Image

കോഴിക്കോട്ട് നേരിയ ഭൂചലനം; പരിഭ്രാന്തി

Published on 20 June, 2012
കോഴിക്കോട്ട് നേരിയ ഭൂചലനം; പരിഭ്രാന്തി
കോഴിക്കോട്: കോഴിക്കോട്ടും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയൊരു മുഴക്കത്തോടെയായിരുന്നു തുടക്കം. കുറഞ്ഞ സെക്കന്‍ഡുകള്‍ മാത്രമേ ചലനം നീണ്ടുനിന്നുള്ളൂ.

രണ്ടര മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് കോഴിക്കോട്ടും പരിസരത്തും ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ ഏപ്രില്‍ 11നാണ് ആദ്യം ഉണ്ടായത്. അതിന്റെ തീവ്രത 2.2 മുതല്‍ 3.4 വരെയായിരുന്നു. അന്ന് രണ്ടുതവണ ചലനമുണ്ടായി. അപായമൊന്നും ഉണ്ടായില്ല.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മുഴക്കത്തിന് ശേഷം ഇരിപ്പിടങ്ങളും മേശയും മറ്റും ഇളകിയതോടെയാണ് സംഭവം ഭൂചലനമാണെന്ന് ആളുകള്‍ക്ക് ബോധ്യപ്പെട്ടത്. പലരും വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തിറങ്ങി നിന്നു. ചില സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ പുറത്തിറക്കി.

കോഴിക്കോട് വിമാനത്താവളത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. കല്ലായ്, ബേപ്പൂര്‍, കടലുണ്ടി, മീഞ്ചന്ത, സിവില്‍സ്‌റ്റേഷന്‍, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, മാവൂര്‍റോഡ്, തിരുവണ്ണൂര്‍, നല്ലളം തുടങ്ങിയ ഭാഗങ്ങളിലെല്ലാം കുലുക്കം അനുഭവപ്പെട്ടു. ചില വീടുകളിലെ ഭിത്തികളില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. കണ്ണഞ്ചേരിയില്‍ മതിലിടിഞ്ഞു. പാവങ്ങാട്ട് റെയിലിന് സമീപം ഒരു വീടിന്റെ കിണര്‍ ഇടിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക