Image

ജൂലിയന്‍ അസാഞ്ചെ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടി

Published on 19 June, 2012
ജൂലിയന്‍ അസാഞ്ചെ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടി
ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടി. ബ്രിട്ടീഷ് സുപ്രീംകോടതി അസാഞ്ചെയെ സ്വീഡനിലേയ്ക്കു നാടുകടത്താനുള്ള ഉത്തരവിട്ട് ദിവസങ്ങള്‍ക്കകമാണ് അദ്ദേഹം ലണ്ടനിലെ ഇക്വഡോര്‍ എംബസിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചത്. അസാഞ്ചെയുടെ അഭ്യര്‍ഥന രാജ്യത്തിന്റെ പരിഗണനയിലാണെന്ന് ഇക്വഡോര്‍ വിദേശകാര്യമന്ത്രി റിക്കാര്‍ഡോ പറ്റിനോ പറഞ്ഞു. അസാഞ്ചെക്കെതിരെയുള്ള കേസും മറ്റു വിവരങ്ങളും അവലോകനം ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. സ്വീഡനില്‍ അസാഞ്ചെയ്ക്കെതിരെ ലൈംഗിക പീഡന കേസ് എടുത്തിട്ടുണ്ട്. വിക്കിലീക്സിലെ രണ്ട് വനിതാ ജീവനക്കാരെ അസാഞ്ചെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സുപ്രീംകോടതി അസാഞ്ചെയെ സ്വീഡനു കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. സ്വീഡനിലേക്ക് നാടുകടത്താനുള്ള ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അസാഞ്ചെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഒന്നരവര്‍ഷമായി സ്വീഡനിലേക്ക് നാടുകടത്തുന്നതിനെതിരെ വിധിസമ്പാദിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. സ്വീഡനിലെത്തിയാല്‍ അധികൃതര്‍ അദ്ദേഹത്തെ യു.എസിന് കൈമാറുമോ എന്ന ആശങ്ക അസാഞ്ചെയ്ക്കുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ അധിനിവേശവുമായി ബന്ധപ്പെട്ട വിവാദ വീഡിയോ ദൃശ്യങ്ങളും നയതന്ത്രരേഖകളും പുറത്തുവിട്ടതോടെയാണ് അസാഞ്ചെ ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക