Image

ഒരു കൈത്തിരിവെളിച്ചം വഴികാട്ടിയാകുമ്പോള്‍

ചുറ്റുവട്ടം - ശ്രീപാര്‍വതി Published on 23 June, 2012
ഒരു കൈത്തിരിവെളിച്ചം വഴികാട്ടിയാകുമ്പോള്‍
സാഹിത്യകാരന്‍ ഒരു പ്രസ്ഥാനമാണെന്നു പറയും. കല കയ്യിലുള്ളവരൊക്കെ അങ്ങനെ തന്നെ. എന്തായാലും അക്രമ രാഷ്ട്രീയം അഴിഞ്ഞാടുന്ന ഇക്കാലത്ത് എന്തുകൊണ്ട് സാമൂഹിക വക്താവായ എഴുത്തുകാരന്‍ സംസാരിക്കുന്നില്ല എന്ന ആക്ഷേപത്തിന്റെ മുനയൊടിച്ചുകൊണ്ട് അവര്‍ ഒത്തു കൂടി. ടി പി ചന്ദ്രശേഖരന്‍ ഒരു നിമിത്തമായെന്ന് വിശ്വസിക്കാനായിരുന്നു എല്ലാവര്‍ക്കും ഇഷ്ടം. ഒരാളുടെ മരണം ആഘോഷിക്കുകയല്ല, മറിച്ച് അതൊരു തുടക്കമായെന്ന് സ്വയം വിശ്വസിക്കാനും കേള്‍ക്കുന്നവരെ വിശ്വസിപ്പിക്കാനും പ്രഭാഷകര്‍ എല്ലാവരും ശ്രമിച്ചു.

ചില മരണങ്ങള്‍ അങ്ങനെയാണ്, ടി പി ചന്ദ്രശേഖരന്‍ എന്ന പോരാട്ടവീര്യം തുളുമ്പുന്ന നായകന്‍ ഒരു കൈത്തിരി ആയിരുന്നില്ല, ഒരു ആളിക്കത്തല്‍തന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു മാറ്റം ആ മരണം വരുത്തിയെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവ് തീര്‍ച്ചയായും അതുകണ്ട് സന്തോഷിക്കുന്നുണ്ടാകും.

സാമൂഹിക-സാംസ്കാരിക-സാഹിത്യ-കലാ കൂട്ടായ്മ ഒരു പ്രതീക്ഷയാണ്, നല്‍കുന്നത്. ഒരു ഏറ്റുപറച്ചിലില്‍ ഒതുക്കി നിര്‍ത്താതെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുകളില്‍ നില്‍ക്കാന്‍ കരുത്തുള്ള ഒരു ഗ്രൂപ്പ്. പക്ഷേ അവനവന്റെ ആര്‍ജ്ജവം തിരിച്ചറിയപ്പെടാതെ പോയതാണ്, എഴുത്തുകാരന്റെ പരാജയമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. അങ്ങനെയൊരു പരാജയത്തിന്റെ കൈപ്പുനീര്‍ അധികം കുടിച്ചവനാണ്, എഴുത്തുകാരന്‍, ഒരുപക്ഷേ സാംസ്കാരിക, കലാ വകുപ്പുകളില്‍പെട്ട മറ്റൊരാളെക്കാളും അധികം. കാരണം തൂലിക പടവാളാക്കാനുള്ള എഴുത്തുകാരന്റെ കഴിവിന്റെ നേര്‍ക്കാണ്, ഓരോ ആരോപണങ്ങളും വന്നുവീഴുന്നത്, അവരത് അര്‍ഹിക്കുന്നുണ്ടെങ്കിലും.

ഇക്കഴിഞ്ഞ ദിവസം സാഹിത്യ അക്കാഡമി ഹാളില്‍ വച്ചു നടന്ന കലാ-സാഹിത്യ -സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരു തീപ്പൊരിയായിരുന്നു ഉയര്‍ത്തിയത്. പരസ്പരമുള്ള ഏഗോയും താന്‍പോരിമയും മാറ്റിവച്ച് നിപുണന്‍മാര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരു വന്‍മതിലിന്റെ സുരക്ഷിതത്വം. ഇനിയും ഈ അക്രമരാഷ്ട്രീയത്തെ അംഗീകരിക്കാനാവില്ലെന്ന് ശബ്ദമുയരുമ്പോള്‍ ആ വന്‍മതിലിന്റെ ഉറപ്പ് കണ്ടു മനസ്സു നിറഞ്ഞു. സംസ്ഥാനതല സമ്മേളനത്തില്‍ ഒതുങ്ങാതെ ജില്ലാതല പ്രവര്‍ത്തനങ്ങളില്‍കൂടി പ്രവര്‍ത്തകര്‍ മുന്നേറ്റം കുറിയ്ക്കണമെന്ന് പലരും ഒര്‍മ്മിപ്പിച്ചു. സത്യമാണ്, അടിത്തട്ടു മുതല്‍ തുടങ്ങണം, മാറ്റത്തിന്റെ കൊടുങ്കാറ്റ്. ഒരുമിച്ച്നിന്നാല്‍ തകര്‍ന്നു വീഴാന്‍ പോകുന്ന രാഷ്ട്രീയ സമതലങ്ങള്‍ക്ക് ഭയപ്പാടോടെ മാത്രം നോക്കാന്‍ കഴിയുന്ന ഒരു അടിത്തറ.

സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട അഭിപ്രായങ്ങളില്‍ ഒന്ന് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട സുതാര്യതയാണ്. ഒരുപക്ഷേ അക്രമരാഷ്ട്രീയം എന്ന ചട്ടക്കൂട് പൊളിച്ചെഴുതാന്‍ സഹായിക്കുന്ന ഒരു അഭിപ്രായം, പക്ഷേ അഭിപ്രായം ആര്‍ക്കും പറയാമല്ലോ, നിലപാട് ആര്‍ക്കുമെടുക്കാമല്ലോ, പക്ഷേ വാക്കുകളില്‍ ഒതുങ്ങാതെ ഇരിക്കാനാണ്, വിഷമം. ഈ അക്കാഡമി ഹാളില്‍ കൊളുത്തിയ കൈത്തിരി പകരാനുള്ളതാണ്. അത് ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവര്‍ വിചാരിച്ചാല്‍ കൊളുത്താനും കഴിയില്ല, ഗ്രൂപ്പിസത്തിലൊതുങ്ങാതെ സാമൂഹികമായ പങ്കാളിത്തത്തോടെ മാത്രമേ ഒരു ശക്തമായ പ്രസ്ഥാനം നിലനില്‍ക്കുകയുള്ളൂ. അതിന്റെ അടിത്തറ തീര്‍ച്ചയായും നമ്മുടെ മനസ്സും. പാകപ്പെട്ട മനസ്സിലേ ഉദാത്തമായ ചിന്തകളുണ്ടാകൂ, വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും അപക്വമായ വിഹ്വല മനസ്സുകള്‍ക്കേ കഴിയൂ, വിമര്‍ശനം നല്ലതാണ്, പക്ഷേ അവരവരുടെ പങ്കാളിത്തം ഉറപ്പാക്കിയതിനുശേഷം മാത്രം. ഈ കൈത്തിരി ഒരിക്കലും കെടാതിരിക്കട്ടെ, കോടിക്കണക്കിനുള്ള നമ്മുടെ മനസ്സുകളിലേയ്ക്ക് ഈ നാളം പകരാനായാല്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിത്തുടങ്ങും. അക്രമ രാഷ്ട്രീയവും മതഭീകരവാദവും അവിടെ പൊളിച്ചെഴുതപ്പെടും. പക്ഷേ അടിസ്ഥാനവര്‍ഗ്ഗം കാണിക്കേണ്ട ആദര്‍ശശുദ്ധി കളഞ്ഞു കുളിക്കരുത്.

ഈ മാറ്റം ,തീരുമാനം ഒരു പ്രതീക്ഷയാണ്. മുന്നോട്ടു പോകാന്‍ പ്രേരകശക്തിയായി ഒരുപാട് ഹൃദയങ്ങള്‍ ഉണ്ടാകുമെന്ന വിശ്വാസമാണ്, വേണ്ടത്. അതിനുള്ള ആര്‍ജ്ജവം ഓരോ മലയാളിയ്ക്കും ഉണ്ടാകട്ടെ, കൊളുത്തിയ തിരി അണയ്ക്കാതിരിക്കാനുള്ള ധൈര്യം അത് കൊളുത്തിയ ഓരോ എഴുത്തുകാരനും നേടട്ടെ...
ഒരു കൈത്തിരിവെളിച്ചം വഴികാട്ടിയാകുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക