Image

യുകെകെസിഎ കണ്‍വന്‍ഷന്‍: പരമ്പരാഗത വേഷവുമായി സ്വാന്‍സി

സഖറിയ പുത്തന്‍കളം Published on 21 June, 2012
യുകെകെസിഎ കണ്‍വന്‍ഷന്‍: പരമ്പരാഗത വേഷവുമായി സ്വാന്‍സി
മാല്‍വണ്‍ഹില്‍സ്‌: യുകെകെസിഎ കണ്‍വന്‍ഷന്‌ പത്തുനാള്‍ മാത്രം ബാക്കിനില്‍ക്കേ ഓരോ യൂണിറ്റുകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഇന്ത്യയില്‍ നിന്നും കണ്‍വന്‍ഷനില്‍ സംബന്ധിക്കാനെത്തുന്ന വിശിഷ്‌ടാതിഥികളായ മാര്‍ ജോസഫ്‌ പണ്‌ടാരശേരി, പ്രഫ. ജോയി മുപ്രാപ്പള്ളി എന്നിവരുടെ വീസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കേരള പിഎസ്‌സി ബോര്‍ഡ്‌ അംഗം, വെളിയന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ഉഴവൂര്‍ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജ്‌ കൊമേഴ്‌സ്‌ വിഭാഗം മേധാവി എന്നീ നിലകളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുകയും ഇപ്പോള്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റുമായ പ്രഫ. ജോയി മുപ്രാപ്പള്ളി 28ന്‌ രാവിലെ മുംബൈയില്‍ നിന്നുള്ള ബ്രിട്ടീഷ്‌ എയര്‍വേയ്‌സില്‍ ലണ്‌ടന്‍ ഹീത്രൂവില്‍ എത്തിച്ചേരും. ക്‌നാനായ കത്തോലിക്കാ വനിതാ അസോസിയേഷന്റെ കഴിഞ്ഞ ഏഴ്‌ വര്‍ഷത്തോളം പ്രസിഡന്റായിരുന്ന കുഞ്ഞമ്മ ജോണ്‍ വള്ളിത്തോട്ടം യുകെയില്‍ എത്തി. കെസിസി ജോയിന്റ്‌ സെക്രട്ടറി ബിനോയി ഇടയാടി, കെസിസിഎന്‍എ പ്രസിഡന്റ്‌ ഡോ. ഷീന്‍സ്‌ ആകശാല, ഡികെസിസി പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം എന്നിവര്‍ ജൂണ്‍ 26 മുതല്‍ യുകെയില്‍ എത്തിച്ചേരും.

വെയില്‍സിലെ പ്രഥമ യൂണിറ്റായ സ്വാന്‍സി യൂണിറ്റ്‌ അംഗങ്ങള്‍ തനത്‌ പരമ്പരാഗത വേഷവിതാനങ്ങളോടു കൂടി റാലിയില്‍ അണിനിരക്കും. അറുപതോളം വരുന്ന കുട്ടികളുടെ വ്യത്യസ്‌തതയാര്‍ന്ന വേഷവിതാനം പുതുമ പകരുന്നതാണ്‌. സ്‌ത്രീകള്‍ പരമ്പരാഗത കത്തോലിക്കാ വേഷവിതാനങ്ങള്‍ ധരിക്കുമ്പോള്‍ പുരുഷന്മാര്‍ തലക്കെട്ടോടു കൂടിയ യൂണിഫോം ആയിരിക്കും ധരിക്കുക. റാലിക്കുള്ള ഡ്രസ്‌ റിഹേഴ്‌സല്‍ നടത്തിയാണ്‌ സ്വാന്‍സി യൂണിറ്റ്‌ എത്തുന്നത്‌. സ്വാന്‍സി യൂണിറ്റിനെ നയിക്കുന്നത്‌ പ്രസിഡന്റ്‌ ബിജു പി. മാത്യു, സെക്രട്ടറി സിറിയക്‌ പി. ജോര്‍ജ്‌, ട്രഷറര്‍ പയസ്‌ മാത്യു. നവസ്‌ പ്രസിഡന്റ്‌ ബിജു തോമസ്‌, ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ഉലഹന്നാന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം തങ്കച്ചന്‍ കനകാലയം എന്നിവരാണ്‌.

അട്ടിമറി വിജയത്തിനായി ശ്രമിക്കുന്ന ഗ്ലാസ്‌ഗോ യൂണിറ്റ്‌ ഇത്തവണ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുമെന്ന ഉറച്ച വാശിയിലാണ്‌. പലതവണയും യുകെകെസിഎ കണ്‍വന്‍ഷന്‌ ആദ്യമെത്തുന്ന യൂണിറ്റ്‌ എന്ന പെരുമയും ഗ്ലാസ്‌ഗോ യൂണിറ്റിന്‌ ഉണ്‌ട്‌. റാലിയില്‍ ഈ വര്‍ഷം ഇംഗ്ലണ്‌ടില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡിലേക്ക്‌ ട്രോഫി കൊണ്‌ടുപോകണമെന്ന വാശിയില്‍ തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം എന്ന ആപ്‌തവാക്യത്തില്‍ അധിഷ്‌ഠിതമായി ഒരുക്കങ്ങള്‍ നടത്തുന്നതോടൊപ്പം മുഴുവന്‍ അംഗങ്ങളുടെയും ഭാഗഭാഗിത്വം ഗ്ലാസ്‌ഗോ യൂണിറ്റ്‌ ഉറപ്പുവരുത്തുന്നു.

സാജു പുളിക്കത്തൊട്ടിയില്‍, ടിജോ മുളവനാല്‍, ജോബി ഇഞ്ചനാട്ടില്‍, സാബു കരോട്ട്‌, ജോമി ബിനോയി, ബിന്ദു ജോയി എന്നിവരാണ്‌ ഗ്ലാസ്‌ഗോ യൂണിറ്റിനെ നയിക്കുന്നത്‌.

ജൂണ്‍ 30ന്‌ വീറും വാശിയുമുള്ള യൂണിറ്റുകള്‍ തമ്മിലുള്ള മറ്റൊരു പ്രകടനത്തിന്‌ മാല്‍വെണ്‍ഹില്‍സ്‌ വേദിയാകുമ്പോള്‍ പതിനൊന്നാമത്‌ കണ്‍വന്‍ഷന്‍ തങ്കലിപികളില്‍ ചാര്‍ത്തപ്പെടും.
യുകെകെസിഎ കണ്‍വന്‍ഷന്‍: പരമ്പരാഗത വേഷവുമായി സ്വാന്‍സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക