Image

സനില്‍ ഗോപിനാഥിന്റെ മൂന്നാം ജന്മം

Published on 16 June, 2012
സനില്‍ ഗോപിനാഥിന്റെ മൂന്നാം ജന്മം
സനില്‍ ഗോപിനാഥിനെ കാണുമ്പോള്‍ പലരും പറയും `രണ്ടാം ജന്മമാണല്ലോ?' സനില്‍ തിരുത്തും `രണ്ടാം ജന്മമല്ല, മൂന്നാമത്തെ ജന്മം.'

മൂന്നാം ജന്മത്തിലെ ചരിത്രത്തിനു മുന്നുവര്‍ഷത്തിനു പിന്നിലേക്ക്‌. സനില്‍ പറത്തിയ ക്വസ്റ്റ്‌ ഡയഗ്‌നോസ്റ്റിക്‌സിന്റെ ചരക്കു വിമാനം ന്യൂജേഴ്‌സിയില്‍ ടീറ്റര്‍ബറോ എയര്‍പോര്‍ട്ടിനടുത്ത്‌ തകര്‍ന്നുവീണു. കൂടെയുണ്ടായിരുന്ന സീനിയര്‍ പൈലറ്റ്‌ മരിച്ചു. കടുത്ത പൊള്ളലേറ്റ പരിക്കുകളുമായി സനില്‍ മാസങ്ങള്‍ ആശുപത്രിയില്‍. ആദ്യ ദിനങ്ങളില്‍ രക്ഷപെടുമെന്ന പ്രതീക്ഷതന്നെയില്ലായിരുന്നു. ആശുപത്രി വിട്ടപ്പോള്‍ പിന്നെയും പ്രത്യേക  ചികിത്സകളുമായി പിന്നെയും മാസങ്ങള്‍.

രണ്ടാം ജന്മത്തിലെ കഥ അതിനുമൊരു രണ്ടു പതിറ്റാണ്ടോളം പിന്നിലേക്ക്‌. സനില്‍ ഓടിച്ച കാര്‍ സ്‌കിഡ്‌ ചെയ്‌ത വലിയ ദുരന്തം. ആ കാര്‍ അപകടത്തിന്റെ കഥ എല്ലാ മലയാളികള്‍ക്കുമറിയാം. അന്ന്‌ അപകടത്തില്‍ മരിച്ചത്‌ കൂടെയുണ്ടായിരുന്ന ജ്യേഷ്‌ഠന്‍ സുരേഷ്‌ ഗോപിയുടെ മൂത്ത പുത്രിയാണ്‌. സനിലിനും സുരേഷ്‌ ഗോപിയുടെ ഭാര്യയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. മാസങ്ങളോളം ആശുപത്രിയില്‍. ആശുപത്രി വിട്ടപ്പോഴേക്കും ഇനിയും യാത്രക്കാരെ കയറ്റിപ്പോകുന്ന വിമാനം പറത്താന്‍ പറ്റില്ലെന്ന തിരിച്ചറിവ്‌.

1992-ല്‍ ആയിരുന്നു അത്‌. എയര്‍ ഇന്ത്യയില്‍ ജോലിക്കു കയറാന്‍ ഏഴുദിവസം മാത്രമുള്ളപ്പോഴായിരുന്നു അത്‌. മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ അപകടത്തില്‍പ്പെട്ടിട്ട്‌ പത്തുദിവസമേ ആയിരുന്നുള്ളൂ. കനത്ത മഴക്കാലം. പക്ഷെ വില്ലനായത്‌ റോഡാണ്‌. പരീക്ഷണാടിസ്ഥാനില്‍ റോഡിന്റെ പകുതി ഭാഗം റബറൈസ്‌ഡ്‌ ആക്കിയിരുന്നു. ഒരു ഭാഗത്തെ ചക്രങ്ങള്‍ റബറൈഡ്‌സ്‌ റോഡിലും മറുഭാഗത്തേത്‌ സാധാരണ റോഡിലും. ഇറങ്ങിവന്ന ബൈക്ക്‌ കാരനെ കണ്ട്‌ കാര്‍ വെട്ടിച്ചതാണ്‌. കാര്‍ വട്ടംകറങ്ങി തെറിച്ചു.

റോഡ്‌ മു
ഴുവന്‍ റബറൈസ്‌ഡ്‌ ആയിരുന്നെങ്കില്‍ ഈ അപകടം വരില്ലായിരുന്നുവെന്ന്‌ സനില്‍ വിലയിരുത്തുന്നു. ഘര്‍ഷണം രണ്ടു രീതിയില്‍ വന്നപ്പോള്‍ ചക്രങ്ങള്‍ക്ക്‌ ചുവടുതെറ്റി. ഇവിടെയെങ്ങാനുമായിരുന്നെങ്കില്‍ സര്‍ക്കാര്‍ കോടികള്‍ നഷ്‌ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.

അകാലത്തില്‍ പൊലിഞ്ഞ പുത്രിയെപ്പറ്റിയുള്ള ദു:ഖം സുരേഷ്‌ ഗോപി പലപ്പോഴും പറയാറുണ്ട്‌. 17 വയസാകേണ്ട സമയമായപ്പോള്‍ പുത്രിയെപ്പറ്റി സുരേഷ്‌ ഗോപി എഴുതി.

കൊല്ലത്ത്‌ ബിസിനസുകാരനായിരുന്നു പിതാവ്‌. നാലു മക്കള്‍. മൂത്തത്‌ സുരേഷ്‌ ഗോപി. രണ്ടാമന്‍ സുബാഷ്‌ ഗോപി (കൊല്ലത്ത്‌ ബിസിനസ്‌), പിന്നെ ഇരട്ടകള്‍ സനിലും, സുനില്‍ ഗോപിയും (കുവൈറ്റ്‌).

ചെറുപ്പം മുതലുള്ള ആഗ്രഹമാണ്‌ പൈലറ്റാകുക എന്നത്‌. 1990-ല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ സിയറാ അക്കാഡമി ഓഫ്‌ എയ്‌റോനോട്ടിക്‌സില്‍ ചേര്‍ന്നു. എയര്‍ ഇന്ത്യയുടെ അംഗീകാരമുള്ള മൂന്നു സ്‌കൂളുകളിലൊന്നായിരുന്നു അത്‌. 18 മാസത്തിനുശേഷം പഠനം പൂര്‍ത്തിയാക്കി തുടര്‍ന്ന്‌ ഓസ്‌ട്രേലിയയില്‍ ജോലി. പക്ഷെ അത്‌ നീണ്ടുനിന്നില്ല.

തുടര്‍ന്ന്‌ നാട്ടില്‍. കാര്‍ ആക്‌സിഡന്റ്‌ കഴിഞ്ഞ്‌ വീണ്ടും ഫ്‌ളൈയിംഗ്‌ യോഗ്യത നേടി. ഈസ്റ്റ്‌-വെസ്റ്റ്‌ എയര്‍ലൈന്‍സ്‌ നടത്തിയ സ്വകാര്യ എയര്‍ലൈനുകളില്‍ പ്രവര്‍ത്തിച്ചു. 1995-ല്‍ അമേരിക്കയില്‍. ലാസ്‌വേഗാസില്‍ ഏതാനും പേരുമൊത്ത്‌ ഒരു ബിസിനസ്‌ സംരംഭം തുടങ്ങി. 1997-ല്‍ വിവാഹിതനായി. ഭാര്യ ശോഭ മേരിലാന്റില്‍ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആയതിനാല്‍ 2002-ല്‍ മേരിലാന്റിലേക്ക്‌ താമസം മാറി. തുടര്‍ന്ന്‌ നോര്‍ത്ത്‌ വെസ്റ്റ്‌ എയര്‍ലൈന്‍സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായി. 2008-ല്‍ ആണ്‌ ക്വസ്റ്റ്‌ ഡയഗ്‌നോസ്റ്റിക്‌സില്‍ പൈലറ്റായത്‌.

വിമാനാപകടത്തിനു കാരണം എന്‍ജിന്‍ തകരാറും കാര്‍ഗോ ചോര്‍ച്ചയുമാണെന്ന്‌ സനില്‍ കരുതുന്നു. ഇതോടനുബന്ധിച്ച്‌ എട്ടു കേസില്‍ 5 എണ്ണം തീര്‍ന്നു.

ഫൊക്കാനയുടെ പിളര്‍പ്പിലേക്ക്‌ നയിച്ച കേസിന്റെ കാലം മുതല്‍ ഫൊക്കാനയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു. അന്ന്‌ കോടതിയില്‍ ആളു കൂട്ടാന്‍ ഫൊക്കാനക്കാര്‍ വിളിക്കും. മൂന്നുവര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി അംഗം.

തനിക്ക്‌ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമില്ലെന്ന്‌ പറയുന്നതില്‍ ഒരു വൈമനസ്യവുമില്ലെന്ന്‌ സനില്‍. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്‌ വാഷിംഗ്‌ടണ്‍ മേഖലയിലെ സംഘടനകളാണ്‌. അവര്‍ പറഞ്ഞാലല്ലാതെ തനിക്ക്‌ പിന്മാറാനാവില്ല.

രണ്ടു പതിറ്റാണ്ടിലേറെയായി ഫൊക്കനാ സമ്മേളനം വാഷിംഗ്‌ടണില്‍ നടന്നിട്ട്‌. നാലു വര്‍ഷമായി കണ്‍വെന്‍ഷന്‍ തരാമെന്ന്‌ പറഞ്ഞ്‌ ആശിപ്പിക്കുന്നു. ഇത്തവണ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന ഷഹി പ്രഭാകരന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയപ്പോള്‍ ഏകപക്ഷീയമായ കണ്‍വെന്‍ഷന്‍ സ്ഥലം മാറ്റാന്‍ നോക്കുകയാണ്‌. ഒരാള്‍ മാറി എന്ന മുടന്തന്‍ ന്യായമാണിതിന്‌ പറയുന്നത്‌.

ചിലരുടെ പിടിവാശിയാണ്‌ ഇതിനു പിന്നില്‍ കാണുന്നത്‌. നേതാക്കള്‍ക്ക്‌ ദീര്‍ഘകാല പരിചയം വേണമെന്ന്‌ പറയുന്നവര്‍ ചരിത്രം പരിശോധിക്കുന്നത്‌ നന്നായിരിക്കും.

താന്‍ തികച്ചും തുറന്ന മനസ്ഥിതിക്കാരനാണ്‌. കാര്യങ്ങള്‍ തുറന്നു പറയും. സുരേഷ്‌ ഗോപിയുടെ അനുജനായതുകൊണ്ട്‌ തന്നെ തനിക്ക്‌ പല കാര്യങ്ങള്‍ സംഘടനയ്‌ക്കുവേണ്ടി ചെയ്യാനാകും.

എന്തായാലും വീറും വാശിയും ഉണ്ടാകുന്നത്‌ സംഘടനയ്‌ക്ക്‌ നന്നല്ല. നേതൃത്വമേറ്റാല്‍ ഒട്ടേറെ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്‌. ആ ആശയങ്ങളൊക്കെ ഇപ്പോള്‍ പരസ്യമാക്കാനാഗ്രഹമില്ല. യുവജനത ഏറെയുള്ള മേഖലയാണ്‌ വാഷിംഗ്‌ടണ്‍. അവരെയൊക്കെ ഫൊക്കാനയിലണിനിരത്താന്‍ തനിക്കാകും.

പെരുമണ്‍ ദുരന്തകാലത്ത്‌ വിദ്യാര്‍ത്ഥിയായിരുന്ന സനില്‍ ഹാം റേഡിയോയുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന്‌ കൊല്ലത്ത്‌ കൊണ്ടുനടക്കാവുന്ന ഹാം റേഡിയോ സെറ്റ്‌ കയ്യിലുള്ള നാലു പേരില്‍ ഒരാള്‍ സനില്‍ ആയിരുന്നു. അപകടമുണ്ടായ ഉടന്‍ റേഡിയോയുമായി സ്ഥലത്തെത്തി. മരിച്ചവരുടേയും പരിക്കേറ്റവരുടേയുമെല്ലാം ബന്ധുക്കളെ വിവരം അറിയിക്കാന്‍ ഹാം റേഡിയോ പോലീസും മറ്റും അന്ന്‌ ഉപയോഗപ്പെടുത്തി. മൂന്നുനാലു ദിവസം ഊണും ഉറക്കവും ഉപേക്ഷിച്ച്‌ അതിനു പിന്നാലെയായിരുന്നു.

സനില്‍-ശോഭ ദമ്പതികള്‍ക്ക്‌ രണ്ട്‌ മക്കള്‍. സിത്താര്‍, ഗോപിക.

(കടപ്പാട്‌: മലയാളം പത്രം)
സനില്‍ ഗോപിനാഥിന്റെ മൂന്നാം ജന്മം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക