Image

ഇന്ത്യക്കാരന്റെ കൊലപാതകം; സൗദിയില്‍ മൂന്നു പേരുടെ തലവെട്ടി

Published on 27 June, 2012
ഇന്ത്യക്കാരന്റെ കൊലപാതകം; സൗദിയില്‍ മൂന്നു പേരുടെ തലവെട്ടി
റിയാദ്‌: സൗദി അറേബ്യയിലെ കിഴക്കന്‍ ഖാതിഫ്‌ മേഖലയില്‍ മൂന്നു സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ കൊഹിമോ അഹമ്മദ്‌ എന്നയാളുടെ കട കൊള്ളടിച്ച ശേഷം വെടിവച്ചു കൊന്നതിനാണ്‌ മൂന്നു സൗദി സ്വദേശികളുടെ തലവെട്ടിയതെന്ന്‌ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേസില്‍ കുറ്റക്കാരാണെന്ന്‌ കണ്‌ടെത്തിയ ഹുസൈന്‍ ബിന്‍ അഹമ്മദ്‌ ഷ്വെയ്‌ഖത്‌, അബ്‌ദുല്‍ അസീസ്‌ ബിന്‍ ഹസന്‍ അല്‍ മാതൂഖ്‌, ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ മാതൂഖ്‌ എന്നിവരുടെ വധശിക്ഷയാണ്‌ നടപ്പാക്കിയത്‌.

മറ്റൊരു കേസില്‍ അബ്‌ദുല്ല ബിന്‍ സഅദ്‌ അല്‍ മസ്‌മ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഖാലിദ്‌ ബിന്‍ സഈദ്‌ അല്‍ അസ്‌മാരി എന്നയാളുടെ വധശിക്ഷയും നടപ്പാക്കി. സൗദിയില്‍ ഇന്നലെ ഒരു സിറിയന്‍ വംശജന്റെ വധശിക്ഷയും നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വടക്കന്‍ മേഖലയായ ജവായില്‍ മയക്കുമരുന്നു കടത്തിനു പിടിയിലായ വില്യം ഹതൂം എന്നയാളുടെ വധശിക്ഷയാണ്‌ നടപ്പാക്കിയത്‌. ഇതോടെ ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്‌ക്കു ഇരയായവരുടെ എണ്ണം 45 ആയി. 2011ല്‍ 76 പേര്‍ക്കും ഇസ്‌ലാമിക്‌ ശരീഅത്ത്‌ നിയമപ്രകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ നടപ്പാക്കി. തലയറുത്താണ്‌ സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക