Image

എയര്‍ഫ്രാന്‍സ്‌ 5000 ജീവനക്കാരെ പിരിച്ചുവിടും

Published on 23 June, 2012
എയര്‍ഫ്രാന്‍സ്‌ 5000 ജീവനക്കാരെ പിരിച്ചുവിടും
പാരിസ്‌: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ചെലവുചുരുക്കല്‍ നടപടികളുമായി ഫ്രഞ്ച്‌ വിമാനക്കമ്പനിയായ എയര്‍ഫ്രാന്‍സ്‌. അടുത്തവര്‍ഷം 5000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ എയര്‍ഫ്രാന്‍സ്‌ അധികൃതര്‍ അറിയിച്ചു. ചെലവുചുരുക്കുന്നതിനും കമ്പനിയെ നഷ്ടത്തില്‍നിന്നു കരകയറ്റാനുമാണ്‌ നടപടിയെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. പുതിയ പ്രസിഡന്റ്‌ ഫ്രാന്‍സ്വേ ഒളാന്ദിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമാണ്‌ നടപടി.

മൊത്തം ജീവനക്കാരുടെ 10 ശതമാനമാണ്‌ വെട്ടിക്കുറയ്‌ക്കുന്നത്‌. ഇന്ധനച്ചെലവ്‌ വര്‍ധിച്ചത്‌ എയര്‍ഫ്രാന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഫ്രഞ്ച്‌ഡച്ച്‌ വിമാനക്കമ്പനി എയര്‍ ഫ്രാന്‍സ്‌ കെഎല്‍എമ്മിന്റെ ഭാഗമായ എയര്‍ഫ്രാന്‍സ്‌ യൂറോപ്പിലെ ആദ്യ വിമാനക്കമ്പനിയാണ്‌. ട്രാന്‍സ്‌ഫോം 2015 എന്ന പേരില്‍ കമ്പനി കടുത്ത ചെലവുചുരുക്കല്‍ നടപടിക്ക്‌ ഈ വര്‍ഷം ആദ്യത്തില്‍ തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ തൊഴില്‍ വെട്ടിക്കുറയ്‌ക്കുന്നത്‌. 2011ല്‍ കമ്പനിക്ക്‌ 809 ദശലക്ഷം യൂറോ നഷ്ടമാണുണ്‌ടായത്‌. ഈ വര്‍ഷം ആദ്യപാദത്തില്‍ 368 യൂറോ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഫ്രാന്‍സില്‍ ഒളാന്ദിന്റെ നേതൃത്വത്തില്‍ പുതുതായി അധികാരമേറ്റ സോഷ്യലിസ്റ്റ്‌ സര്‍ക്കാര്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്‌ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ അര്‍ധസര്‍ക്കാര്‍ കമ്പനിയായ എയര്‍ഫ്രാന്‍സ്‌ ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ അറിയിച്ചത്‌.
എയര്‍ഫ്രാന്‍സ്‌ 5000 ജീവനക്കാരെ പിരിച്ചുവിടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക