Image

ലണ്ടനില്‍ യു.ഡി.എഫ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

ജെയ്‌സണ്‍ ജോര്‍ജ്‌ Published on 19 June, 2012
ലണ്ടനില്‍ യു.ഡി.എഫ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ലണ്ടന്‍: യു.ഡി.എഫ്‌ സര്‍ക്കാര്‍ വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രവാസി മലയാളികളായ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയും വളരെ വലുതാണെന്ന്‌ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അറിയിച്ചു. ലണ്ടനില്‍ സംഘടിപ്പിച്ച യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌, കെ.എം.സി.സി നേതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ ആഭ്യന്തരവകുപ്പ്‌ മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, യു.കെയില്‍ നടന്ന ഒ.ഐ.സി.സി സമ്മേളനത്തിലെ കെ.പി.സി.സി നിരീക്ഷകനായിരുന്ന ജെയ്‌സണ്‍ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു.


വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തീകരിച്ച യു.ഡി.എഫ്‌ സര്‍ക്കാരിന്‌ നിര്‍ലോഭമായ പിന്തുണ നല്‍കിയ എല്ലാ യു.കെ മലയാളികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി അറിയിച്ചു. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുന്നതിന്‌ വേണ്ട നടപടികള്‍ അതിവേഗത്തില്‍ തന്നെ സ്വീകരിച്ച്‌ നടപ്പിലാക്കുന്ന നിലപാടാണ്‌ സര്‍ക്കാരിനുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജയാഘോഷ സംഗം ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചത്‌ അനുസ്‌മരിച്ച മുഖ്യമന്ത്രി യു.കെയിലെ എല്ലാ മലയാളികളുടേയും പിന്തുണ വരും കാലഘട്ടത്തിലും യു.ഡി.എഫ്‌ സര്‍ക്കാരിന്‌ ഉണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പ്രവാസികാര്യ വകുപ്പാണ്‌ ഈ സര്‍ക്കാരിനുള്ളതെന്നും പ്രവാസി മലയാളികളുടെ എന്താവശ്യവും നേരിട്ട്‌ എത്തിക്കുന്നതിന്‌ സദാസമയവും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഫോണ്‍ നമ്പരില്‍ അറിയിക്കാവുന്നതാണെന്നും ഓര്‍മ്മിപ്പിച്ചു. ലണ്ടന്‍ കലാപം നടന്നപ്പോള്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടത്‌ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നല്‍കിയ ഒ.ഐ.സി.സി നേതൃത്വം, വരും നാളുകളിലും യു.കെയിലെ മലയാളികളുടെ കൂട്ടായ ആവശ്യങ്ങള്‍ സര്‍ക്കാരിന്‌ മുന്നിലെത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍, നാടിന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്‌ മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന എല്ലാ പ്രവാസി മലയാളികള്‍ക്കും അഭിവാദനങ്ങള്‍ നേരുന്നതായി ആഭ്യന്തരമന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. മുന്‍പ്‌ ഒന്നുമില്ലാത്തതു പോലെ സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യമാണ്‌ ഈ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഉള്ളതെന്ന്‌ അദ്ദേഹം അറിയിച്ചു. അക്രമരാഷ്ട്രീയം പാടെ അമര്‍ച്ച ചെയ്യുന്നതിനുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ള സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ്‌ ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നാട്ടിലുള്ള പ്രായമേറിയ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്ക്‌ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം ഉറപ്പ്‌ നല്‍കി.


ഒ.ഐ.സി.സി യു.കെയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്‌ക്ക്‌ കരുത്ത്‌ പകരുന്നുവെന്ന്‌ മാഞ്ചസ്റ്റര്‍ സമ്മേളനത്തിലെ കെ.പി.സി.സി നിരീക്ഷകന്‍ കൂടിയായിരുന്ന ശ്രീ ജെയ്‌സണ്‍ ജോസഫ്‌ അഭിപ്രായപ്പെട്ടു. യു.കെയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിരവധി പേര്‍ക്ക്‌ നേരിട്ടും അല്ലാതെയും ബന്ധമുള്ള പിറവം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും മറ്റും ഒ.ഐ.സി.സി യു.കെയുടെ നേതൃത്വത്തില്‍ ഉണ്ടായ കൂട്ടായ പരിശ്രമം തിളക്കമാര്‍ന്ന വിജയം നേടുന്നതിന്‌ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തിലും പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള നിരവധി പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ മുന്നോട്ട്‌ പോകുന്ന സര്‍ക്കാരുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായി പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്നതിന്‌ ആവശ്യമായ സജീവമായ പ്രവര്‍ത്തനം ഒ.ഐ.സി.സി യു.കെയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂഹാം കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥിതി ആയിരുന്നു. ഡോ.ഓമന ഗംഗാധരന്‍ എല്ലാവര്‍ക്കും അക്രമരാഷ്ട്രീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ.ഐ.സി.സി നേതാക്കളായ തോമസ്‌ പുളിക്കല്‍, ഗിരി മാധവന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ സോജി ടി. മാത്യു, തോമസ്‌ ജോസഫ്‌, കെ.എം.സി.സി നേതാക്കളായ അസൈനാര്‍ കുന്നുമ്മേല്‍, അബ്ദുള്‍ കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ പ്രസംഗിച്ചു. പ്രസാദ്‌ കൊച്ചുവിള, ബിജു കോശി, സുജു ഡാനിയേല്‍, കെ.കെ മോഹന്‍ദാസ്‌, വക്കം സുരേഷ്‌ കുമാര്‍, ജെയ്‌ന്‍ ലാല്‍, അബ്രാഹം വാഴൂര്‍, രഞ്‌ജിനി, ശ്രീകുമാര്‍ പള്ളിയത്ത്‌, മുരളീധരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലണ്ടനില്‍ യു.ഡി.എഫ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക