Image

ഖത്തറില്‍ വന്‍ അഗ്‌നിബാധ: കോടികളുടെ നാശനഷ്ടം

Published on 27 June, 2012
ഖത്തറില്‍ വന്‍ അഗ്‌നിബാധ: കോടികളുടെ നാശനഷ്ടം
ദോഹ: രാജ്യത്ത്‌ ഇന്നലെയുണ്ടായ രണ്ട്‌ അഗ്‌നിബാധകളില്‍ കോടികളുടെ നാശനഷ്ടം. സൈലിയക്കടുത്ത വ്യവസായ മേഖലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിലാണ്‌ കൂടുതല്‍ നാശനഷ്ടങ്ങളുള്ളത്‌. ഇവിടെ നിരവധി ഗോഡൗണുകളും ട്രക്കുകളും കത്തിനശിച്ചതായാണ്‌ വിവരം. അല്‍ സൈലിയയിലെ ഫാമില്‍ മരം കൊണ്ട്‌ നിര്‍മിച്ച വീടുകളും കാബിനുകളും അഗ്‌നിക്കിരയായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ആളപായമില്‌ളെന്നും ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ്‌ സംഘം തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സല്‍വ റോഡില്‍ റമദ ഹോട്ടലിന്‌ 20 കിലോമീറ്റര്‍ അകലെ വ്യവസായ മേഖല ഒമ്പതിനും പത്തിനും സമീപം വിശാലമായ കോമ്പൗണ്ടിലാണ്‌ തീപിടിത്തമുണ്ടായത്‌. പത്തിലേറെ ഗോഡൗണുകളും മുപ്പതോളം ട്രെയിലറുകളും കത്തിനശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ഗോതമ്പ്‌ സൂക്ഷിച്ച ഗോഡൗണുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടും. ഇതിന്‌ സമീപം നൂറോളം തൊഴിലാളികളും താമസിക്കുന്നുണ്ട്‌.

തീപിടിത്തമുണ്ടായ ഉടന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നത്തെിയ സിവില്‍ ഡിഫന്‍സ്‌ യൂനിറ്റുകള്‍ ചേര്‍ന്ന്‌ വൈകുന്നേരത്തോടെയാണ്‌ തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയത്‌. ഈ ഭാഗത്തേക്കുള്ള റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിട്ട്‌ പൊലീസ്‌ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കോടികളുടെ നാശനഷ്ടമാണ്‌ കണക്കാക്കുന്നത്‌. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല.

മാമൂറ പച്ചക്കറി മാര്‍ക്കറ്റിന്‌ സമീപത്തുണ്ടായ തീപിടിത്തത്തില്‍ ലേല ഓഫിസ്‌ പൂര്‍ണമായി കത്തിനശിച്ചു. മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ഓക്ഷന്‍ ഓഫിസിലാണ്‌ തീപിടിത്തമുണ്ടായത്‌. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം. ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ 12 മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഇവിടെയും ആളപായമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക