Image

ടോള്‍ പ്ളാസകള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക്

Published on 20 June, 2012
ടോള്‍ പ്ളാസകള്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാത ടോള്‍ പ്ളാസകള്‍ 2014 ഓടെ ഇലക്ട്രോണിക് കളക്ഷന്‍ സംവിധാനത്തിലേക്കു മാറും. ഇതിലൂടെ പ്രതിവര്‍ഷം 87,000 കോടി രൂപ ലാഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. ഡല്‍ഹി-പര്‍വാനൂ ദേശീയപാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയതായി റോഡ് ഗതാഗത ദേശീയപാത വകുപ്പു മന്ത്രി സി. പി. ജോഷി അറിയിച്ചു. പ്രീപെയ്ഡ് മൊബൈല്‍ കാര്‍ഡുകള്‍ പോലെയുള്ളവ സൂക്ഷിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ചിപ്പ് അടങ്ങിയ റേഡിയോ ആവൃത്തി തിരിച്ചറിയല്‍ (ആര്‍എഫ്ഐഡി) സംവിധാനം വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതോടെ ടോള്‍ പിരിവ് അതിനൂതനമാകും. ടോള്‍ പ്ളാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ ഈടാക്കാന്‍ ഇതിലൂടെ സാധിക്കും. വാഹനങ്ങളുടെ വിന്‍ഷീല്‍ഡില്‍ പതിപ്പിക്കുന്ന തിരിച്ചറിയല്‍ സ്റിക്കറാണ് ഇതിനു സഹായിക്കുന്നത്. റേഡിയോ തരംഗങ്ങളിലൂടെ ഈ സ്റിക്കറിലെ വിവരങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഉപകരണം പ്ളാസകളില്‍ സ്ഥാപിക്കും. ഇപ്പോള്‍ മനുഷ്യസഹായത്തോടെയുള്ള പണപ്പിരിവ് ഒട്ടേറെ പരാതികള്‍ക്കിട നല്‍കുന്നുണ്ട്. അധികതുക ഈടാക്കുന്നുവെന്ന പരാതി കൂടാതെ ടോള്‍ നല്‍കാനായി വാഹനങ്ങളുടെ വലിയ നിര പ്ളാസകളില്‍ രൂപം കൊള്ളുന്നു. ഇത് ഇന്ധനവും സമയവും പാഴാക്കുന്നു. കോല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇതേപ്പറ്റി നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 87,000 കോടിയുടെ നഷ്ടമുണ്ടാകുന്നതായി കണക്കാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയുടെ ചെയര്‍മാന്‍ നന്ദന്‍ നീലേകനിയുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ദേശീയപാതയില്‍ 10,000 കിലോമീറ്റര്‍ ഇപ്പോള്‍ ടോള്‍ പിരിവിന്റെ കീഴിലാണ്. ഇവിടങ്ങളില്‍ ഇരുനൂറോളം പണപ്പിരിവു കേന്ദ്രങ്ങളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക