Image

ഡബ്ലിനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ സമാപിച്ചു

രാജു കുന്നക്കാട്ട്‌ Published on 19 June, 2012
ഡബ്ലിനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ സമാപിച്ചു
ഡബ്ലിന്‍: ഡബ്ലിനില്‍ ജൂണ്‍ 10 മുതല്‍ നടന്നുവന്ന 50-ാമത്‌ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനം പ്രൗഢഗംഭീരമായി നടന്നു. ഇരുന്നൂറോളം രാജ്യങ്ങളില്‍നിന്നുമായി ഒന്നരലക്ഷം വിശ്വാസികള്‍ ജൂണ്‍ 17ന്‌ (ഞായര്‍) ഡബ്ലിനിലെ ക്രോക്ക്‌ പാര്‍ക്ക്‌ സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

മാര്‍പാപ്പയുടെ പ്രതിനിധി ക്യൂബെക്ക്‌ (കാനഡ) കര്‍ദിനാള്‍ മാര്‍ക്ക്‌ ഔലത്ത്‌, ഡബ്ലിന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡെര്‍മിറ്റ്‌ മാര്‍ട്ടിന്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

പ്രശസ്‌ത ക്രിസ്‌തീയ ഗാന സംവിധായകന്‍ ഫാ. ലിയാം ലോട്ടന്റെ നേതൃത്വത്തില്‍ കുര്‍ബാന മധ്യേ ഗാനങ്ങളാലപിച്ചു. കുര്‍ബാനയിലെ ആദ്യവായന എസക്കിയേലിന്റെ പുസ്‌തകത്തില്‍ നിന്നുള്ള ലേഖന ഭാഗം പൗലോസ്‌ ശ്ലീഹാ കൊറീന്തോസിലെ സഭയ്‌ക്ക്‌ എഴുതിയതുമായിരുന്നു.

മാര്‍ക്കോസിന്റെ സുവിസേഷം നാലാം അധ്യായത്തിലെ കടുകുമണിയുടെ ഉപമയായിരുന്നു സുവിശേഷ ഭാഗം.

മാര്‍പാപ്പയുടെ എട്ടര മിനിട്ടുള്ള ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ സന്ദേശം കുര്‍ബാന മധ്യേ വീഡിയോ ലിങ്ക്‌ വഴി വായിച്ചു. ഡോ. ഡെര്‍മിറ്റ്‌ മാര്‍ട്ടിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സമാപനാശിര്‍വാദത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

സീറോ മലാബാര്‍ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, ഫാ. ജോസ്‌ ചെറിയമ്പനാട്‌, ഫാ. ജോസ്‌ പാലക്കീല്‍, ഫാ. മാത്യു അരയ്‌ക്കപ്പറമ്പില്‍, ഫാ. മനോജ്‌ പൊന്‍കാട്ടില്‍, ഫാ. ആന്റണി നല്ലൂക്കുന്നേല്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി വൈദികരും നൂറുകണക്കിന്‌ മലയാളികളും ചടങ്ങില്‍ പങ്കെടുത്തു.

160 ശില്‍പ്പശാലകളും 225 മുഖ്യപ്രഭാഷണങ്ങളും ഒരാഴ്‌ച നീണ്‌ട ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സവിശേഷതകളായിരുന്നു.
ഡബ്ലിനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക