‍ നടന്നത്‌ പുതുക്കിയ പെന്‍ഷന്‍ പദ്ധതികള്‍ അനുസരിച്ച്‌ പെന്‍ഷന്‍ പ്രായം 65ല്‍ നിന്നും 68ലേയ്‌ക്ക്‌ ഉയരും. 2015 മുതലാണ്‌ ഇത്‌ നടപ്പിലാകുന്നത്‌. കൂടാതെ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശമ്പളത്തില്‍ നിന്നും നല്‍കുന്നതിന്റെ സംഖ്യയും കൂട്ടിയിട്ടുണ്‌ട്‌. ഇതാണ്‌ ഡോക്ടര്‍മാരെ സമരത്തിന്‌ പ്രേരിപ്പിച്ചിരിക്കുന്നത്‌.

എന്നാല്‍ സമരത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ ഭാഷ്യം സീനിയോരിറ്റി കുറഞ്ഞ ഡോക്ടര്‍ റിട്ടയര്‍ ചെയ്യുമ്പോഴും പുതിയ പദ്ധതി അനുസരിച്ച്‌ പ്രതിവര്‍ഷം 68,000 പൗണ്‌ട്‌ പെന്‍ഷനായി ലഭിക്കുമെന്നാണ്‌. ഒന്നാം ഘട്ട സമരത്തിന്‌ ശേഷം സര്‍ക്കാരുമായി ധാരണയായില്ലെങ്കില്‍ വീണ്‌ടും സമരം നടക്കുന്നതിനുള്ള സാധ്യതയുണ്‌ട്‌. ബ്രിട്ടന്റെ ആരോഗ്യരംഗത്തെ പിടിച്ചുലയ്‌ക്കുകയായിരിക്കും സമരത്തിലൂടെ ഡോക്ടര്‍മാര്‍ ലക്ഷ്യമിടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക