Image

സിപിഎമ്മില്‍ അഴിച്ചുപണി അനിവാര്യം

കൈരളി ന്യൂയോര്‍ക്ക്‌ Published on 18 June, 2012
സിപിഎമ്മില്‍ അഴിച്ചുപണി അനിവാര്യം
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ കൊലപാതകങ്ങളൊന്നും അവര്‍ക്കു പുത്തരിയല്ല. കാരണം ഇഷ്‌ടമില്ലാത്തവരെ ഇല്ലായ്‌മ ചെയ്‌താല്‍ കിട്ടാനുള്ളത്‌ പുതിയൊരു ലോകം എന്നാണ്‌ അവരെ പഠിപ്പിച്ചിരിക്കുന്നത്‌. ആ പുതിയ ലോകം വെട്ടിപ്പിടിക്കാന്‍ അഷ്‌ടിക്കു വകയില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ എല്ലാവിധ വാഗ്‌ദാനങ്ങളും നല്‍കി അവരെ വഴിയിലേക്ക്‌ ഇറക്കിവിടുന്നു. മദ്യാസ്‌തിയില്‍ പട്ടാപകല്‍ എല്ലാവരും കാണ്‍കെ അവരോട്‌ അവരുടെ നേതാക്കന്മാര്‍ ആവശ്യപ്പെട്ട അരുംകൊല നിര്‍വ്വഹിക്കുന്നു. . ഇതില്‍ കുറ്റക്കാരാരാണ്‌ , അഷ്‌ടക്കു വകയില്ലാത്ത ചെറുപ്പക്കാരോ, അതോ പാര്‍ട്ടിയുടെ ഉത്തുംഗ ശ്രേണികളില്‍ വിരാചിക്കുന്നവരോ?

മറ്റൊന്ന്‌- ഇന്നത്തെ സിപിഎമ്മില്‍ ഒരു നമ്പൂതിരിപ്പാടിനെയൊ, എ.കെ. ഗോപാലനെയൊ കാണാന്‍ സാധിക്കില്ല. മറിച്ച്‌ എകെജി സെന്ററിന്റെ മുമ്പിലെ ബഞ്ചില്‍ കിടന്നുറങ്ങി എന്നതു മാത്രമാണ്‌ കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ്‌ നേതാക്കളുടെ യോഗ്യത!! ഇവരില്‍ പലര്‍ക്കും മാര്‍ക്‌സ്‌ എന്തു പറഞ്ഞെന്നോ പ്രത്യയശാസ്‌ത്രത്തിന്റെ അര്‍ത്ഥമെന്തെന്നോ യാതൊരു വിവരവുമില്ല . അതേസമയം ലെനിനും മാവോയും തങ്ങോളോടു യോജിക്കാത്തവരെ എല്ലാം ഉന്മൂലനാശം വരുത്തി. അതു മാത്രമാണ്‌ കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ്‌ എന്നു വിളിക്കപ്പെടുന്ന റൗഡികള്‍ പ്രാവര്‍ത്തികമാക്കുന്നത്‌ .
ഒരിക്കല്‍ ഈ ലേഖകന്‍ കോട്ടയം പബ്ലിക്ക്‌ ലൈബ്രറിയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ സഖാക്കളുടെ ഒരു ജാഥ വരുന്നു. അതില്‍ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന്‌ ഷിക്കാഗോയിലെ തെരുവുകളില്‍ ചിന്തിയ രക്തം .. അങ്ങനെ തുടങ്ങുന്ന ഒരു വരിയാണ്‌. അങ്ങനെ പോകുമ്പോള്‍ ഒരു സഖാവ്‌ ഒരു സോഡ കുടിക്കാന്‍ മാടക്കടയിലേക്ക്‌ വന്നു . അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളെന്തേ ഷിക്കാഗോയിലെ കാര്യം പറഞ്ഞ്‌ മുദ്രാക്യംവിളിക്കുന്നത്‌? സഖാവ്‌ പറഞ്ഞു : പോ ചേട്ടാ ഞങ്ങള്‍ക്കതൊന്നും വിഷയമല്ല - 25 രൂപയും ബിരിയാണിയും കള്ളും തന്നാല്‍ ഞങ്ങള്‍ എന്തും വിളിക്കും - തീര്‍ന്നില്ലേ !!

വി.എസ്‌ അച്ചുതാനന്ദനെ നോക്കുക. അദ്ദേഹത്തിനു വെട്ടി നിരത്തണമെന്നല്ലാതെ വേറെന്തെങ്കിലും അറിയുമോ? പിണറായി ബ്രണ്ണന്‍ കോളജില്‍ പോയെങ്കിലും സമരവുമായി കോളജില്‍ കയറിയ സമയം വളരെ കുറവെന്നാണ്‌ അറിയാന്‍ കഴിഞ്ഞിരിക്കുന്നത്‌. പിന്നെ ആരാ ജയരാജന്മാരോ, കോടി യേരിയോ - ഇവരെല്ലാം കണ്ടാല്‍ മനുഷ്യരെപ്പോലിരിക്കും എന്നല്ലാതെ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റിയുള്ള ഒന്നിനെയും അതില്‍ കാണാന്‍ സാധിക്കില്ല. അതേസമയം കുഞ്ഞനന്ദനെപ്പോലുള്ള കുറെ നല്ല നേതാക്കള്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. അവരെയെല്ലാം ആനന്ദനും പിണറായിയും കൂടി വെട്ടി നിരത്തി വീട്ടിലിരുത്തി.

ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട വിഷയം ആരുടെ കുഴപ്പം കൊണ്ടാണ്‌ കേരളത്തിന്‌ ഈ ശോചനീയാവസ്ഥ കൈവന്നത്‌?. തീര്‍ച്ചയായും കേരളത്തിലെ ജനങ്ങള്‍ തന്നെ അതിനു ഉത്തരവാദി . രണ്ടാമത്‌ അവിടത്തെ കോടതിയും പോലീസ്‌ ഡിപ്പാര്‍ട്ട്‌മന്റും. ഈ മൂന്നു കൂട്ടരാണ്‌ കേരളത്തെ ഇന്നത്തെ നിലയിലേ,ക്ക്‌ തരം താഴ്‌ത്തിയിരിക്കുന്നത്‌.

എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉള്ള രാജ്യത്ത്‌ ഏതവനും സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെന്നിരിക്കും.അവനെ തിരിച്ചറിഞ്ഞ്‌ തോല്‍പിക്കുക എന്നത്‌ ജനങ്ങളുടെ ചുമതലയാണ്‌. കമ്യൂണിസ്റ്റാകട്ടെ കോണ്‍ഗ്രസാകട്ടെ മുസ്ലീം ലീഗ്‌ ആകട്ടെ - ജനസേവനം ആരില്‍ കൂടുതലുണ്ടോ അയാളെ ജയിപ്പിക്കാന്‍ ജനം തയ്യാറാകണം. പകരം പിണറായിയെപ്പോലെയും, അച്ചുമ്മാമ്മനെപ്പോലെയും, ജയരാജന്മാരെപ്പോലെയും കോടിയേരിയെപ്പോലെയുള്ളവരെയും ജയിപ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ ഫലം മറിച്ചാകുകയില്ല .

രണ്ടാമത്‌ അവിടുത്തെ പോലീസ്‌ ഡിപ്പാര്‍ട്ട്‌മന്റും, കോടതിയും നിഷ്‌ക്രിയരാണ്‌. കാരണം യോഗ്യത ഇല്ലാതെ കടന്നുകൂടിയ ജനപ്രതിനിധികളുടെ സമ്മര്‍ദ്ദത്താല്‍ ഇവര്‍ വെറും നോക്കുകുത്തികളായി മാറുന്നു പക്ഷേ ജനം വിചാരിച്ചരുന്നെങ്കില്‍ പോളിംഗ്‌ ബൂത്തില്‍ തന്നെ ഇതിനു തടയിടാമായിരുന്നു. ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക്‌ ലീഡര്‍ഷിപ്പ്‌ ക്വാളിറ്റിയുള്ളവര്‍ മുന്‍ നിരയിലുണ്ടാകണം . അവരുടെ ഗൈഡന്‍സ്‌ അനുസരിച്ച്‌ വേണം ഭരണം മുമ്പോട്ടു നീങ്ങാന്‍. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ഇല്ലായിരുന്നെങ്കില്‍ ആഫ്രിക്കന്‍സ്‌ ഇന്നും തടവുകാരെ പോലെ ജീവിച്ചേനെ. ഏബ്രഹാം ലിംങ്കന്‍ വന്നില്ലായിരുന്നെങ്കില്‍ അമേരിക്ക ഇന്നും വര്‍ണ്ണ വര്‍ഗ്ഗ വിദ്വേഷ ചൂളയില്‍ തിളച്ചു പഴുത്തേനെ. നഹ്‌റു, വല്ലഭായി പട്ടേല്‍ തുടങ്ങിയവര്‍ ഇന്‍ഡ്യന്‍ രാഷ്‌ട്രീയത്തില്‍ എത്തിയില്ലായി രുന്നെങ്കില്‍ ആ രാജ്യം വെറും ബനാന റിപ്പബ്ലിക്ക്‌ ആയി മാറിയേനെ. എന്തൊക്കെ പറഞ്ഞാലും അത്രയും വലിയ ഒരു ജനബാഹുല്യത്തെയും ചുമന്ന്‌ ഒച്ച്‌ വേഗത്തിലാണെങ്കിലും അന്താരാഷ്‌ട്ര തലത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യമാണ്‌ എന്ന്‌്‌ നമുക്കെല്ലാം അഭിമാനിക്കാം. കാരണം ഭരണ നൈപുണ്യം- അതു മാത്രം.

കപ്പിത്താന്‍ മോശമാണെങ്കില്‍ കപ്പല്‍ എവിടെയെങ്കിലും പോയി ഇടിക്കും . അതാണ്‌ ഇന്നു കേരളത്തിലെ സിപിഎമ്മില്‍ സംഭവിച്ചരിക്കുന്നത്‌.

മനുഷ്യനില്‍ സ്വാര്‍ത്ഥ ചിന്ത കുടികൊള്ളുന്നിടത്തോളം കാലം കമ്യൂണിസം ഒരിക്കലും വളരുകയില്ല . അതുകൊണ്ട്‌ തന്നെ ചൈനയിലും , റഷ്യയിലും, ക്യൂബയിലുമെല്ലാം കമ്യൂണിസം തകര്‍ന്നു കഴിഞ്ഞിരിക്കുന്നു.

മാര്‍ക്‌സിന്റെ തിയറിയനുസരിച്ച്‌ , ഞാന്‍ എന്നു ചിന്തിക്കുന്നതിനു പകരം എന്റെ സമൂഹം എന്നു ചിന്തിക്കണം, ധനം ഇല്ലായ്‌മ ചെയ്യണം, ക്ലാസ്‌ലസ്‌ സൊസൈറ്റി ആയിരിക്കണം. ഇതു വല്ലതും നടക്കാന്‍ പോകുന്ന സംഗതിയാണോ? അമേരിക്കയിലെത്തിയിരിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ്‌കാര്‍ പലരും ആ പേരു പറയാന്‍ തന്നെ നാണിക്കുന്നുണ്ട്‌, കാരണം അവനു വിശന്നപ്പോള്‍ കിട്ടാനുള്ളത്‌ പുതിയൊരു ലോകം എന്നു പറഞ്ഞവരുടെ കൂടെ കൂടി. പക്ഷേ യാതൊന്നും കിട്ടില്ലാ എന്നു മനസ്സിലായപ്പോള്‍ അവര്‍ ബൂര്‍ഷ്വാ എന്നു വിളിക്കപ്പെട്ടിരുന്നവരെ കെട്ടിപുണര്‍ന്നു.

കേരളത്തിലെ കമ്യൂണിസം ശക്തമായ ഒരു പ്രതിപക്ഷമായി തുടരണമെങ്കില്‍ പാര്‍ട്ടിയില്‍ അഴിച്ചു പണി അനിവാര്യമാണ്‌. കാരാട്ടു മുതല്‍ ആരംഭിക്കണം. ഇപ്പോള്‍ നടന്നുവരുന്ന ടി.പി വധത്തിന്റെ പിന്നില്‍ എതെല്ലാം കറുത്തകൈകളുണ്ടോ അവരെല്ലാം ശിക്ഷക്കപ്പെടണം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട നല്ല നേതാക്കളെ എല്ലാം ഒരുമിപ്പിച്ച്‌ ഒരു പുതിയ നേതൃത്വത്തിനു പോളിറ്റ്‌ ബ്യൂറോ തയ്യാറാകണം. അതു മാത്രമാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നിലനില്‍പിന്‌ ഏക പോംവഴി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക