Image

വാര്‍ദ്ധക്യത്തിലേയ്‌ക്കെത്ര ദൂരം- മീട്ടു റഹ്മത്ത് കലാം

Published on 21 June, 2012
വാര്‍ദ്ധക്യത്തിലേയ്‌ക്കെത്ര ദൂരം- മീട്ടു റഹ്മത്ത് കലാം
ജീവിതത്തെ ഒരു റിലേ റെയ്‌സുമായി താരതമ്യപ്പെടുത്താം. ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞ് ശൈശവത്തിലൂടെ ആദ്യപാഠങ്ങള്‍ പഠിച്ച് തന്റെ കയ്യിലെ ബാറ്റണ്‍ അതീവ ജാഗ്രതയോടെ കൗമാരത്തിന് കൈമാറുന്നു. തുടക്കത്തിലേതു പോലെ എളുപ്പമല്ല തുടര്‍ന്നുള്ള പടി. മത്സരത്തിന്റെ ചൂടേറുമ്പോള്‍ മനസ്സിനെ ചഞ്ചലപ്പെടുത്താനും ഏകാഗ്രത കുറയ്ക്കാനും ചുറ്റുവട്ടത്തു നിന്നുള്ള ശ്രമത്തെ അതിജീവിക്കുന്നവര്‍ക്കേ അടുത്ത ഘട്ടത്തിലെത്തിപ്പെടാന്‍ സാധിക്കൂ. യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂട് മുഴുവന്‍ ഒറ്റയ്ക്ക് പേറുന്നതാണ് അടുത്ത ചുവടുവെയ്പ്പ്. ഓടിയോടിത്തളര്‍ന്ന് എത്തിപ്പെടുന്നതുകൊണ്ടാകാം ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ദൂരമുണ്ടെന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ഇതെല്ലാം ഉത്സാഹപൂര്‍വ്വം നേരിടുന്നുവെങ്കില്‍ മാത്രമേ വാര്‍ദ്ധക്യത്തിലേക്ക് കടക്കാന്‍ കഴിയൂ. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ എല്ലാ വൃദ്ധജനങ്ങളും വിജയികളാണ്. ജീവിതത്തിന്റെ ഓടൊടാ ഓട്ടത്തില്‍ തളരാതെയും പതറാതെയും മുന്നേറിയ ധീരതയുടെ ഉദാഹരണങ്ങള്‍ അവരിലെ ചുളിവുകളില്‍ കാലത്തിന്റെ കയ്യൊപ്പും നരച്ച മുടിയിഴകളില്‍ അവര്‍ക്കുള്ള അംഗീകാരവും കാണാം.

കാലത്തിനൊപ്പം സഞ്ചരിച്ച ചരാചരങ്ങള്‍ക്കോരോന്നിനും സഹനത്തിന്റെ ഒരായിരം വിജയഗാഥകള്‍ കാണും പങ്കുവയ്ക്കാന്‍. മുറ്റത്തെ മുത്തശ്ശിമാവിന്റെ ചില്ലകളില്‍ കൂട് കൂട്ടി കളകളശബ്ദത്തോടെ ആനന്ദലഹരിയില്‍ മാമ്പഴത്തിന്റെ മധുരം നുകരുന്ന പക്ഷിക്കൂട്ടം കാതോര്‍ത്താല്‍ തേന്മാവിന്റെ ഗദ്ഗദം കേള്‍ക്കാം. തൈമാവായിരുന്ന കാലം മുതല്‍ ഇന്ന് കാണുന്ന തരത്തില്‍ തണല്‍മരമായി മാറുന്നതിനിടയിലെ യാതനയുടെയും വേദനയുടെയും കഥയാണതിന്റെ ഉള്ളടക്കം. കാലം ചെല്ലും തോറും മരങ്ങള്‍ക്ക് കാമ്പ് കൂടും, വിലയും കൂടും. പഴക്കം ചെല്ലും തോറും സാധനങ്ങളുടെ മൂല്യം കൂടുമെന്ന അര്‍ത്ഥത്തില്‍ ഓള്‍ഡ് ഇസ് ഗോള്‍ഡ് എന്നൊരു പഴമൊഴി പോലുമുണ്ട്. മനുഷ്യര്‍ക്കിടയില്‍ മാത്രം ഒരു വിരോധാഭാസം പോലെ പ്രായാധിക്യം പ്രശ്‌നമായി പ്രതിസന്ധിയായി മാറുന്നതിനുള്ള കാരണം ശാസ്ത്രം എത്ര വളര്‍ന്നിട്ടും അവ്യക്തമായി തന്നെ തുടരുന്നു.

കേരളത്തിലെ വീടിനെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകളില്‍ ഒരു തലമുറ വരെ സന്ധ്യാനേരങ്ങളില്‍ തിരിയോ നിലവിളക്കോ കൊളുത്തി കുടുംബത്തെ മുഴുവന്‍ പ്രാര്‍ത്ഥനാനിരതരാക്കുന്നതിന് അച്ചുതണ്ടായി നില്‍ക്കാന്‍ മുത്തശ്ശിയും മുത്തശ്ശനുമൊക്കെയുണ്ടായിരുന്നു. സ്‌നേഹബന്ധങ്ങളുടെ സ്ഥാനം പണത്തിന് താഴെയാണെന്ന് തെറ്റായ ധാരണ ഭരിക്കുന്ന മനസ്സിന്റെ ഉടമകള്‍ ആ സങ്കല്പം തന്നെ തുടച്ചുമാറ്റി വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളിലാക്കുന്ന ക്രൂരതയ്ക്ക് മുതിര്‍ന്നു. വാര്‍ദ്ധക്യം കുട്ടികാലത്തേയ്ക്കുള്ള തിരിച്ചുപോക്കാണ്. നാല്പത് വയസ്സിനു ശേഷമാണ് ജീവിതം തുടങ്ങുന്നതെന്നും പറയപ്പെടുന്നു. ഒരു കുഞ്ഞിനെ അമ്മ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരുന്നോ അതേ പരിഗണനയും പരിലാളനയും സ്‌നേഹവും മക്കളില്‍നിന്ന് പ്രായമാകുമ്പോള്‍ തിരിച്ച് ലഭിക്കണം. കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും മുന്‍പേ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി നിറവേറ്റിക്കൊടുത്തിരുന്ന മാതാപിതാക്കള്‍ക്ക് അവരുടെ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുന്ന നേരത്ത് കൈത്താങ്ങായി മാറേണ്ടത് മക്കളുടെ കടമയാണ്.

ഉയര്‍ന്ന ശമ്പളത്തോടെ വീട്ടില്‍ താമസിച്ച് വിദേശത്തു ജോലിയുള്ള മക്കളുടെ നാട്ടിലുള്ള രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യത്തിന് പത്രങ്ങളില്‍ ഒരു പേജ് തന്നെ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ പരസ്യം കണ്ട് പേജ് മിറച്ചു വരുമ്പോള്‍ ഹോം നഴ്‌സായി വന്ന് വൃദ്ധയെ അപായപ്പെടുത്തി യുവതി സ്വര്‍ണ്ണവും പണവുമായി കടന്നു എന്ന വാര്‍ത്ത കണ്ടാലും ഞെട്ടലില്ല, ഇതൊക്കെ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. എത്ര തിരക്കാണെങ്കിലും മക്കളെ നോക്കാന്‍ സമയം കണ്ടെത്തുന്നവര്‍ക്ക് കേവലം സ്‌നേഹസാമീപ്യം കൊതിക്കുന്ന അച്ഛനമ്മമാരെ നോക്കാന്‍ നേരമില്ലാത്തതുകൊണ്ടത്രയോ അത്യാഹിതങ്ങളാണ് നടക്കുന്നത്?

ജീവിതത്തിന്റെ മുള്ളുള്ള വഴിയിലൂടെ നടന്ന് ജയിച്ചവര്‍ക്ക് പ്രതീക്ഷിച്ച സ്‌നേഹം തിരിച്ചു കിട്ടാത്ത അവസ്ഥയില്‍ കാലിടറുന്നു. ജീവിക്കാനുള്ള മോഹം പോലും അസ്തമിക്കുന്നു. വൈധവ്യത്തിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയ അമ്മമാര്‍ സ്വത്തിന്റെ പേരില്‍ മക്കള്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ പതറിപ്പോകുന്നു. ഒരായുസ്സിന്റെ ശ്രമഫലമായി നെയ്‌തെടുത്ത സ്വപ്നങ്ങള്‍ ചിന്നിച്ചിതറുന്നത് കാണാന്‍ വിധിക്കപ്പെട്ട കണ്ണുകളെ അവര്‍ പഴിച്ചു പോകുന്നു.

ഒരുപാട് ലേഖനങ്ങളില്‍ ഇതേ വിഷയം ചര്‍ച്ചചെയ്യപ്പെട്ടിരിക്കാം. എന്നാലും ദിനംപ്രതി ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെയും വൃദ്ധസദനങ്ങളുടെയും എണ്ണം കൂടുന്നത് കാണുമ്പോള്‍ ഒരാളിലെങ്കിലും നന്മയുടെ ഒരു കണം വീഴ്ത്താന്‍ എന്റെ എഴുത്തിന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെയാണ് ഈ കുത്തിക്കുറിക്കല്‍.

മറ്റൊരു ദേശത്തും മലയാളികളെപ്പോലെ മക്കളെ സ്‌നേഹിച്ച് നെഞ്ചോട് ചേര്‍ത്ത് വളര്‍ത്തുന്ന അച്ഛനമ്മമാര്‍ ഉണ്ടാവില്ല. കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചാണ് അവരുടെ ചിന്തകളും സ്വപ്നങ്ങളും. തനിക്ക് വേണ്ടി ജീവിക്കാന്‍ പോലും അവര്‍ മറക്കുന്നു. മുന്‍പേ നടന്നവരുടെ അനുഭവങ്ങള്‍ അവര്‍ പാഠമാക്കുന്നില്ല. ജീവിതത്തെ തിരുത്തുന്നില്ല, പരാതിയുമില്ല. അങ്ങനെ സ്വന്തം ജീവിതം മക്കള്‍ക്കായി ഉഴിഞ്ഞു വച്ച മാതാപിതാക്കള്‍ക്ക് പകരമായി എന്ത് ചെയ്താലാണ് മതിയാവുക? ഓര്‍ക്കുക, ഇടയ്ക്ക് തളര്‍ന്ന് വീണില്ലെങ്കില്‍ നാമോരുത്തരും വാര്‍ദ്ധക്യത്തിലേയ്ക്ക് തന്നെയാണ് നടന്നടുക്കുന്നത്. അതിനെ പേടിക്കേണ്ടാത്ത ഒരന്തരീക്ഷം തീര്‍ക്കാന്‍ നമുക്കിപ്പോള്‍ കഴിഞ്ഞാല്‍, നമ്മള്‍ അവിടെയെത്തുമ്പോള്‍ അത് ഗുണം ചെയ്യും.
വാര്‍ദ്ധക്യത്തിലേയ്‌ക്കെത്ര ദൂരം- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക