Image

ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല

സുധീര്‍ പണിക്കവീട്ടില്‍ Published on 21 June, 2012
ഇവര്‍ ചെയ്യുന്നതെന്തെന്ന്‌ ഇവര്‍ അറിയുന്നില്ല
ഒരു കുടം പായസവും ഒത്തിരി സുന്ദരിമാരും എന്ന ചിന്തയുടെ സ്വപ്‌ന പാല്‍പുഴയില്‍ മുങ്ങി നീരാടി നടക്കുന്ന ഒരാള്‍ കാറോടിച്ച്‌ വരികയാണ്‌. അയാള്‍ക്ക്‌ ജീവിതത്തെക്കുറിച്ച്‌ ഗഹനമായ ചിന്തകളില്ല സ്വപ്‌നങ്ങള്‍ മാത്രം. ആ സ്വപ്‌നങ്ങളില്‍ ഒന്നര ചുറ്റിയ നാടന്‍ പെണ്ണുങ്ങള്‍, പുറകില്‍ വിശറി വച്ചുടുത്ത്‌ , കച്ചയും കവണണയും കാതില്‍ വലിയ വട്ടക്കണ്ണികളുമായി നടക്കുന്ന അഴകുള്ള ചേടത്തിമാര്‍, മൈലാഞ്ചിയിട്ട കയ്യാല്‍ തട്ടം വലിച്ചിട്ട്‌ സുറുമയെഴുതിയ കണ്ണുകള്‍കൊണ്ട്‌ കിനാവിന്റെ പൂത്തിരി കത്തിക്കുന്ന ഇത്താത്തമാര്‍. താരുണ്യം ഇറുകുന്ന മാദക പെണ്‍കൊടികള്‍. പിന്നെ വൈക്കത്തഷ്‌ടമിയും, അമ്പലപ്പുഴ വേലയും ആറ്റുകാല്‍ ഭഗവതിയുടെ പൊങ്കാലയും, പഴവങ്ങാടി ഗണപതിയുടെ തേങ്ങാപ്പൂളും തിരുവുള്ളകാവിലെ വിദ്യാദേവിയുടെ നേദിച്ച പഴവുമൊക്കെ ആസ്വദിച്ച്‌ കാലമേ നീ എന്റെ യൗവ്വനം കൊണ്ടു പോപകല്ലേ, എനിക്ക്‌ ജീവിച്ച്‌ മതിയായില്ലെന്ന്‌ പറഞ്ഞ്‌ നടക്കുന്നയാള്‍.

ഭാര്യയോട്‌ സ്‌നേഹവും വിശ്വാസവും ഉണ്ടെങ്കിലും ആരുമറിയാതെ ചില്ലറ ചിറ്റേറ്‌ങ്ങളും പറ്റുകളുമൊക്കെയുള്ള ഒരു കൊച്ചു കള്ളന്‍. അയാള്‍ നോക്കിയപ്പോള്‍ വഴിയരുകില്‍ ഒരു ആണും പെണ്ണും നില്‍ക്കുന്നു. പെണ്ണിനെ അയാള്‍ എവിടെയോ കണ്ടിട്ടുണ്ട്‌. കാര്‍ പതുക്കെ ഓടിച്ചു. അതേ ആ മുഖം തന്നെ. പക്ഷെ മുഖത്തിനു എന്തോ പന്തികേട്‌. ഇവള്‍ ആ ശോശാമ്മ ചെറിയാന്‍ തന്നെ. പണ്ടത്തെ കോളജ്‌ ബ്യൂട്ടി. തന്നെക്കാളും ഒത്തിരി സീനിയര്‍ ആയിരുന്നെങ്കിലും കോളജ്‌ ബ്യൂട്ടിയയത്‌കൊണ്ട്‌ നല്ല ഓര്‍മ്മയുണ്ട്‌. അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ ദേവതേ.. എന്ന പാട്ട്‌
പാടി ഇവളുടെ പുറകെ നടക്കാത്ത ആണ്‍കുട്ടികളുണ്ടായിരുന്നില്ല. പാവം ഇവള്‍ക്കെന്തു പറ്റി. ഇവളുടെ കെട്ടിയോന്‍ ചത്തുപോയോ? എന്താണിവള്‍ വിധവെയപ്പോലെ. ഇവളുടെ കൂടെ ഒരു പാപ്പാനുണ്ടല്ലോ. ഇനിയിപ്പോള്‍ മദ്ധ്യ വയസ്സില്‍ ചമയങ്ങളൊന്നും വേണ്ടന്നു വച്ചതാണോ? ഏതായാലും അയാള്‍ കാര്‍ അടുപ്പിച്ച്‌ ഗ്ലാസ്‌ ഇറക്കി അവരോട്‌ ചോദിച്ചു. `ലേ .. ശോശാമ്മ ചെറിയാന്‍ അല്ലേ? .. അതേയെന്ന്‌ തലയാട്ടി. അയാളെ കണ്ടു മറന്നപോലെ പരിചയത്തോടെ നോക്കി. അയാള്‍ പറഞ്ഞു
. ഞാന്‍ യമുനയുടെ അനിയന്‍ . ഓര്‍മ്മയില്ലേ.. നിങ്ങളുടെ ക്ലാസില്‍ പഠിച്ചിരുന്ന തൃശൂരുകാരി യമുനയെ . മാത്രമല്ല നിങ്ങളുടെ കല്യാണത്തിന്റെ തലേന്നാള്‍ ഞാനും ചേച്ചിയും വീട്ടില്‍ വന്നിരുന്നു. അതിപ്പോള്‍ 25 വര്‍ഷം മുമ്പാണ്‌.

ഓ. അജയന്‍.. കവിതയെഴുതുന്ന.. അവര്‍ അതും പറഞ്ഞ്‌ സുസ്‌മിതം തൂകി. അവര്‍ അടുത്ത്‌ നിന്നയാളിനെ ചൂണ്ടി പറഞ്ഞു, ഇതെന്റെ ഭര്‍ത്താവ്‌. കവി എന്നു വിളിക്കപ്പെട്ടവന്‍ കുറച്ച്‌ നേരം അയാളെ നോക്കി മനസ്സില്‍ പറഞ്ഞു. ഉം.. താനാണ്‌ ആ ഭാഗ്യവാന്‍. ഒത്തിരി ആണ്‍കുട്ടികളുടെ സ്വപ്‌നഹരം തട്ടിയെടുത്തവന്‍. ചിന്തിച്ചിരിച്ചിരിക്കുന്ന അജയനോട്‌ ശോശാമ്മ ചോദിച്ചു. എങ്ങനെ ഇവിടെ എത്തി .

ഒരു നേഴ്‌സിനെ കെട്ടി. കാറില്‍ കയറൂ. നിങ്ങള്‍ക്ക്‌ എവിടെ പോകണം.

ഞങ്ങള്‍ ഇവിടെ ഒരു കണ്‍വന്‍ഷനു വന്നതാണ്‌. തിരിച്ച്‌ ഹോട്ടലിലേക്ക്‌ പോകുകയാണ്‌. അവരെയും കൊണ്ട്‌ അജയന്‍ കാര്‍ മുന്നോട്ടെടുത്തു. സൗന്ദര്യ റാണിയുടെ പ്രിയതമന്‍ എന്തോ പിറുപിറുക്കുന്നു. ഒന്നും മിണ്ടുന്നില്ല. കാറിലെ കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ ശോശാമ്മയും കണ്ണടച്ചിരിക്കുന്നു. സ്വപ്‌ന സഞ്ചാരിയായ അജയന്‍ അയാളുടെ ടേപ്പ്‌ ചലിപ്പിച്ചു. അയാളുടെ ഇഷ്‌ട ഗായകന്റെ സ്വരമുണര്‍ന്നു.

പൗര്‍ണ്ണമി പൂന്തിങ്കളെ. നീ എന്‍ ഹൃദയസ്വപ്‌നമല്ലോ?

ജയചന്ദ്രന്‍ ആ വരികള്‍ ആവര്‍ത്തിക്കുകയാണ്‌. അപ്പോള്‍ ശോശാമ്മ സാരി കൊണ്ട്‌ വീശി..ശ്‌ ശ്‌ എന്നു
ബ്‌ദമുണ്ടാക്കി. അജയന്‍ ചൊദിച്ചു. എ.സി വേണമോ ? ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്‌ പറഞ്ഞു വേണ്ട. പാട്ടു തുടരുന്നു.

എന്‍ ജീവ നിശ്വാസമെ
എന്നനുഭൂതിയല്ലെ..
നീയെന്‍ ഹൃദയ സ്‌പന്ദനമല്ലേ..
ശോശാമ്മ ഭര്‍ത്താവവന്റെ തോളില്‍ തട്ടുന്നു. മതപ്രസംഗകന്റെ വാക്കുകള്‍ ആ പാവങ്ങള്‍ ഓര്‍ക്കുകയാകാം. പാട്ടു തുടര്‍ന്നു..

നിമിഷം തോറും മായിക നിര്‍ജരികള്‍
നൂപുര ധ്വനികള്‍ കാതോര്‍ത്തു ഞാന്‍ ...

പുറകില്‍ നിന്നും ശബ്‌ദം
സ്‌തോത്രം .. സ്‌തോത്രം കര്‍ത്താവെ സ്‌തോത്രം

ഉടനെ ഭര്‍ത്താവും സ്‌തോത്രം സ്‌തോത്രം ഉയര്‍ന്ന ശബ്‌ദത്തില്‍ . അജയന്‍ പാട്ടു നിര്‍ത്തി.
എന്തേ പെട്ടന്നൊരു ദൈവവിളി.

ശോശാമ്മ പറഞ്ഞു യമുനയുടെ സ്ഥാനത്തു നിന്നു പറയുകയാണ്‌ കരുതിയാല്‍ മതി. എന്റെ കുഞ്ഞേ ഇതൊന്നും കേള്‍ക്കരുത്‌. പാപമാണ്‌. മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടേണ്ടേ .. `ഞങ്ങളുടെ കൂടെ ഹോട്ടല്‍ മുറിയില്‍ വരൂ. കണ്‍വന്‍ഷനില്‍ പ്രസംഗിച്ച അനുഗ്രഹീതനായ ആ മനുഷ്യന്‍ അവിടെ വരും. അജയനു സ്വര്‍ഗ്ഗം കിട്ടാനുള്ള മാര്‍ഗ്ഗം അയാള്‍ പറഞ്ഞു തരും. അപ്പോഴേയ്‌ക്കും ഹോട്ടലില്‍ എത്തി.
അവരെ അവിടെ വിടുമ്പോള്‍ അജയന്‍ പറഞ്ഞു പൊന്നു പെങ്ങളെ ഇത്തരം പാട്ടുകേട്ടാലൊന്നും സ്വര്‍ഗ്ഗം നഷ്‌ടപ്പെടുകയില്ല. ഇതു ഞങ്ങളുടെ നാട്ടുകാരന്റെ ശബ്‌ദം. മനോഹരമായ വരികള്‍. ഇതില്‍ എവിടെ സാത്താന്‍, എവിടെ നരകം. ദൈവ വിശ്വാസം വേണം. പക്ഷേ അതു രോഗമായി ഇങ്ങനെ കഷ്‌ടപ്പെടരുത്‌.
എന്റെ അപ്പൂപ്പനപ്പന്മാരായി സംഗീതപ്രേമികളാണ്‌. എനിക്കും സംഗീതം ഇഷ്‌ടമാണ്‌. എന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ സംഗീതം കേള്‍ക്കുന്നതാണ്‌. ഭരണിപ്പാട്ട്‌ കേള്‍ക്കരുത്‌, നീല പടം കാണരുത്‌ എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ട്‌ ഇങ്ങനെയൊക്കെ പറയുന്നത്‌. സങ്കടകരമാണ്‌. അവര്‍ അജയനെ ദയനീയമായി നോക്കി. ഡാന്റെ (ഡാന്റ്‌സ്‌ ഇന്‍ഫര്‍ണോ) വിവരിച്ച നരകത്തിലെ ഘോരാഗ്നിയില്‍ അജയന്‍ നിന്നെരിയുന്നത്‌ അവര്‍ കാണുമ്പോലെ കണ്ണീരൊലിപ്പിച്ചു. അയാള്‍ അവരോട്‌ യാത്ര പറഞ്ഞിറങ്ങി. അപ്പോള്‍ കര്‍ത്താവിന്റെ വാക്കുകള്‍ അയാള്‍ ഓര്‍ത്തു.

ഇവര്‍ ചെയ്യുന്നതെന്താണെന്ന്‌ ഇവര്‍ അറിയുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക