Image

പാക് പ്രധാനമന്ത്രി ഗീലാനിക്കു പകരക്കാരനായി ഷഹബുദ്ദീനെ പിപിപി നിര്‍ദ്ദേശിച്ചു

Published on 19 June, 2012
പാക് പ്രധാനമന്ത്രി ഗീലാനിക്കു പകരക്കാരനായി ഷഹബുദ്ദീനെ പിപിപി നിര്‍ദ്ദേശിച്ചു
ഇസ്ലാമാബാദ്‌: യൂസഫ്‌ റാസാ ഗീലനിയുടെ പകരക്കാരനായി മക്‌ദൂം ഷെഹാബുദ്ദീന്‍ പ്രധാനമന്ത്രിയാകും. മുതിര്‍ന്ന നേതാവായ ഷെഹാബുദ്ദീനെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പിപിപി) പ്രധാനമന്ത്രി പദവിയിലേക്ക്‌ നിര്‍ദ്ദേശിച്ചു. ഇന്നു രാവിലെ പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പിപിപി നേതാക്കളുടെ യോഗത്തിലാണ്‌ ഈ തീരുമാനം. വ്യാഴാഴ്‌ച ചേരുന്ന പാര്‍ലമെന്റിന്റെ അധോസഭ (നാഷണല്‍ അസംബ്ലി) ഷെഹാബുദ്ദീനെ പ്രധാനമന്ത്രിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.

ഷെറാബുദ്ദീനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ച തീരുമാനം പിപിപി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സര്‍ദാരിയുടെ നേതൃത്വത്തില്‍ നടന്ന പിപിപി കേന്ദ്ര നിര്‍വാഹക സമിതി യോഗത്തിലും സഖ്യകക്ഷികളുടെ നേതൃയോഗത്തിലുമാണ്‌ ഷെഹാബുദ്ദീന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌. ഉച്ചയ്‌ക്കു ശേഷം ചേരുന്ന പിപിപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

ഷെഹാബുദ്ദീനെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുന്‍കൈ എടുത്തത്‌ ഗീലാനിയാണെന്നും റിപ്പോര്‍ട്ടുണ്ട്‌. ഗീലാനിയുടെ സ്വന്തം പ്രവിശ്യയായ പഞ്ചാബില്‍ നിന്നുള്ള നേതാവാണ്‌ ഷെഹാബുദ്ദീനും ഗീലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതോടെ തന്റെ വിശ്വസ്‌തന്‍ കൂടിയായ ഷെഹാബുദ്ദീനെ ആ സ്‌ഥാനത്തു പ്രതിഷ്‌ഠിക്കാന്‍ ഗീലാനി മുന്‍കൈയെടുക്കുകയായിരുന്നു. 2008 മുതല്‍ ഗീലാനി മന്ത്രിസഭയില്‍ നിരവധി വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്‌ ഷെഹാബുദ്ദീന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക