Image

മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്‌റ്റില്‍

Published on 25 June, 2012
മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്‌റ്റില്‍
ഷാര്‍ജ: അക്രമി സംഘത്തിന്റെ കുത്തേറ്റ്‌ മലയാളി വ്യാപാരി മരിക്കാനും നാല്‌ പേര്‍ക്ക്‌ പരുക്കേല്‍ക്കാനും ഇടയായ സംഭവത്തില്‍ പ്രതികളെന്ന്‌ സംശയിക്കുന്ന 12 പാക്കിസ്‌ഥാനികളെ അറസ്‌റ്റ്‌ ചെയ്‌തതായി ഷാര്‍ജ പൊലീസ്‌ അറിയിച്ചു.

റോള പഴയ ഗുവൈര്‍ മാര്‍ക്കറ്റില്‍ ഇലക്‌ട്രോണിക്‌സ്‌ കട നടത്തുന്ന കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്‌ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ്‌ ഷെരീഫ്‌ (34) ആണ്‌ മരിച്ചത്‌. ചിത്താരി മുക്കൂട്‌ ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (32), കൊല്ലപ്പെട്ട മുഹമ്മദ്‌ ഷെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24), കടയിലെ ജീവനക്കാരനായ അന്‍വര്‍ (26) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. കൈക്ക്‌ നിസാര പരുക്കേറ്റ അന്‍വര്‍ ഒഴികെയുള്ളവരെ കുവൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖലീല്‍ പിന്നീട്‌ ആശുപത്രി വിട്ടു.

ശനിയാഴ്‌ച രാത്രി പത്തരയ്‌ക്ക്‌ പഴയ ഗുവൈര്‍ മാര്‍ക്കറ്റ്‌ എന്നറിയപ്പെടുന്ന വ്യാപാര കേന്ദ്രത്തിലാണ്‌ സംഭവം. കാലപ്പഴക്കം കാരണം ഈ കേന്ദ്രം പൊളിച്ചുമാറ്റാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം വൈദ്യുതി വിച്‌ഛേദിക്കുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്‌ വ്യാപാരികള്‍ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കല്‍ മേള നടത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഷെരീഫിന്റെ കടയിലെത്തിയ അക്രമി സംഘത്തിലെ രണ്ടു പേര്‍ നേരത്തെ വാങ്ങിയ ഇലക്‌ട്രോണിക്‌ ഉപകരണം മടക്കി നല്‍കാന്‍ ശ്രമിച്ചെങ്കിലും തിരിച്ചെടുക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്‌ ശേഷം പ്രതികള്‍ പൊലീസിന്‌ തങ്ങളെ വ്യാപാരികള്‍ അക്രമിച്ചു എന്ന്‌ പറഞ്ഞു ഫോണ്‍ ചെയ്‌തിരുന്നു. തുടര്‍ന്ന്‌ കാണിച്ചു തരാം എന്നു പറഞ്ഞ്‌ തിരിച്ചുപോയ രണ്ടുപേരും ശനിയാഴ്‌ച രാത്രി ഇരുപതോളം പേരെയും കൂട്ടി കടയിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികള്‍ ഫോണ്‍ ചെയ്‌തതില്‍ നിന്നാണ്‌ ഇവരെക്കുറിച്ച്‌ വിവരം ലഭിച്ചതെന്ന്‌ പറയുന്നു

കത്തികളും മറ്റു ആയുധങ്ങളുമായാണ്‌ എല്ലാവരും ആക്രമണത്തിനെത്തിയത്‌. ഗുരുതര പരുക്കേറ്റ ഷെരീഫിനെ പൊലീസ്‌ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. എല്ലാവരുടെയും വയറ്റിനും പുറംഭാഗത്തുമാണ്‌ കുത്തേറ്റത്‌. കുവൈത്ത്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക്‌ ശേഷം നാട്ടിലേയ്‌ക്ക്‌ കൊണ്ടുപോകുമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ഷാര്‍ജയിലുണ്ടായിരുന്ന ഭാര്യ സുഹ്‌റയും മക്കളായ ഷഹദാസ്‌ (നാല്‌), അസീം (ഒന്ന്‌) എന്നിവരും ഒരാഴ്‌ച മുന്‍പാണ്‌ നാട്ടിലേയ്‌ക്ക്‌ പോയത്‌.

ആസ്യയാണ്‌ മുഹമ്മദ്‌ ഷരീഫിന്റെ മാതാവ്‌. സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി, കുഞ്ഞബ്‌ദുല്ല (ഇരുവരും ദുബായ്‌), പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ ഭാര്യ സുഹ്‌റ, സുബൈര്‍, ഹസന്‍ കുഞ്ഞി, സൈനബ, ഉമൈബ.
മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്‌റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക