Image

മൈക്രോ സോഫ്റ്റ് ചുവടു മാറ്റി ടാബ്‌ലറ്റുമായി രംഗത്തിറങ്ങുന്നു

ജെയിംസ് വര്‍ഗീസ് Published on 20 June, 2012
മൈക്രോ സോഫ്റ്റ് ചുവടു മാറ്റി ടാബ്‌ലറ്റുമായി രംഗത്തിറങ്ങുന്നു
കലിഫോര്‍ണിയ: കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ സാമ്രാജ്യ ചക്രവര്‍ത്തിയായ മൈക്രോ സോഫ്റ്റ് കോര്‍പറേഷന്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ രംഗത്തെ ഭീമന്മാരായ ആപ്പിളിനോടും സാംസങ്ങിനോടും മല്‍സരിക്കാനായി തങ്ങളുടെ ആദ്യത്തെ ടാബ്‌ലറ്റ് മൈക്രോസോഫ്റ്റ് സര്‍ഫസ് ഉടന്‍ പുറത്തിറക്കും.

ഈ വര്‍ഷാവസാനത്തോടെ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന മൈക്രോ സോഫ്റ്റ് സര്‍ഫസ് ടാബ്‌ലറ്റ് കംപ്യൂട്ടര്‍ മോഡല്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്റ്റീവ് ബാള്‍മര്‍ ലൊസാഞ്ചല്‍സില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.

മൈക്രോ സോഫ്റ്റിന്റെ ഏറ്റവും പുതിയ വിന്‍ഡോസ് - 8 പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യത്തിലായിരിക്കും ടാബ്‌ലറ്റ് കംപ്യൂട്ടര്‍ പുറത്തിറക്കുക. 10.6 ഇഞ്ച് വലിപ്പത്തില്‍ സ്‌ക്രീന്‍ ഉള്ള ടാബ്‌ലറ്റ് രണ്ടു മോഡലില്‍ ലഭ്യമാകും.

സര്‍ഫസ് എന്ന പേരില്‍ വിന്‍ഡോസ് ആര്‍ടിയും സര്‍ഫസ് പ്രോ എന്ന പേരില്‍ വിന്‍ഡോസ് - 8 ഓപ്പറേറ്റിങ് സിസ്റ്റവുമാകും ടാബ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുക. ഇതുമൂലം ടാബ്‌ലറ്റ് കംപ്യൂട്ടറിന് ഒരു പഴ്‌സനല്‍ കംപ്യൂട്ടറിന്റെ ഒപ്പം തന്നെയുള്ള സൗകര്യം ഉണ്ടാകും.

ആപ്പിളിന്റെ ഐപാഡ് ഉള്‍പ്പെടെയുള്ള മറ്റു ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ മൈക്രോ സോഫ്റ്റിനെ തഴഞ്ഞ് മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചതും ഇതുമൂലം വളര്‍ന്നു വരുന്ന ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ലോകം മൈക്രോ സോഫ്റ്റിനെ ഭാവിയില്‍ മര്‍ക്കറ്റില്‍ നിന്നും പുറന്തള്ളപ്പെടാനുള്ള സാധ്യതയും മൈക്രോ സോഫ്റ്റ് കമ്പനി മുന്നില്‍ കണ്ടിട്ടുള്ളതുകൊണ്ടാവണം സോഫ്റ്റ് വെയര്‍ രംഗത്തു നിന്നും ചുവടുമാറ്റി ചവിട്ടി കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ രംഗത്തേയ്ക്ക് കടന്നിരിക്കുന്നത്.

ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ പഴ്‌സനല്‍ കംപ്യൂട്ടറുകള്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ പഴ്‌സനല്‍ കംപ്യൂട്ടര്‍ ലാപ്‌ടോപ് ഇവയൊക്കെ മാര്‍ക്കറ്റില്‍ നിന്നും പുറത്താകാനും സാധ്യത കാണുന്നു.

മൈക്രോ സോഫ്റ്റ് സര്‍ഫസ് ടാബ്‌ലറ്റ് ന്യായമായ വിലയില്‍ മല്‍സര ബുദ്ധിയോടെ പുറത്തിറക്കിയാല്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ മാര്‍ക്കറ്റില്‍ മൈക്രോ സോഫ്റ്റിന് വിജയിക്കാന്‍ കഴിയുമെന്നതിന് സംശയമില്ല. എന്നിരുന്നാല്‍ തന്നെയും ടാബ്‌ലറ്റ് മാര്‍ക്കറ്റില്‍ 60 ശതമാനത്തിന്റെ പിടിച്ചടക്കിയിരിക്കുന്ന ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെ പിന്തള്ളാന്‍ മൈക്രോ സോഫ്റ്റിന് കഴിയുമെന്ന് കരുതുന്നില്ല.

2010ല്‍ ആപ്പിള്‍ കമ്പനി "ഐപാഡ്" ടാബ്‌ലറ്റ് പുറത്തിറക്കി ആദ്യ ദിവസം തന്നെ മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു. 2010 അവസാനത്തോടെ 148 ലക്ഷം ഐപാഡ് ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ ലോകമെമ്പാടും എത്തിക്കുവാന്‍ ആപ്പിള്‍ കമ്പനിക്കു കഴിഞ്ഞു. 2012 മാര്‍ച്ച് മാസത്തോടെ 671 ലക്ഷം ഐപാഡ് ടാബ്‌ലറ്റുകള്‍ വിറ്റ് ആപ്പിള്‍ കമ്പനി ടാബ്‌ലറ്റ് കംപ്യൂട്ടര്‍ മാര്‍ക്കറ്റിന്റെ 60 ശതമാനം പിടിച്ചടക്കി.

പഴ്‌സനല്‍ കംപ്യൂട്ടറിന്റെ സൗകര്യങ്ങള്‍ ഭാവിയില്‍ ടാബ്‌ലറ്റുകളില്‍ ലഭ്യമാകുന്നതുകൊണ്ട് നല്ലൊരു ഭാഗം പഴ്‌സനല്‍ കംപ്യൂട്ടര്‍ ഉപയോക്താക്കളും ടാബ്‌ലറ്റ് കംപ്യൂട്ടറുകളിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്.
മൈക്രോ സോഫ്റ്റ് ചുവടു മാറ്റി ടാബ്‌ലറ്റുമായി രംഗത്തിറങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക