Image

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല: ഹമദ്‌ രാജാവ്‌

Published on 25 June, 2012
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുനിന്നുള്ള സഹായം ആവശ്യമില്ല: ഹമദ്‌ രാജാവ്‌
മനാമ: പുറത്തുനിന്നുള്ള ആരുടെയും സഹായമില്ലാതെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ജനതയാണ്‌ ബഹ്‌റൈനിലുള്ളതെന്ന്‌ രാജാവ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കിടയിലും ശക്തമായ ബന്ധത്തിലൂടെ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

ജനങ്ങളെ സേവിക്കുകയെന്നതാണ്‌ സര്‍ക്കാര്‍ നിലനില്‍ക്കുന്നതിന്‍െറ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധനാലയങ്ങളിലെ പ്രസംഗപീഠങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന്‌ നീതിന്യായഇസ്ലാമികകാര്യഔഖാഫ്‌ മന്ത്രാലയം നടപടികള്‍ സ്വീകരിക്കണം. അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നല്‍കുന്നതല്ല, മറിച്ച്‌ സമൂഹത്തിന്‌ കൃത്യമായ ദൈവിക പാത കാണിച്ചുകൊടുക്കുന്ന വിശുദ്ധ ദൗത്യമാണ്‌ പള്ളി മിമ്പറുകള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക്‌ രാജാവ്‌ പിന്തുണ പ്രഖ്യാപിച്ചു. പണ്ഡിതരും ചിന്തകരും സാഹിത്യകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും ഇതിനായി രംഗത്ത്‌ വരേണ്ടത്‌ അനിവാര്യമാണ്‌. വിവിധ വീക്ഷണങ്ങളുണ്ടായിരിക്കെ തന്നെ ഒന്നിച്ചു നില്‍ക്കാനുള്ള കരുത്ത്‌ നമുക്ക്‌ ഒരിക്കലും ചോര്‍ന്ന്‌ പോകാന്‍ പാടില്‌ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിഷ്‌കളങ്കരായ വ്യക്തിത്വങ്ങളെക്കൊണ്ട്‌ രാജ്യം അതിന്‍െറ സുരക്ഷയും സ്വസ്ഥതയും കാത്തുസൂക്ഷിക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന സാമൂഹിക ബോധമാണ്‌ ബഹ്‌റൈന്‍െറ പ്രത്യേകത. മനുഷ്യാവകാശത്തിന്‍െറ അടിസ്ഥാനങ്ങളിലും ഭരണഘടനയുടെ നിര്‍ദേശങ്ങളോട്‌്‌ ചേര്‍ന്ന്‌ നില്‍ക്കുന്നതുമായ വിധികളും നിയമങ്ങളുമാണ്‌ ഇവിടെയുള്ളത്‌. അതുകൊണ്ടുതന്നെ നിയമം മാനിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഭാവപരവും ചിന്താപരവുമായ വ്യതിചലനങ്ങളുടെ വിപാടനത്തിന്‌ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, യൂത്ത്‌ ആന്‍റ്‌ സ്‌പോര്‍ട്‌സ്‌്‌ വിഭാഗം, ഇന്‍ഫര്‍മേഷന്‍ വിങ്‌ എന്നിവയുമായി നിരന്തര സഹകരണവും പദ്ധതികളും ആവശ്യമാണ്‌.

രാജ്യം മുന്നോട്ട്‌ കുതിക്കാന്‍ അനുഗ്രഹിച്ചതിന്‌ ദൈവത്തിന്‌ നന്ദി പ്രകാശിപ്പിച്ച അദ്ദേഹം പരിഷ്‌കരണത്തിന്‍െറയും പുരോഗതിയുടെയും പാതയില്‍ ജനതാല്‍പര്യത്തിന്‌ അനുഗുണമായി സര്‍ക്കാര്‍ നിലകൊണ്ടത്‌്‌ കാരണമാണ്‌ ഇത്‌ സാധ്യമായതെന്ന്‌ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക്‌ അനുസൃതമായി ചലിക്കാത്ത സര്‍ക്കാരുകള്‍ക്ക്‌ മാറ്റങ്ങളോ പുരോഗതിയോ കൊണ്ടുവരാന്‍ കഴിയില്ല. വൈജ്ഞാനിക അടിത്തറയില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നോക്കിയായിരിക്കണം സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കേണ്ടത്‌. ജനങ്ങളുമായി നേരിട്ട്‌ സംവദിക്കാന്‍ സര്‍ക്കാര്‍ മെഷിനറികള്‍ മുന്നോട്ടുവരണമെന്ന്‌ രാജാവ്‌ ആഹ്വാനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക