Image

കത്തോലിക്കാ സഭയും ഗര്ഭനിയന്ത്രണവും

റെജി പി ജോര്ജ് Published on 23 June, 2012
കത്തോലിക്കാ സഭയും ഗര്ഭനിയന്ത്രണവും
സന്താനനിയന്ത്രണം, സ്വാതന്ത്ര്യത്തിലേക്കുള്ള കുതിപ്പില് സ്ത്രിയുടെ ആദ്യത്തെ ചുവടുവപ്പാണ്. പുരുഷനു തുല്യ ആകുവാനുള്ള സ്ത്രീയുടെ ശ്രമത്തിലെ ആദ്യചുവടുവപ്പ്. മാനവ വിമോചനത്തിലേക്കുസ്ത്രിയും പുരുഷനും എടുക്കേണ്ട ആദ്യ ചുവടുവപ്പും ഇതാണ്.
Margaret Sanger, “Morality and Birth Control,” Birth Control Review, Feb-Mar., 1918.
ആരോഗ്യ ഇനുഷുറന്സ് മേഖലയില് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി അമേരിക്കയിലെ ഒബാമ ഭരണകൂടം കഴിഞ്ഞ ജനുവരിയില് ഒരു കാര്യം പറയുകയുണ്ടായി. സ്ത്രീകള്ക്കുള്ള ഗര്ഭനിരോധന ഗുളികകളും മറ്റും തീര്ത്തും സൗജന്യമായി അവര്ക്കുള്ള ആരോഗ്യ ഇന്ഷ്വറന്സില് ഉണ്ടായിരിക്കണം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്റെ നിര്ദേശങ്ങള് അനുസരിച്ച്, ചില മതസ്ഥാപനങ്ങള്ക്ക് ഒഴിച്ചുള്ള എല്ലാ ഇന്ഷ്വറന്സുകളും (ഗ്രൂപ്പ് ഇന്ഷ്വറന്സ് പ്ലാനുകളും, തൊഴിലുടമകള് നല്കുന്നതും ഉള്പ്പെടെ) ഇന്ഷ്വര് ചെയ്ത ആള്ക്ക് സൗജന്യമായി ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ച ഗര്ഭനിരോധന ഗുളികകള്, മറ്റ് രീതിയിലുള്ള ഗര്ഭനിരോധനോപാദികള്, രോഗപ്രതിരോധ മരുന്നുകള് എന്നിവ സൗജന്യമായി നല്കേണ്ടതാണ്. എന്നുപറഞ്ഞാല്, അടുത്തവര്ഷം മുതല് തൊഴിലാളികള്ക്ക് ഗര്ഭനിരോധനത്തിനുള്ള ഉപകരണങ്ങളും അതിന് ആവശ്യമായ മറ്റു സാധനങ്ങളും സൗജന്യമായി കിട്ടും.
ഒബാമയുടെ ഈ നയം സ്ത്രീകള്ക്ക് ആവശ്യമായ സാമൂഹിക അരോഗ്യസുരക്ഷയുടെ കാര്യത്തില് ഒരു പുത്തന് കാല്വയ്പാണ്. പ്രത്യേകിച്ചും ആരോഗ്യ സുരക്ഷയില് വലിയ അസമത്വം നേരിടുന്ന ആഫ്രിക്കന്-അമേരിക്കന് സ്ത്രീകള്ക്ക്. സ്ത്രികള്ക്കുള്ള ഗര്ഭനിരോധനം ചെലവേറിയതാണ്. മാത്രമല്ല അത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ കിട്ടി തുടങ്ങിയിട്ടില്ല. പുരുഷനുള്ള ഗര്ഭനിരോധന മാര്ഗം ചിലവു കുറഞ്ഞതാണെന്നു മാത്രമല്ല, അയാള് അതുപയോഗിച്ചില്ലെങ്കിലും ഗര്ഭം ധരിക്കാനോ, കുഞ്ഞിനെ പ്രസവിക്കുവാനൊ പോകുന്നില്ല. അപ്പോള് അങ്ങനെ ഒരു പ്രശ്നം ഉള്ള സ്ത്രീകള്, പ്രത്യേകിച്ചും നമ്മുടെ ചൂഷക പിതൃദായക ക്രമത്തില്, ഗര്ഭനിരോധന മാര്ഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ എളുപ്പത്തില് സ്ത്രീകള്ക്കു ലഭ്യമാക്കുക കൂടി വേണം. അങ്ങിനെയൊരു സാഹചര്യത്തിലാണ് ഒബാമ ഭരണകൂടത്തിന്റെ തീരുമാനം പുരോഗമ സ്വഭാവമുള്ളതാകുന്നത്.
സ്ത്രീകള്ക്ക് ഗര്ഭനിരോധന ഗുളികകള് ആരോഗ്യ ഇന്ഷ്വറന്സ് പരിധിയില് ഉള്പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല് ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില് ഉള്ള ആശുപത്രികള് പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില് ജോലിചെയ്യുന്നവര് തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്പെട്ടിരിക്കുന്നത് എന്നതിനാല് ഈ തൊഴിലാളികള്ക്ക് ഗര്ഭനിരോധന ഗുളികകള്ക്ക് ആവശ്യമായ കവറേജ് നല്കുവാന് തൊഴില് ദാതാവായ സഭ ബാധ്യസ്ഥരാണ്.
നിരവധി ഗര്ഭനിരോധന മാര്ഗങ്ങള് അമേരിക്കയില് ഇപ്പോള് ലഭ്യമാണെങ്കിലും ഏതാണ്ട് പകുതി (49 ശതമാനം), 6.4 മില്യണ്, ഗര്ഭങ്ങളും കുട്ടികള് വേണമെന്ന ആഗ്രഹത്തില് നിന്നും ഉണ്ടാകുന്നതല്ല; മറിച്ച് സ്ത്രീകള്ക്ക് ഗര്ഭനിരോധനത്തിനുള്ള ചിലവ് കൂടുതല് ആയതിനാല് സംഭവിക്കുന്നവ ആണ്. 2002ല് മാത്രം സ്ത്രീകള്ക്ക് തങ്ങള് ആഗ്രഹിക്കാതെ ഉണ്ടായ ഗര്ഭധാരണത്തിന്റെ ചിലവ് മൊത്തം അമേരിക്കന് ഡോളറില് 5 ബില്യണ് (ഏകദേശം Rs 28,000 കോടി) വരും. ഗര്ഭനിരോധന ഗുളികള് സ്ത്രീകള്ക്ക് സൗജന്യമായി ലഭിക്കുന്നതു മൂലം നേരിട്ടുള്ള മെഡിക്കല് ചിലവുകളില് വരുന്ന കുറവ് 19 ബില്യണ് ഡോളര് ആണ്.
കത്തോലിക്കാ സഭയുടെ എതിര്പ്പ്
ഒബാമ ഭരണകൂടത്തിന്റെ നിയമം, കത്തോലിക്കാ സ്ഥാപനങ്ങളായ ആശുപത്രികളെയും യൂണിവേഴ്സിറ്റികളെയും മറ്റും അവിടെ ജോലിചെയ്യുന്നവര്ക്ക് ആരോഗ്യ ഇന്ഷ്വറന്സിനൊപ്പം ഗര്ഭനിരോധനത്തിനുള്ള കവറേജുകൂടെ നല്കുവാന് ബാധ്യസ്ഥരാക്കുന്നത് കത്തോലിക്കാ സഭയെ ചൊടിപ്പിച്ചിരിക്കയാണ്. കത്തോലിക്കാ ബിഷപ്പുമാര് വാദിക്കുന്നത്, ഇത് പോള് ആറാമന് ഇറക്കിയ പേപ്പല് കത്തായ ‘ഹ്യുമാനെ വിറ്റൈ’യ്ക്ക് (Humanae Vitae (Latin Of Human Life) എതിരാണെന്നാണ്. ജോണ് പോള് ആറാമന് 1968ല് കത്തോലിക്കാ സഭയ്ക്ക് ഗര്ഭധാരണത്തിനും പ്രസവത്തിനുമുള്ള നിയമങ്ങള് എന്ന തലക്കെട്ടോടെ വിവാഹാനന്തരമുള്ള പ്രണയം, ഉത്തരവാദിത്വമുള്ള രക്ഷാകര്തൃത്വം, എല്ലാരീതിയിലുമുള്ള ഗര്ഭനിരോധനത്തിനുള്ള വിലക്ക് എന്നിങ്ങനെ സഭയുടെ നിലപാടുകള് വ്യക്തമാക്കി കൊണ്ട് ഇറക്കിയ പേപ്പല് ഡിക്രിയാണ് ഹ്യൂമാനെ വിറ്റൈ. എന്നാല് ഈ കത്ത് പോപ്പ് ഇറക്കുമ്പോള് തന്നെ കത്തോലിക്കാ സഭക്കുള്ളില് വന് വിവാദമായിരുന്നു. ഒന്നാമത്, ഇതിനായുള്ള കമ്മിറ്റിയുടെ ഭൂരിപക്ഷ റിപോര്ട്ട് തള്ളിക്കൊണ്ടായിരുന്നു ഈ കത്ത് ഇറക്കിയത്. ഇതിനു ശേഷം പോപ്പ് ആറാമന് മറ്റൊരു ഡിക്രി ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായിരുന്നു.
എന്നാല് ഇത് സത്യമാണോ? ഉത്തരം ആവശ്യപ്പെടുന്നത് മതത്തിന്റെ അടിസ്ഥാനത്തെയും അധികാരത്തെയും പറ്റിയുള്ള അല്പം ചിന്തയാണ്. ആത്യന്തികമായി മതത്തിന്റെ അവകാശവാദം ദൈവത്തില് നിന്നും കിട്ടിയ അധികാരം ആണ് ഇത് എന്നതാണ്. എന്നാല് നമ്മള് ജീവിക്കുന്നത് ഒരു മാനുഷിക ലോകത്താണ്. ഇവിടെ ദൈവം നമ്മോടു നേരിട്ട് സംസാരിക്കാറില്ല. നമ്മള് ചോദിക്കേണ്ടിയിരിക്കുന്നു, ആരാണു തീരുമാനിക്കുന്നത് ദൈവം തന്ന അധികാരം ആണെന്നത്. ബിഷപ്പുമാരൊ? ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇത് കത്തോലിക്കാ സഭയുടെ പരമാധികാരത്തെ തിളപ്പിക്കുന്ന ഒരു വിഷയം ആണോ എന്നതാണ്.
ഗര്ഭനിരോധനം ആണ് പ്രധാനവിഷയം എന്നു സമ്മതിച്ചാല് കത്തോലിക്കാ ബിഷപ്പുമാര് തോറ്റുപോകുവാന് സാധ്യത കൂടുതലാണ്. 1968ല് ഇറങ്ങിയ ഹ്യൂമന് വൈറ്റെ എന്ന പേപ്പല് ഡിക്രി കൃത്രിമമായുള്ള ഗര്ഭനിരോധനത്തെ നിരോധിച്ചിരുന്നു. എന്തുകൊണ്ടെന്നാല്, എല്ലാ രീതിയിലുമുള്ള ലൈംഗികബന്ധം സന്താനോല്പാദനവുമായി ബന്ധപ്പെട്ടതായിരിക്കണം എന്നുള്ള പള്ളിയുടെ പഠിപ്പിക്കല് മൂലം. എന്നാല് ഇത് അമേരിക്കയില് വിലപ്പോയില്ല. ചില കത്തോലിക്കാ ദൈവശാസ്ത്രഞ്ജര് ഇപ്പോഴും വാദിക്കുന്നത് ഇതൊരു തെറ്റായ ഉപദേശം ആണെന്നാണ്. പഠനങ്ങള് ചൂണ്ടിക്കാട്ടുന്നത്, 98 ശതമാനം കത്തോലിക്കാ സ്ത്രികളും കൃത്രിമ ഗര്ഭനിരോധനോപാധികള് തങ്ങളുടെ ജീവിതത്തില് ഒരിക്കലെങ്കിലും ഉപയോഗിച്ചവരാണെന്നാണ്. കഴിഞ്ഞ മാസത്തില് പുറത്തു വന്ന വാഷിംഗ്ടണ് ആസ്ഥാനമായ പബ്ലിക് റിലീജിയന് റിസേര്ച് ഇന്സ്റ്റിറ്റ്യുട്ടിന്റെ റിപോര്ട്ട് പ്രകാരം 52 ശതമാനം കത്തോലിക്കരും കത്തോലിക്കാ സഭയിയുമായി ബന്ധപ്പെട്ടിരിക്കുന്ന കോളേജുകളിലും ആശുപത്രികളിലും ജോലിചെയ്യുന്നവര്ക്ക് ഗര്ഭനിരോധനത്തിനു കവറേജുള്ള ആരോഗ്യ ഇന്ഷ്വറന്സ് നല്കണം എന്നാണു പറയുന്നത്. ഭൂരിപക്ഷം അമേരിക്കക്കാരും ഗര്ഭനിരോധനം ഒരു പാപമാണെന്നൊ അതു സ്ത്രികള്ക്ക് നിഷേധിക്കുന്നത് ധാര്മികമായി ശരിയാണെന്നൊ വിശ്വസിക്കുന്നവരല്ല. പക്ഷേ, അതല്ല പ്രശ്നം. ധാര്മികതയുടേയും വിശ്വാസത്തിന്റേയും പേരില് പലപ്പോഴും ഒരു ഒറ്റപ്പെട്ട നിലപാടിനെ അടിച്ചേല്പിക്കുകയാണല്ലോ പതിവ്.
സ്ത്രീകള്ക്ക് ഗര്ഭനിരോധന നീതിക്കുള്ള നിയമം കൊണ്ട് ഒബാമ ഭരണകൂടം ആഗ്രഹിക്കുന്നത് ആരോഗ്യ ഇന്ഷ്വറന്സിലുള്ള ലിംഗ സമത്വം ഉറപ്പിക്കുക എന്നതാണ്. ഇപ്പോള് ഗര്ഭനിരോധനത്തിനുള്ള ചിലവും ഗര്ഭധാരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കുമായി സ്ത്രീകള് പുരുഷന്മാരേക്കാള് 68% കൂടുതല് പണമാണ് അവരുടെ പോക്കറ്റില് നിന്നും ചിലവാക്കേണ്ടി വരുന്നത്. ഇതില് നിന്നും വ്യക്തമാണ്, ഒബാമ ഭരണകൂടത്തിന്റെ ലക്ഷ്യം കത്തോലിക്കാ സഭയെ ശിക്ഷിക്കുകയല്ല, മറിച്ച് സ്ത്രീകളുടെ ആരോഗ്യ ഇന്ഷ്വറന്സ് ശാക്തീകരണമാണെന്ന്. 1970കളില് റിപബ്ലിക്കന് പാര്ടിയുടെ റ്റെക്സാസില് നിന്നുമുള്ള കോണ്ഗ്രസ് അംഗം വളരെ ആവേശത്തോടെ വാദിച്ചിരുന്നു, ദരിദ്ര സ്ത്രീകള്ക്ക് ഗര്ഭനിരോധനത്തിനുള്ള ചിലവ് അമേരിക്കന് സര്ക്കാര് വഹിക്കണമെന്ന്. എന്നാല് ഇന്ന് റിപബ്ലിക്കന് പാര്ടി കത്തോലിക്കാ സഭയ്ക്കൊപ്പം നിന്ന് ഇതിനെ എതിര്ക്കുകയാണ്. വോട്ടുരാഷ്ട്രീയത്തിലാണ് റിപബ്ലിക്കന്മാരുടെ കണ്ണ്.
ഏഴു മാസങ്ങള്ക്കു മുമ്പു തന്നെ, കത്തോലിക്കാ സഭ മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്നു പറഞ്ഞ് പല വിഷയങ്ങളുമുയര്ത്തിയിരുന്നു. ഇതില് സ്വവര്ഗ രതിക്കാരുടെ വിവാഹാവകാശവും ഉള്പ്പെടും. ആരോഗ്യ ഇന്ഷ്വറന്സ് ഗര്ഭനിരോധനത്തിനും നല്കുന്നത് അവര്ക്കു വീണുകിട്ടിയ ഒരു വലിയ അവസരമായി. ഒബാമ ഈ വിഷയത്തിലുള്ള തന്റെ തീരുമാനം പങ്കു വയ്ക്കാന് ന്യൂ യോര്ക്ക് ആര്ച്ച് ബിഷപ്പ് തിമൊത്തി ഡോലനു ഫോണ് ചെയ്ത് മണിക്കൂറുകള്ക്കകം വാഷിംഗ്ടണിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ഫറന്സ് ഓഫ് കാത്തലിക് ബിഷപ്സ് ഹെഡ്ക്വാര്ട്ടേഴ്സിന്റെ വെബ്സൈറ്റില് അതിന്റെ പ്രസിഡന്റു കൂടിയായ തിമൊത്തി ഡോലന്റെ ഒരു വീഡീയൊ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസിഡന്റ് ഒബാമയുമായുള്ള ഫോണ് വിളിക്ക് ഒരു ദിവസം മുമ്പ് റെക്കോര്ഡ് ചെയ്തതായിരുന്നു പ്രസ്തുത വീഡിയോ. അതില് അദ്ദേഹം പറയുന്നു: “ഇതിനു മുമ്പ് ഒരിക്കലും ഫെഡറല് സര്ക്കാര് സംഘടനകളെയും വ്യക്തികളെയും നിര്ബന്ധിച്ചിട്ടില്ല, ഇതുപോലെ മാര്ക്കറ്റില് പോയി തങ്ങളുടെ വിശ്വാസങ്ങളെ നിരസിക്കുന്ന ഒരു സാധനം വാങ്ങുവാന്. മത സ്വാതന്ത്ര്യം ബില് ഓഫ് റൈറ്റ്സില് ആമുഖമായി പറഞ്ഞിരിക്കുന്ന ഈ രാജ്യത്ത് ഒരിക്കലും സംഭവിച്ചുകൂടാത്തതാണ്”.
സഭയുടെ പ്രതിസന്ധി
ബിഷപ്പിന്റെ തിടുക്കത്തിലുള്ള പ്രസ്താവന വ്യക്തമാക്കുന്നത് ഒരിക്കല് കത്തോലിക്കാ സഭയ്ക്ക് അമേരിക്കന് സമൂഹത്തില് ലഭിച്ചിരുന്ന സ്ഥാനവും പരിഗണനയും ഒരു മതേതര സംസ്കാരത്തിലേക്കുള്ള നീക്കത്തില് അമേരിക്കയില് നഷ്ടമാകുന്നതാണ്. ഈ പ്രതിസന്ധി വൈറ്റ് ഹൗസിനെ മാത്രമല്ല പരീക്ഷിക്കുന്നത്, ബിഷപ്പുമാരെയും പരീക്ഷയില് അകപ്പെടുത്തിയിരിക്കുകയാണ്. സഭാ വിശ്വാസികള് ബിഷപ്പുമാരെ ഈ വിഷയത്തില് പിന്തുണയ്ക്കുമൊ എന്ന ആശങ്കയിലാണ് സഭ. എന്നാല് കത്തോലിക്കാ സഭ ഈ വിഷയത്തില് ഇവാഞ്ചലിക്കന് സഭയെയും, മറ്റ് മത യാഥാസ്ഥിതിക സംഘങ്ങളേയും കൂട്ടുപിടിച്ചിരിക്കുകയാണ്. യഥാര്ത്ഥ പ്രശ്നം മതസ്വാതന്ത്ര്യമല്ല, മറിച്ച് എല്ലാ സ്ത്രീകള്ക്കും ഗര്ഭനിരോധനത്തിനുള്ള ആരോഗ്യ ഇന്ഷ്വറന്സ് കവറേജ് ആണ്. അതില് ഒബാമാ ഭരണകൂടം ശരിയാണ് എന്നു പറയുന്ന വനിതാ സംഘടനകളെയും, പൊതു ആരോഗ്യസംരക്ഷണ പ്രവര്ത്തകരെയും, ലിബറല് മത നേതാക്കളെയും എതിര്ക്കുക എന്നതാണ് കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ലക്ഷ്യം.

ഒബാമ ഭരണകൂടത്തിന്റെ നയപരമായ തീരുമാനം വന്ന ദിവസം അമേരിക്കയുടെ ഒരു അറ്റം മുതല് മറ്റേ അറ്റം വരെയുള്ള കത്തോലിക്കാ ബിഷപ്പുമാര് ആര്ച്ചുബിഷപ്പ് തിമൊത്തി ഡോലന് നടത്തിയതു പോലെയുള്ള കടുത്ത പ്രസ്താവനകള് തങ്ങളുടെ വെബ്സൈറ്റില് പ്രസിദ്ധീകരിക്കയും, അതിനു ശേഷമുള്ള ഞായറാഴ്ച വൈദീകര് ബിഷപ്പുമാരുടെ പ്രസ്ഥാവനകള് പള്ളിവേദികളില് ആരാധനാമധ്യേ വായിക്കുകയും, തങ്ങളുടെ പ്രസംഗത്തില് മതസ്വാതന്ത്ര്യ പ്രഖ്യാപനം ഈ വിഷയവുമായി കൂട്ടി കുഴയ്ക്കുകയും ചെയ്തു. ബിഷപ്പുമാരുടെ കണക്കുകള് അനുസരിച്ച് അമേരിക്കയിലെ 195 രൂപതകളില് 147ലെയും ബിഷപ്പുമാര് മത സ്വാതന്ത്ര്യത്തെപറ്റി കത്തുകള് എഴുതി അത് പാരീഷ് ബുള്ളറ്റിനുകളിലൂടെയും, ഡയോസിസ് പത്രങ്ങളിലൂടെയും സകല കത്തോലിക്കാ ഭവനങ്ങളിലും എത്തിച്ചു. ചില ബിഷപ്പുമാര് സഭാമക്കളോടു തങ്ങളുടെ നിയമ നിര്മാണ സഭാംഗങ്ങളെ സ്വാധീനിച്ച് ഈ നിയമം തള്ളിക്കളയിക്കുവാന് ആവശ്യപ്പെട്ടു. മറ്റുചില ബിഷപ്പുമാര് ഇതിനെ എതിര്ക്കുവാന് ആഹ്വാനം ചെയ്തു.
കത്തോലിക്കാ പട്ടാള വൈദികരുടെ മേന്നോട്ടമുള്ള ആര്ച്ചു ബിഷപ്പ് തിമോത്തി ബ്രോഗ്ലിയൊ തന്റെ കീഴിലുള്ള വൈദീകര്ക്കു നിര്ദേശം നല്കിയത്, “ഞങ്ങള്ക്ക് കഴിയില്ല, മാത്രമല്ല ഈ നീതിരഹിതമായ നിയമത്തെ അംഗീകരിക്കുവാനേ സാധ്യമല്ല” എന്ന് പട്ടാളക്കാര്ക്കുള്ള വൈദികരുടെ ഇടയ ലേഖനത്തില് എഴുതി വായിക്കുവാനാണ്. എന്നാല് പട്ടാള മേധാവികള് ആ വരികള് വെട്ടിക്കളയുവാന് ഉത്തരവിട്ടു. കാരണം, അത് നിയമ ബഹിഷ്കരണത്തിനുള്ള ആഹ്വാനമായി വ്യാഖ്യാനിക്കുവാന് കഴിയും എന്നതാണ്.
ഇനിയെന്ത്?
അമേരിക്കയുടെ ചരിത്രത്തില് തന്നെ കത്തോലിക്കാ ബിഷപ്പുമാര് ആദ്യമായിട്ടാണ് ഇത്ര വേഗത്തില് ഒരു പ്രത്യേക വിഷയത്തില് പ്രതികരിക്കുവാന് സംഘടിക്കുന്നത്. ബിഷപ്പുമാരെ മൊത്തം സ്വാധീനിച്ചിരിക്കയാണ് ഇത് വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദം. കത്തോലിക്കാ ബിഷപ്പുമാരുടെ പക്ഷത്തുനിന്നും നോക്കിയാല് ഇത് ഗര്ഭനിരോധനത്തിനുള്ള ഇന്ഷ്വറന്സ് കവറേജിന്റെ പ്രശ്നമല്ല. അമേരിക്കന് ആരോഗ്യവകുപ്പിന്റെ കത്തു പ്രകാരം മതകാര്യങ്ങള്ക്കു തങ്ങളുടെ മതത്തില് പെട്ടവരെ സഹായിക്കുവാനുള്ള ജോലി മതസ്ഥാപനങ്ങളില് ചെയ്യുന്നവര് മാത്രമാണ്. ഈ ഇന്ഷ്വറന്സ് പരിരക്ഷയ്ക്കു പുറത്തുള്ളതും അത്തരം സ്ഥാപനങ്ങള് മാത്രമാണ് ഇന്ഷ്വറന്സ് പരിരക്ഷയില് ഗര്ഭനിരോധനം ഉള്പെടുത്തേണ്ടാത്തവരായിട്ടുള്
ളതും. ചര്ച്ചുകള് ഒക്കെ അതുകൊണ്ട് ഈ നിയമത്തിന്റെ പരിധിയില് വരുന്നില്ല പക്ഷെ കത്തോലിക്കാ ആശുപത്രികള്, കോളേജുകള് മറ്റ് പൊതു ജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള് ഒക്കെ നിയമപരിധിയില് വരും.
ഇപ്പോള് അമേരിക്കയിലെ 28 സംസ്ഥാനങ്ങളില് ഈ നിയമം പ്രാബല്യത്തില് ഉണ്ട്. പുതിയ ഫെഡറല് നിയമം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു എന്നുമാത്രം. കത്തോലിക്കാ സഭയെപ്പോലെ ആശുപത്രികളും സ്കൂളുകളും, യൂണിവേഴ്സിറ്റികളും അമേരിക്കയില് എമ്പാടും നടത്തുന്ന യുണൈറ്റഡ് മെഥഡിസ്റ്റ് ചര്ചിന്റെ പോളിസി മാര്ഗനിര്ദേശങ്ങള് നല്കുന്ന ഘടകം ഈ നിയമത്തെ സ്വാഗതം ചെയ്യുകയും സ്ത്രീകള്ക്ക് ഗര്ഭനിരോധനത്തിനുള്ള പോളിസി കവറേജ് അവരുടേ ഇന്ഷ്വറന്സില് ഉള്പെടുത്തുവാന് തീരുമാനിക്കയും ചെയ്തു. മുഖ്യധാരയിലുള്ള പ്രൊട്ടസ്റ്റ്നറ്റ് സഭകള്, മുസ്ലിങ്ങള് പുരോഗമനവാദികളും, യാഥാസ്ഥിതികരുമായ ജൂതന്മാര് എന്നിവര് ഉള്പ്പെടുന്ന ഒരു സഖ്യം ഈ നിയമത്തെ സ്വാഗതം ചെയ്തു. കത്തോലിക്കാ സഭയും മറ്റു യാഥാസ്തിതികരും മാത്രം എതിര്പ്പുമായി നില്ക്കുന്നു. ഈ എതിര്പ്പിന്റെ വൈരുധ്യം സഭ എന്നെങ്കിലും തിരിച്ചറിയുമോ? തിരിച്ചറിയാന് സാധ്യതയില്ലെന്നാണല്ലോ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക