Image

സമുദായത്തെ വളഞ്ഞിട്ടു തല്ലുന്നവര്‍

ഒ അബ്ദുല്ല Published on 27 June, 2012
സമുദായത്തെ വളഞ്ഞിട്ടു തല്ലുന്നവര്‍
"മലപ്പുറം ജില്ലയില്‍ പാണക്കാട് തങ്ങളുടെ ശരീഅത്താണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്'
'- മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് വിജയരാഘവന്‍. "കേരളത്തില്‍ ഇറങ്ങിനടക്കണമെങ്കില്‍ ഒരു പ്രത്യേക സമുദായക്കാര്‍ ധരിക്കുന്ന തൊപ്പി ധരിക്കേണ്ടത് ആവശ്യമാണെന്നു തോന്നുന്നു''- ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. "വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക വസതിയുടെ പേരായ 'ഗംഗ' എന്നതു മാറ്റുന്നതിനു പകരം വകുപ്പിനു വന്നുപെട്ട പേരുദോഷമാണു മാറ്റേണ്ടത്''- കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ജോയി. "മുസ്ലിംലീഗിന്റെ തോന്ന്യാസമാണു വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നത്. ഏറ്റവും മോശമായ വകുപ്പാണു വിദ്യാഭ്യാസ വകുപ്പ്. മന്ത്രിസഭയില്‍ മതന്യൂനപക്ഷങ്ങള്‍ക്കാണ് ആധിപത്യം''- എന്‍.എസ്.എസ് സംസ്ഥാന സെക്രട്ടറി സുകുമാരന്‍ നായര്‍.

ഒരു ദിവസത്തെ (23.06.12) പത്രങ്ങളില്‍ നിന്നു മാറ്റിയെടുത്ത വാര്‍ത്താശകലങ്ങളാണു മേലെ എഴുതിയത്. സി.പി.എം പോലുള്ള കറയറ്റ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബി.ജെ.പി തുടങ്ങിയ കടുത്ത വര്‍ഗീയ സംഘടനാസാരഥികള്‍ക്കും സവര്‍ണ സാമുദായിക സംഘടനാമേധാവികള്‍ക്കും ഒരു പ്രത്യേക മതസ്ഥരെക്കുറിച്ചാവുമ്പോള്‍ ഒരേ സ്വരം, ഒരേ വിരോധം, ഒരേ നിറം! കേരളത്തിനു ഭ്രാന്താവുകയാണോ എന്നു സംശയിക്കുമാറുള്ള ജല്‍പ്പനങ്ങള്‍.

ഇത്രമാത്രം അരിശംകൊള്ളാന്‍ ഇവിടെ എന്താണാവോ സംഭവിച്ചത് എന്നു ചോദിക്കുന്നില്ല. പണ്ടു പട്ടിണി കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് റബീഉല്‍ അവ്വല്‍ നേര്‍ച്ചയ്ക്കു പോയ ആള്‍ വരിയില്‍ ഇരിക്കവെ ഒരില ചോറിനു പകരം രണ്ടില ചോറു ലഭിക്കാന്‍ തലയിലെ തൊപ്പിയെടുത്തു കാല്‍മുട്ടില്‍ ഇട്ടു. വിളമ്പുകാരന്‍ തൊപ്പിയിട്ട കാല്‍മുട്ടിനു മുമ്പിലും ചോറു വിളമ്പി. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ അനുവദിക്കുക വഴി പുതുതായി പാര്‍ട്ടിക്ക് ഒരില ചോറു പോലും ലഭിക്കുകയുണ്ടായിട്ടില്ല എന്നതാണു വാസ്തവം.

ഇവിടെ തൊപ്പിക്കാരന്റെ ഭക്ഷണം ഒരാള്‍ക്കു പകരം രണ്ടാള്‍ക്കായി വീതംവയ്ക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിന്റെ പേരിലാണു പന്തളം നായന്‍മാര്‍ സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ ഇന്ത്യ വിടാന്‍ ഒരുങ്ങുന്നത്. അതിന്റെ പേരിലാണു സി കെ പത്മനാഭനു പുറത്തിറങ്ങി നടക്കാന്‍ മാപ്പിളതൊപ്പിക്കായി മുഹിയുദ്ദീന്‍ പള്ളി സ്ട്രീറ്റിലേക്ക് ആളെ പറഞ്ഞയക്കുന്നത്. അതിന്റെ പേരിലാണ് ഏതു നിമിഷവും ശരീഅത്ത് നടപ്പാക്കപ്പെടുമെന്നു ഭയന്നു കൈകള്‍ ഛേദിക്കപ്പെടാതിരിക്കാന്‍ ഭയാശങ്കയോടെ സി.പി.എം നേതാവ് മലപ്പുറം ജില്ലയില്‍ നിന്നു പുറത്തുകടക്കാന്‍ ധൃതികൂട്ടുന്നത്.

ആനുഷംഗികമായി സി കെ പത്മനാഭനോട് ഒരു കാര്യം പറയട്ടെ. മുസ്ലിംകളില്‍ ഒരു വിഭാഗം തലയില്‍ തൊപ്പി ധരിക്കാറുണ്െടങ്കിലും തൊപ്പി മുസ്ലിംകളുടെയോ ഇസ്ലാമിന്റെയോ ചിഹ്നമല്ല. കേരളത്തിലെന്നല്ല, സിറിയ, ഇറാഖ്, ഈജിപ്ത്, ഫലസ്തീന്‍ മുതലായ രാജ്യങ്ങളിലൊന്നും മഹാഭൂരിപക്ഷം മുസ്ലിംകളും തൊപ്പി ധരിക്കാറില്ല. മുസ്ലിം പുരുഷന്‍മാരെ വേര്‍തിരിച്ചറിയാനുള്ള സാര്‍വത്രികവും സാര്‍വലൌകികവുമായ അടയാളം വേറെ കിടക്കുന്നു. അന്നു ലീഗ് നേതാവ് പരേതനായ പി സീതിഹാജി എം വി രാഘവനോട് നിയമസഭയില്‍ വച്ച് "വാ രാഘവാ, ലീഗിലേക്ക് വാ, എന്നാല്‍ പക്ഷേ, പൊന്നാനിയിലൂടെ ആയിരിക്കണം വരുന്നത്'' എന്നു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ച അടയാളം. മുസ്ലിം പുരുഷന്റെ ഇസ്ലാമിക അടയാളം അതാണ്. എന്താ പത്മനാഭന്‍ജിക്ക് പ്രസ്തുത അടയാളത്തോട് ഖുശ്വന്ത് സിങ് എഴുതിയതുപോലെ അസൂയ തോന്നുന്നുണ്േടാ?

'പാണക്കാട് തങ്ങള്‍ ശരീഅത്ത് നടപ്പാക്കുന്നു, ഓടിക്കോ' എന്നു സി.പി.എം നേതാവ് വിജയരാഘവന്‍ പറഞ്ഞത് അരീക്കോട് കുനിയിലെ ഇരട്ടക്കൊലപാതകങ്ങള്‍ മുമ്പില്‍ വച്ചാവും. ഓടാം, ഓടലാണു നല്ലത്. പക്ഷേ, എങ്ങോട്ടേക്കാണ് ഓടേണ്ടതെന്നതാണു പ്രശ്നം. പക്ഷേ, സി.പി.എം പ്രവര്‍ത്തകന്‍ സ്വാഭാവികമായും ഓടുക തങ്ങളുടെ ആസ്ഥാനജില്ലയിലേക്കായിരിക്കുമല്ലോ, കണ്ണൂരിലേക്ക്. എന്താണവിടത്തെ അവസ്ഥ? കൊടിസുനിയും ടി പി രജീഷും സിജിത്തും അനൂപും കാരകളായ ചന്ദ്രശേഖറും രാജനും ഉടവാളും വടിവാളും ഊരിനില്‍ക്കുന്ന ഒരു ദേശത്തേക്ക് എങ്ങനെയാണ് അഭയത്തിനായി ഓടിച്ചെല്ലുക? പകരം തെക്കോട്ടേക്ക് ഓടിയാല്‍ അവിടെ കാത്തിരിക്കുന്നത് വണ്‍, ടൂ, ത്രീ, ഫോര്‍. കുറേയെണ്ണത്തിനെ വെടിവച്ചും കുറേയെണ്ണത്തെ തല്ലിയും കുറേയെണ്ണത്തെ കുത്തിയും കൊല്ലാന്‍ മണിസാര്‍ കൂസലന്യേ കാത്തുനില്‍ക്കുന്നു.

അല്ല വിജയരാഘവന്‍ സാര്‍, നെഞ്ചത്തു കൈവച്ചു പറയൂ: ഇതിനേക്കാള്‍ എത്രയോ ഭേദമല്ലേ പാണക്കാട് തങ്ങളുടെ ശരീഅത്ത് പുലരുന്ന മലപ്പുറം ജില്ല? കുനിയില്‍ നടന്നത് രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കൊലപാതകമല്ലെന്നും ഒരു പന്തുകളിയെ തുടര്‍ന്നുണ്ടായ കൊലപാതകത്തിനുള്ള പകരംവീട്ടലാണ് ഒരേ വീട്ടിലെ രണ്ടുപേരുടെ ഹീനമായ കൊലയില്‍ അവസാനിച്ചതെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഇതിനെക്കുറിച്ചാണോ പാണക്കാട്ടെ ഫത്വയെന്നും മലപ്പുറം ശരീഅത്ത് എന്നും പറഞ്ഞു വിജയരാഘവനെപ്പോലുള്ള ഒരാള്‍ സാമുദായികാന്തരീക്ഷം കലക്കുന്നത്? കുനിയില്‍ അരുതാത്തതു സംഭവിച്ചു. അതു തീര്‍ത്തും മുസ്ലിംലീഗിന്റെ മുന്നൊരുക്കത്തിന്റെയും പി കെ ബഷീറിന്റെ പരാക്രമത്തിന്റെയും ഫലമായി സംഭവിച്ചതാണ് എന്നുതന്നെ ഒരു നിമിഷം സങ്കല്‍പ്പിക്കുക. എന്നാല്‍പ്പോലും മലപ്പുറം ജില്ലയാവുന്ന 'ശരീഅത്തിസ്ഥാനെ' കണ്ണൂരിലെ ലെനിന്‍ഗ്രാഡിനോടു ചേര്‍ത്തുപറയുന്നത് എന്തുമാത്രം വസ്തുനിഷ്ഠമാണ്! കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനുള്ളതിനേക്കാള്‍ സ്വാധീനം മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗിനുണ്െടന്ന് ആര്‍ക്കാണ് അറിയാത്തത്? മുസ്ലിംലീഗിന് 12 എം.എല്‍.എമാരാണു മലപ്പുറം ജില്ലയില്‍ നിന്നു മാത്രം. സി.പി.എമ്മിനോ? മലപ്പുറം ജില്ലയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും ലീഗുകാരാണ്. അതേയവസരം കണ്ണൂരിലെ എം.പിയായ സുധാകരന്‍ എന്ന കോണ്‍ഗ്രസ്സുകാരനാണു സി.പി.എമ്മിന്റെ പേടിസ്വപ്നം. എന്നിട്ടും മലപ്പുറം ജില്ലയില്‍ ഒരൊറ്റ പാര്‍ട്ടിഗ്രാമവുമില്ല. ആ ജില്ലയില്‍ ആര്‍ക്കും ഏതു പത്രവും വായിക്കാം. ഏതു പ്രസിദ്ധീകരണവും വരുത്താം. ഏതവസരത്തിലും ഏതു യോഗവും ചേരാം. എവിടെ വേണമെങ്കിലും കടന്നുചെല്ലാം. ഇപ്പറഞ്ഞ ഏതെങ്കിലുമൊന്നു കണ്ണൂരിന്റെ കാര്യത്തില്‍ സാധ്യമാണോ? കേരളത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ കാല്‍ഡസന്‍ കൊലപാതകങ്ങള്‍ക്കു കാര്‍മികത്വം വഹിക്കുക വഴി കൈമുട്ട് നഷ്ടപ്പെട്ടവര്‍ക്ക് എങ്ങനെയാണു ചെറുവിരലിന് ഒരല്‍പ്പം നീര്‍വീക്കമുള്ളവരെ കുറ്റപ്പെടുത്താന്‍ സാധിക്കുക?

വിജയരാഘവന്റെയും സി കെ പത്മനാഭന്റെയും പ്രസ്താവനകളിലെ സ്വരസാദൃശ്യം ഒട്ടും അസാധാരണമാവാനിടയില്ല; അവ ഒട്ടും അവിചാരിതവുമല്ല. അഞ്ചാം മന്ത്രി എന്നതൊക്കെ കേവലമൊരു നിമിത്തം മാത്രമാണ്. ആഗോളതലത്തില്‍ സപ്തംബര്‍ 11നു ശേഷം രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ ഫലമായി ഭയചകിതരായ മുസ്ലിംകളെ ശരീഅത്തും സുന്നത്തും പറഞ്ഞു വിരട്ടലും മൂക്കു മുറിക്കുമെന്നു കാണിച്ചു കത്തിയണക്കലും ഇന്നൊരു ഫാഷനായിരിക്കുന്നു. മറുത്തെന്തെങ്കിലും പറയാന്‍ ചുണ്ടനക്കിയാല്‍ അവന്റെ ഗതി തടയന്റവിട നസീറിന്റേതാണ്. കാരണം ചോദിക്കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യാതെ അയാള്‍ കാരാഗൃഹത്തിലടക്കപ്പെടും. ജൂണ്‍ 24ലെ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ചു ഗുജറാത്തിനെ മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിലെയും മഹാരാഷ്ട്രയിലെയും ജയിലുകളിലാണു ജനസംഖ്യാനുപാതത്തേക്കാള്‍ മുസ്ലിംകള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ഈ വിഷയത്തില്‍ നരേന്ദ്രമോഡിയോടൊപ്പമാണു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സ്ഥാനം എന്നു ചുരുക്കം.

അതിരിക്കട്ടെ, ജീവിതകാലത്തു പരമസ്വാത്വികനും വിശ്വമാനവികതയുടെ ഉടല്‍രൂപവുമായി സര്‍വരാലും വാഴ്ത്തപ്പെടുകയും നിര്യാതനായപ്പോള്‍ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും അപ്പോസ്തലനായി ഉയര്‍ത്തിക്കാണിക്കപ്പെടുകയും ചെയ്ത പാണക്കാട് ശിഹാബ് തങ്ങളുടെ സഹോദരന്‍, തന്റെ ജ്യേഷ്ഠനില്‍ നിന്നു വളരെയൊന്നും വ്യത്യസ്തമായ നയവും നിലപാടും സമീപനങ്ങളും സ്വീകരിച്ചുപോരുന്നതിനു തെളിവുകളില്ല എന്നിരിക്കെ, പാണക്കാട് തങ്ങളെ മുമ്പില്‍ നിര്‍ത്തി ശരീഅത്തും സുന്നത്തും പറഞ്ഞു ഭൂരിപക്ഷവികാരം ഇളക്കിവിടാനുള്ള ശ്രമം, എറിയുന്നതു കണ്ണാടിക്കൂട്ടില്‍ നിന്നായാലും തിരിച്ച് ഏറു ലഭിക്കില്ലെന്ന ഉറപ്പുമൂലമല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്?

സ്ഥാനത്തും അസ്ഥാനത്തും മുസ്ലിംകളുമായി ബന്ധപ്പെട്ട സകല കാര്യങ്ങളിലേക്കും അടുത്ത കാലത്തായി പിണറായി വിജയനടക്കമുള്ളവര്‍ തീവ്രവാദം, ഭീകരവാദം മുതലായ പദങ്ങള്‍ ഉരുട്ടിക്കൊണ്ടുവരുന്നത് ഒരിക്കലും യാദൃച്ഛികമാവാന്‍ തരമില്ല. ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തെത്തുടര്‍ന്നു ബന്ധപ്പെട്ട പത്രത്തെ വിവാദത്തില്‍ കുടുക്കി നിര്‍ത്തിപ്പൊരിച്ചവര്‍, തദ്സംബന്ധമായ ലേഖനം എഴുതിയ വ്യക്തിയെ കഴിഞ്ഞ കുറേ നാളുകളിലായി നിശ്ശബ്ദനാക്കി നിര്‍ത്തിയതിന്റെ പിന്നാമ്പുറക്കഥകളില്‍ നിന്നു വായിച്ചെടുക്കാവുന്നതും മറ്റൊന്നല്ല. ഇസ്ലാമിനെയും മുസ്ലിംകളെയും ആര്‍ക്കും എന്തും പറയാം, അതു വീണുകിടക്കുന്ന മരമാണ്. തിരിച്ചുപറയാനും തിരിച്ചടി നല്‍കാനും ആളുണ്ടാവില്ല. അഥവാ, വല്ല അവിവേകിയും അതിനൊരുമ്പെട്ടാല്‍ അവന്‍ തീവ്രവാദിയാണ്, ഭീകരനാണ്. തടിയന്റവിട നസീറിന്റെ അളിയനാണ്, അമ്മോശനാണ്.

നിലവിലെ പരിതഃസ്ഥിതിയില്‍ മുസ്ലിംലീഗ് കൈക്കൊള്ളുന്ന നിലപാടുതന്നെ മതി ഒന്നാംതരം ഉദാഹരണമായി. എം കെ മുനീറിനെയും കെ എം ഷാജിയെയും പോലെ കറകളഞ്ഞ സെക്കുലരിസ്റ് പ്രതിഭകള്‍ എന്തുമാത്രം ആവേശത്തോടെയായിരുന്നു ജമാഅത്തെ ഇസ്ലാമിയെയും പോപുലര്‍ ഫ്രണ്ടിനെയും തീവ്രവാദമുദ്ര കുത്താനായി ചിലര്‍ കൂട്ടയോട്ടം സംഘടിപ്പിച്ചപ്പോള്‍ കൂടെ ഓടിയിരുന്നത്. ഇപ്പോള്‍ സന്ധ്യാസമയത്തെ കൊതുകിനെപ്പോലെ നാനാഭാഗത്തുനിന്നും ഒരു കൂട്ടര്‍ സമുദായത്തെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും മറുപടി പറയാന്‍ ഒരുത്തനും നാവനക്കുന്നില്ല. കാരണം, തങ്ങളല്ലാത്ത മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തി പ്രഹരിക്കുമ്പോള്‍ ഇവര്‍ കൂട്ടത്തില്‍ കൂടി നല്ലപിള്ള ചമയുകയായിരുന്നുവല്ലോ.

ഇപ്പോള്‍ സ്വന്തം സംഘടനയ്ക്കും വിശ്വാസത്തിനുമെതിരേ കടന്നാക്രമണം നടക്കുമ്പോള്‍ മറുത്തെന്തെങ്കിലും മൊഴിഞ്ഞാല്‍ തീവ്രവാദ-വര്‍ഗീയ ചാപ്പകുത്തലുകള്‍ സ്വന്തം കുപ്പായത്തില്‍ പതിയുമെന്നവര്‍ ആശങ്കിക്കുന്നു. വിമര്‍ശകര്‍ക്കു സമുദായത്തിന്റെ മതേതര സന്തുലിതത്വത്തെ തകര്‍ക്കുന്ന എന്തും പറയാം. മറുപടി പറയാനൊരുങ്ങിയാല്‍ പരിധി വിടുന്നുവെന്നാണു പല്ലവി.

സമൂഹത്തിനും സമുദായത്തിനും മുമ്പില്‍ പരിധി നിശ്ചയിക്കാനും ആ പരിധിക്കു മുകളിലൂടെ കുമ്മായമിടാനുമുള്ള ചുമതല കെ മുരളീധരനെയും സുകുമാരന്‍നായരെയും ആരാണാവോ ഏല്‍പ്പിച്ചിരിക്കുന്നത്? ഒരു കാര്യം തുറന്നുപറയാം: രാഷ്ട്രീയമായ കാര്യലാഭത്തിന്റെ പേരില്‍ മൌനം പാലിക്കുന്ന തല്‍പ്പരകക്ഷികളുണ്ടാവാം. എന്നാല്‍, അതിനെയൊന്നും എള്ളോളം വിലവയ്ക്കാത്ത രാഷ്ട്രീയമുന്നേറ്റം സമുദായത്തില്‍ രൂപപ്പെട്ടുവരുമെന്ന യാഥാര്‍ഥ്യം ദയവായി മറക്കാതിരിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക