Image

മലയാളത്തിന് ക്ളാസിക്കല്‍ പദവിയില്ല

Published on 20 June, 2012
മലയാളത്തിന് ക്ളാസിക്കല്‍ പദവിയില്ല
മലയാളത്തിന്  ക്ളാസിക്കല്‍  പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമിതി.
ക്ളാസിക്കല്‍ ഭാരതീയ ഭാഷകളുടെ കൂട്ടത്തില്‍ മലയാളത്തെ പരിഗണിക്കാനാവില്ല. സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പ്രകാരം 1500 മുതല്‍ 2000 വര്‍ഷം പഴക്കമുണ്ടെങ്കില്‍ മാത്രമാണ് ക്ളാസിക്കല്‍ പദവി നല്‍കാന്‍ കഴിയുക. നേരത്തെ ഈ പദവി ലഭിച്ചിട്ടുള്ള തമിഴ്, സംസ്കൃതം, കന്നഡ, തെലുഗു ഭാഷകള്‍ക്കൊപ്പം മലയാളത്തെ പരിഗണിക്കാന്‍ കഴിയില്ലെന്ന് സമിതി നിരീക്ഷിച്ചു.
മലയാളത്തിന് ക്ളാസിക്കല്‍ ഭാഷാപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിശോധിക്കാന്‍ കേന്ദ്രം സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയിരുന്നു.
തമിഴിന് 2004ലും സംസ്കൃതത്തിന് 2005ലും കന്നഡ, തെലുങ്ക് എന്നിവക്ക് 2008ലും ശ്രേഷ്ഠഭാഷാ പദവി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വഴിക്ക് കേരള സര്‍ക്കാറും ശ്രമം ആരംഭിച്ചത്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് അക്കാദമിയുടെ ഭാഷാസമിതി നിലപാട് വ്യക്തമാക്കിയത്.
പഴയ തമിഴില്‍നിന്നുള്ള രൂപാന്തരമാണ് മലയാളത്തിന്റേതെന്നും തനിമ അവകാശപ്പെടാന്‍ കഴിയില്ലെന്നും സമിതി പറഞ്ഞു.
എട്ടും ഒമ്പതും നൂറ്റാണ്ടുകളിലാണ് ഈ രൂപാന്തരം സംഭവിച്ചത്. അതുകൊണ്ട് ക്ളാസിക്കല്‍ ഭാഷയുടെ പഴക്കം മലയാളത്തിനില്ല. കാലപ്പഴക്കമൊഴിച്ചാല്‍ മറ്റു മാനദണ്ഡങ്ങളുടെ കാര്യത്തില്‍ മലയാളത്തിന് പാരമ്പര്യം അവകാശപ്പെടാമെന്നും സമിതി വിലയിരുത്തി.
തെലുങ്ക്, കന്നഡ ഭാഷകളേക്കാള്‍ പാരമ്പര്യം മലയാളത്തിന് അവകാശപ്പെടാമെന്ന കേരളത്തിന്റെ വാദഗതി പക്ഷേ, സമിതി സ്വീകരിച്ചില്ല.
 ക്ളാസിക്കല്‍ പദവി ലഭിച്ചാല്‍ ഗവേഷണ-പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം കിട്ടുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക