Image

കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു

സലിം കോട്ടയില്‍ Published on 26 June, 2012
കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു
കുവൈറ്റ്‌ : കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷേയ്‌ഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അല്‍ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമര്‍പ്പിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കഴിഞ്ഞ ദിവസം ഭരണഘടനാ കോടതിയുടെ അസാധാരണ വിധിയിലൂടെ തെരഞ്ഞടുപ്പ്‌ വഴി നിലവില്‍ വന്ന കുവൈറ്റ്‌ പാര്‍ലമെന്റിനെ അസാധുവാക്കുകയും തൊട്ടു മുമ്പത്തെ പാര്‍ലമെന്റിനെ പുനഃസ്ഥാപിക്കുകയും ചെയ്‌തിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ്‌ മന്ത്രിസഭയുടെ രാജി.

ഇതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജിവയ്‌ക്കുന്ന ഒന്‍പതാമത്തെ സര്‍ക്കാരാണ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ജാബിര്‍ അല്‍ സബയുടെത്‌. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഷെയ്‌ഖ്‌ ജാബിര്‍ അല്‍ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍ വന്നത്‌. ഭരണഘടന കോടതിയുടെ വിധി നടപ്പിലാക്കുന്നതിന്റ ഭാഗമായാണ്‌ സര്‍ക്കാറിന്റെ രാജിയെന്ന്‌ വിവര സാങ്കേതിക മന്ത്രി ഷേയ്‌ഖ്‌ അബ്ദുള്ള അല്‍ മുബാറക്‌ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്‌ ഭൂരിപക്ഷമുണ്‌ടായിരുന്ന പാര്‍ലമെന്റില്‍ തുടരെ തുടരെയുണ്‌ടാകുന്ന കുറ്റ വിചാരണയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്‌. കുറ്റവിചാരണയ്‌ക്കുശേഷം അവിശ്വാസ വോട്ടെടുപ്പിലേക്ക്‌ പ്രതിപക്ഷ നിര കടക്കുമെന്നു ഉറപ്പായപ്പോയാണ്‌ ധനമന്ത്രി മുസ്‌തഫ അല്‍ ശിമാലി രാജിവച്ചത്‌.

ഭരണഘടന കോടതി വിധി പഠിക്കാനായി മുന്നംഗ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ്‌ മന്ത്രിസഭ രാജിവച്ചതെന്ന്‌ കരുതുന്നു. പരിമിതമായ ജനാധിപത്യം നിലവിലുള്ള കുവൈറ്റില്‍ കുറച്ചു കാലമായി രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുകയാണ്‌.
കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക