Image

യുഡിഎഫ് യോഗം ഇന്ന്; ബാലകൃഷ്ണപിള്ള പങ്കെടുക്കില്ല

Published on 20 June, 2012
യുഡിഎഫ് യോഗം ഇന്ന്; ബാലകൃഷ്ണപിള്ള പങ്കെടുക്കില്ല
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചും സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ആഘോഷങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുമായി യുഡിഎഫ് ഇന്നു യോഗം ചേരും. വൈകുന്നേരം നാലുമണിയ്ക്ക് കെ.പി.സി.സി ഓഫീസില്‍ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം. ഇന്നത്തെ യോഗത്തിലേയ്ക്ക് യു.ഡി.എഫ് നേതാക്കളെക്കൂടാതെ 21 മന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടികള്‍ എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നതിനും സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തെ കര്‍മ്മ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമാണ് മന്ത്രിമാരെ ക്ഷണിച്ചിരിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള പങ്കെടുക്കില്ല. പിള്ള-ഗണേഷ് തര്‍ക്കം ഇനിയും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പങ്കെടുക്കാത്തത്. കൂടാതെ യോഗത്തിലേയ്ക്ക് മന്ത്രിമാരെക്കൂടി ക്ഷണിച്ചിരിക്കുന്നതിനാല്‍ കെ.ബി ഗണേഷ്കുമാര്‍ പങ്കെടുക്കുന്നുണ്ട്. ഗണേഷിനോപ്പം വേദി പങ്കിടുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുള്ളതിനാല്‍കൂടിയാണ് അദ്ദേഹം പങ്കെടുക്കാത്തത്. എന്നാല്‍ പിള്ള പങ്കെടുക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് ബിയിലെ ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ നായരും പോള്‍ ജോസഫും പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ യോഗത്തില്‍ പങ്കെടുക്കേണ്ട സാഹചര്യമില്ലെന്നും രണ്ടു പ്രതിനിധികളെ അയക്കുന്നുണ്െടന്നുമാണ് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് ബി ഉന്നയിച്ച ചില പ്രശ്നങ്ങള്‍ ഇപ്പോഴും യു.ഡി.എഫിന് മുന്നിലുണ്ട് അതൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അങ്ങനെയുള്ള അവസരത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ എന്ത് ഔചത്യമാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിക്കേണ്ട പരമ്പരാഗതമായ വോട്ടുകള്‍ ലഭിച്ചിട്ടില്ല. നല്ല വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 20000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ട സാഹചര്യമായിരുന്നു യു.ഡി.എഫിന് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നത്. എന്‍.എസ്.എസ് ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളോട് സ്വീകരിച്ച നിലപാടു കാരണമാണ് വോട്ടു കുറയാന്‍ കാരണം. എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് എന്‍.എസ്.എസ് സ്വീകരിച്ചു വരുന്നത്. ഇനിയും ഇവരെ പിണക്കി നിര്‍ത്തുന്നത് ശരിയാണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കണമെന്നും ബാലകൃഷണപിള്ള രാഷ്ട്രദീപികയോട് പറഞ്ഞു. ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാരേയും അംഗങ്ങളേയും വീതം വച്ച് നല്‍കിയെങ്കിലും ഇതുവരെ അതു നടപ്പായിട്ടില്ല. ഇതില്‍ യു.ഡി.എഫിലെ മിക്ക ഘടകകക്ഷികള്‍ക്കും നീരസമുണ്ട്. ചില മന്ത്രിമാര്‍ കോര്‍പറേഷനുകളിലെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ പരാതിയാണ് ഉന്നയിക്കുന്നത്. മന്ത്രിമാര്‍ കൂടി പങ്കെടുക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം. നെയ്യാറ്റിന്‍കരയിലെ വോട്ടുചോര്‍ച്ചയായിരിക്കും ഇന്നത്തെ യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക