Image

കേഴുകെന്റെ നാടേ (കവിത: ഏബ്രഹാം തെക്കേമുറി)

Published on 25 June, 2012
കേഴുകെന്റെ നാടേ (കവിത: ഏബ്രഹാം തെക്കേമുറി)
കേഴുക കൈരളീ! നീളാനദിനന്ദിനീ
അദൈ്വത പാദങ്ങള്‍ ഗ്രസിച്ച ഭൂമി
വിത്തത്താല്‍ പിത്തം പിടിച്ചതാലിന്നു നിന്‍
സദാചാരങ്ങളെല്ലാം നശിച്ചതോര്‍ത്തു.
കള്ളം, കപടം, കാഞ്ചനമേനി മോഹം കൊ
ണ്ടുള്ളം കലങ്ങിയ സാമൂഹ്യസേവകര്‍
ഇസത്തില്‍ ലയിച്ചിട്ടീശ്വരനോടെതിര്‍ക്കുന്ന
നിരീശ്വരവാദികളാം മന്ത്രിപ്രമുഖരും
അര്‍ത്ഥത്തിലാശ പെരുത്തതാലുപദേശം
അര്‍ത്ഥമില്ലാതുരയ്‌ക്കുന്ന ആത്‌മീയസോദരര്‍
മുറ്റും നയിക്കുന്നതാല്‍ നിന്‍ സുതരായവര്‍
പറ്റമായ്‌ നശിക്കുന്നതോര്‍ത്തു കേഴുക കൈരളി
തലകള്‍ കൊയ്‌തൊഴുക്കും നിണത്താലെ
ഈശ്വരബലികള്‍ നടത്തുന്നൊരു കൂട്ടം
കൊന്നൊടുക്കി ഭരിക്കുന്നതു വിപ്‌ളവത്തിന്‍
വിശേഷണമെന്നു വേറെ ചിലര്‍
നഷ്ടപ്പെട്ട മക്കളും ഭര്‍ത്താവുമെന്നിങ്ങനെ
വിഷാദരോഗത്തിനടിമയാം ഹൃദയങ്ങളും
എല്ലാം വിസ്‌മരിച്ചങ്ങു്‌, വിശ്രുതിതരായ്‌
സ്വപ്‌നലോകത്തില്‍ വാഴും ജനങ്ങളും.
ശൃംഗാരലതികകള്‍ തിങ്ങിനിറഞ്ഞതാലു
ഭാദരായ്‌ പായുന്ന യുവജനവൃന്ദവും
വേളീപ്രായം ഉയര്‍ത്താനൊരു ഭാഗേ ശ്രമം മറു
ഭാഗേ ഭവിക്കുന്നു, കന്യ അകാലേ ജനനിയായ്‌.
കാമുകച്ചതിയമ്പേറ്റാത്‌മാവേ ത്യജിച്ചതാല്‍
ഏകജഡം ദ്വിജീവല്‌പ സാക്ഷിയാകുന്നഹോ
മദ്യത്തില്‍ സുന്ദരരാത്രികള്‍ കണ്ടവരായുസ്സിന്‍
മദ്ധ്യത്തിലാരുമറിയാതെ യമപുരി പൂകുന്നഹോ.
വിത്തം പെരുത്തതാലൊരു ഗണം വിദ്യ വെറുക്കുന്നു
വിദ്യയിലുന്നതര്‍ സന്മാര്‍ഗ്ഗം വെടിയുന്നു
അമിതധനം ഹേതുവാം സര്‍വ്വദോഷത്തില്‌പം
വിത്തത്തിന്‍ വിനകള്‍ കണ്ടു്‌ കേഴുകെന്റെ നാടേ.
കേഴുകെന്റെ നാടേ (കവിത: ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക