Image

ഗാര്‍ഫീല്‍ഡ്‌ മിഷനിലെ കുടുംബ നവീകരണ സെമിനാര്‍ വന്‍ വിജയം

ജോസ്‌ മാളേയ്‌ക്കല്‍ Published on 20 June, 2012
ഗാര്‍ഫീല്‍ഡ്‌ മിഷനിലെ കുടുംബ നവീകരണ സെമിനാര്‍ വന്‍ വിജയം
ഗാര്‍ഫീല്‍ഡ്‌: വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നാമത്തിലുള്ള ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ മിഷനില്‍ 2012 ജൂണ്‍ 16 ശനിയാഴ്‌ച്ച ദമ്പതികള്‍ക്കായി നടത്തിയ കുടുംബനവീകരണ സെമിനാര്‍ വളരെ ഫലപ്രദമായിരുന്നു. രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:00 വരെ റവ. ഫാ. എബ്രാഹം ഒരപ്പാങ്കല്‍ നേതൃത്വം നല്‍കിയ ഈ ഫാമിലി എന്‍റിച്ച്‌മന്റ്‌ സെമിനാറില്‍ യുവജനങ്ങളുള്‍പ്പെടെ ധാരാളം ദമ്പതികള്‍ പങ്കെടുത്തു.

വിവാഹജീവിതത്തിലുണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കും കാരണം ദമ്പതികള്‍ തമ്മിലുള്ള ഫലവത്തായ ആശയവിനിമയത്തിന്റെ അഭാവമാണു. അനുദിനജീവിതത്തിലുണ്ടാകുന്ന എല്ലാകാര്യങ്ങളും ശരിയായ ആശയവിനിമയത്തിലൂടെ പരസ്‌പരം മനസിലാക്കി ദമ്പതികള്‍ പെരുമാറുമ്പോള്‍ വിവാഹജീവിതത്തില്‍ തനിയെ സന്തോഷവും, സമാധാനവും കൈവരും. ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണു മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയവും. കുട്ടികളുടെ മാനസികവും, ശാരീരികവും, ആല്‍മീയവുമായ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്‌ തള്ളിക്കളയാവുന്നതല്ല. കുടുംബഭദ്രതയും, സന്തോഷവും നിലനിര്‍ത്താന്‍ കമ്യൂണിക്കേഷന്‍ എങ്ങനെ സഹായിക്കും എന്ന്‌ സെമിനാറില്‍ പങ്കെടുത്ത എല്ലാ ദമ്പതിമാര്‍ക്കും മനസിലായി. റോക്‌ ലാന്‍ഡ്‌, ബ്രോംക്‌സ്‌, ലോങ്ങ്‌ ഐലന്‍ഡ്‌ എന്നിവിടങ്ങളില്‍നിന്നുള്ള ദമ്പതിമാരും സെമിനാറില്‍ പങ്കെടുത്തു.

ഗാര്‍ഫീല്‍ഡ്‌ മിഷനിലെ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മരിയ തോട്ടുകടവിലിന്റെ നേതൃത്വത്തിലുള്ള ടീം ആണു ഈ സെമിനാര്‍ ക്രമീകരിച്ചത്‌. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ കോട്ടയ്‌ക്കല്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്‌തു. പവര്‍പോയിന്റിന്റെ സഹായത്തോടെ ഫാ. ഒരപ്പാങ്കലച്ചന്‍ വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ തിയോളജി ഓഫ്‌ ബോഡിയെ സംബന്ധിച്ചുള്ള പല കാര്യങ്ങളും സെമിനാറില്‍ അവതരിപ്പിച്ചത്‌ പങ്കെടുത്തവര്‍ക്ക്‌ ഹൃദ്യമായി അനുഭവപ്പെട്ടു. സെബാസ്റ്റ്യന്‍ ടോം അറിയിച്ചതാണീ വിവരങ്ങള്‍.
ഗാര്‍ഫീല്‍ഡ്‌ മിഷനിലെ കുടുംബ നവീകരണ സെമിനാര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക