Image

ഓ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരും: ഫ്രാന്‍സിസ്‌ വലിയപറമ്പില്‍

തോമസ്‌ പുളിക്കല്‍ Published on 26 June, 2012
ഓ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരും: ഫ്രാന്‍സിസ്‌ വലിയപറമ്പില്‍
ലണ്ടന്‍: ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി, കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഉടന്‍ നിലവില്‍ വരുമെന്ന്‌ ഒ.ഐ.സി.സി ദേശീയ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യു.കെയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി താഴേതട്ടിലുള്ള ഘടകങ്ങളായ കൗണ്‍സിലുകളില്‍ കമ്മറ്റികള്‍ സംഘടിപ്പിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അംഗത്വത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ കെ.പി.സി.സിയ്‌ക്ക്‌ കൈമാറിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഒ.ഐ.സി.സി യു.കെയുടെ ദേശീയ കമ്മറ്റി ഉടന്‍ പ്രഖ്യാപിക്കുന്നതിന്‌ കെ.പി.സി.സി നേതൃത്വം മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി യു.കെയില്‍ ഫലപ്രദമായി കാമ്പയിന്‍ കമ്മറ്റി പ്രവര്‍ത്തിക്കുകയും അതോടൊപ്പം തന്നെ തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌ക്കോട്ട്‌ലാന്റിലും നോര്‍ത്തേണ്‍ അയര്‍ലന്റിലുമുള്ള കൗണ്‍സിലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസം മാഞ്ചസ്റ്ററില്‍ വച്ച്‌ നടത്തിയ സമ്മേളനത്തില്‍ മുന്നൂറില്‌പരം പേരെ പങ്കെടുപ്പിക്കാന്‍ സാധിച്ചത്‌ കാമ്പയിന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മികച്ച പരിപാടികളില്‍ ഒന്നായിരുന്നു. അതോടൊപ്പം തന്നെ ലണ്ടനില്‍ നടന്ന കലാപത്തില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ പൂര്‍ണ്ണമായ വിവരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്ക്‌ ഓഫീസിലെത്തി കൈമാറുകയും അക്രമത്തില്‍ കട നശിപ്പിക്കപ്പെട്ട പത്തനംതിട്ട സ്വദേശിയുടെ വീട്ടില്‍ എം.പിയോടൊപ്പമെത്തി സമാശ്വസിപ്പിക്കുകയും ചെയ്‌തു. കാമ്പയിന്‍ കമ്മറ്റിയുടെ കീഴില്‍ പ്രത്യേക യോഗം ചേര്‍ന്ന്‌ പിറവം ഉപതെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി സബ്‌ കമ്മറ്റി രൂപീകരിക്കുകയും സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നുവെന്നുള്ളതും അഭിമാനകരമായ ഒന്നാണ്‌. കൂടാതെ യു.കെയിലെ നിരവധി മലയാളികള്‍ക്ക്‌ നേരിട്ടിരുന്ന പ്രശ്‌നങ്ങളിലും പരിഹാരം കാണുന്നതിന്‌ വേണ്ടി യു.കെയിലെ ഇന്ത്യന്‍ എംബസിയുമായും കോണ്‍സലേറ്റുകളുമായും സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനപ്രതിനിധികളുമായും മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുന്നതിനും കാമ്പയിന്‍ കമ്മറ്റിയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. കെ.പി.സി.സിയുടെ അംഗീകാരത്തോടെ ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി നിലവില്‍ വരുന്നതോടെ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം നടത്തുവാന്‍ സാധിക്കുമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഫ്രാന്‍സിസ്‌ വ്യക്തമാക്കി.

ഒ.ഐ.സി.സിയുടെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരുമെന്ന്‌ ബോധ്യപ്പെട്ടതോടെ ഇത്രയും കാലം യു.കെയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടി നടന്നിരുന്ന ചിലര്‍ നടത്തുന്ന വ്യാജ പ്രസ്‌താവനകളില്‍ കോണ്‍ഗ്രസ്‌ അനുഭാവികളായ ഒരാള്‍ പോലും വഞ്ചിതരാവരുതെന്നും ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ ഓര്‍മ്മിപ്പിച്ചു. കെ.പി.സി.സി നിരീക്ഷകന്‍ പങ്കെടുത്ത ഒ.ഐ.സി.സിയുടെ മാഞ്ചസ്റ്റര്‍ സമ്മേളനം തീവ്രവാദികളുടെ സമ്മേളനമാണെന്ന്‌ പറഞ്ഞ്‌ വേദി നിഷേധിക്കുന്നതിലേയ്‌ക്ക്‌ കാര്യങ്ങള്‍ എത്തിച്ച ഒരു മുന്‍ മണിചെയിന്‍ മോഡല്‍ ബിസിനസ്‌ നടത്തിപ്പുകാരനും ഇയാളുടെ പിതൃസഹോദരന്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവിന്റെ ജര്‍മ്മനിയിലുള്ള മകനും ചേര്‍ന്ന്‌ യു.കെയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന ശ്രമങ്ങള്‍ പുതിയ സാഹചര്യത്തിലും ആവര്‍ത്തിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തി ഒര്‍ഗനൈസിങ്‌ കമ്മറ്റി പ്രഖ്യാപിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഇവര്‍ വിവിധ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌ പുറത്ത്‌ വന്നിട്ടുണ്ട്‌. കമ്മറ്റിയില്‍ അംഗങ്ങളായി ഇവര്‍ പറയുന്ന പലരും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ല. ജര്‍മ്മനിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതിന്‌ മാത്രം കെ.പി.സി.സി അനുമതി നല്‍കിയിട്ടുള്ള വ്യക്തി ഒ.ഐ.സി.സി ശക്തമായ യു.കെയിലും അയര്‍ലണ്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാണ്‌ നിരന്തരം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ആളുകളുടെ കുപ്രചരണങ്ങളില്‍ വീഴരുതെന്ന്‌ കോണ്‍ഗ്രസ്‌ സംസ്‌ക്കാരമുള്ള എല്ലാ യു.കെ മലയാളികളോടും ഫ്രാന്‍സിസ്‌ വലിയപറമ്പില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.
ഓ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി ഉടന്‍ നിലവില്‍ വരും: ഫ്രാന്‍സിസ്‌ വലിയപറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക