Image

ഫൊക്കാന കണ്‍വന്‍ഷനില്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 June, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്
ഹൂസ്റ്റണ്‍ : അമേരിക്കന്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൊക്കാന കണ്‍വന്‍ഷന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഹൂസ്റ്റണിലെ യുവജനങ്ങള്‍ അവരുടേതായ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ചരിത്ര സംഭവമാക്കുവാന്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കുകയാണെന്ന് ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ റജി കോട്ടയം അറിയിച്ചു.

ജൂണ്‍ 30ന് രാവിലെ 8:00 മണിക്ക് സ്റ്റാഫോര്‍ഡ് ഹൈസ്‌കൂളില്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കണ്‍വന്‍ഷന്‍ മാനേജര്‍ തോമസ് മാത്യു എന്നിവരെ കൂടാതെ ഫൊക്കാന ദേശീയ നേതാക്കളും ഉത്ഘാടന കര്‍മ്മത്തില്‍ പങ്കുചേരും. കൂടാതെ, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെംബര്‍ കെന്‍ മാത്യുവും തദവസരത്തില്‍ സന്നിഹിതനായിരിക്കും.

രണ്ടു ദിവസങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ജൂണ്‍ 30, ജൂലൈ 1 എന്നീ ദിനങ്ങളില്‍ രാവിലെ 8:00 മണി മുതല്‍ വൈകീട്ട് 6:00 മണിവരെയായിരിക്കും ടൂര്‍ണ്ണമെന്റ്. 14 ടീമുകളാണ് മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടുവാന്‍ തയ്യാറായിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. എല്ലാ ടീമുകളും തങ്ങളുടെ പരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന ചാമ്പ്യന്‍ഷിപ്പ് നേടുക, ക്യാഷ്പ്രൈസും ട്രോഫിയും നേടുക എന്നതിലുപരി, പേരും പെരുമയും നേടുക എന്ന ആഗ്രഹവും കളിക്കാര്‍ക്കുണ്ട്. ഏറ്റവും നല്ല 3 പോയിന്റ് ഷൂട്ടേഴ്‌സ് മത്സരവും ഈ ടൂര്‍ണ്ണമെന്റില്‍ നടക്കും. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും ജൂലൈ 1-ന് കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച് നല്കുന്നതായിരിക്കും.

ഏകദേശം അഞ്ഞൂറോളം മലയാളി യുവാക്കള്‍ ഈ ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ എത്തുമെന്ന് ടൂര്‍ണ്ണമെന്റ് കമ്മിറ്റി പ്രതീക്ഷിക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ എല്ലാവരും സംഭവബഹുലമായ ഈ ടൂര്‍ണ്ണമെന്റിന് എത്തിച്ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് ടൂര്‍ണ്ണമെന്റ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം യുവജനങ്ങള്‍ക്കായി ഫൊക്കാന ഇഥംപ്രഥമമായി ആരംഭിച്ച ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിലൂടെ യുവജനങ്ങളുടെ കായികാഭിരുചി വളര്‍ത്തിയെടുക്കാന്‍ നിങ്ങളാല്‍ കഴിയുന്ന സഹകരണവും നല്‍കണമെന്ന് റെജി കോട്ടയം അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: rejikottayam@gmail.com
ഫൊക്കാന കണ്‍വന്‍ഷനില്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക