Image

യു.എ.ഇയില്‍ അനധികൃത താമസം: സ്‌ത്രീകള്‍ ഉള്‍പ്പടെ 355 പേര്‍ പിടിയില്‍

Published on 02 July, 2012
യു.എ.ഇയില്‍ അനധികൃത താമസം: സ്‌ത്രീകള്‍ ഉള്‍പ്പടെ 355 പേര്‍ പിടിയില്‍
അബുദാബി: താമസ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു രാജ്യത്തു തങ്ങിയ സ്‌ത്രീകളും നുഴഞ്ഞുകയറ്റക്കാരും ഉള്‍പ്പെടെയുള്ള 355 അനധികൃത താമസക്കാരെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 166 പേര്‍ അബുദാബിയിലും 96പേര്‍ അല്‍ഐനിലും 53പേര്‍ അജ്‌മാനിലും 40 പേര്‍ റാസല്‍ഖൈമയിലുമാണ്‌ ഒരാഴ്‌ചയ്‌ക്കിടെ പൊലീസ്‌ പിടിയിലായതെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 പുരുഷന്‍മാരും 50 സ്‌ത്രീകളുമാണ്‌ അബുദാബിയില്‍ നിന്നു പിടിയിലായത്‌. ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന്‌ ഒളിച്ചോടിയവരായിരുന്നു. മിന്നല്‍ പരിശോധനക്കിടയില്‍ കുടുങ്ങിയവരാണ്‌ ഇവരിലധികവും. തലസ്‌ഥാന നഗരിയിലെ മാര്‍ക്കറ്റുകളിലും വിവാഹാഘോഷ ഹാളുകളിലും സംഘമായി സംശയകരമായ നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ്‌ ചിലര്‍ പിടിക്കപ്പെട്ടതെന്നും പൊലീസ്‌ വിശദീകരിച്ചു.

അല്‍ഐനില്‍ അറസ്‌റ്റിലായ 96പേരില്‍ 53 പേരുടെ കൈവശം രേഖകളൊന്നുമില്ല. 24പേര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയവരും 14പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന്‌ ഒളിച്ചോടിയവരുമായിരുന്നു. സ്‌പോണ്‍സറുടെ കീഴിലല്ലാതെ നിയമ വിരുദ്ധമായി മറ്റുള്ളവരോടൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ്‌ അഞ്ചു പേര്‍ പിടിയിലായത്‌. അജ്‌മാനില്‍ പതിനഞ്ചിടങ്ങളില്‍ നിന്നാണ്‌ 53 അനധികൃത താമസക്കാരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതില്‍ വീട്ടുജോലിക്കെത്തിയ 50 സ്‌ത്രീകളും സ്‌പോണ്‍സര്‍മാരില്‍ നിന്ന്‌ ഒളിച്ചോടിയ മൂന്നുപേരുമുണ്ടെന്നും അജ്‌മാന്‍ പൊലീസ്‌ അറിയിച്ചു.
റാസല്‍ഖൈമയില്‍ നടത്തിയ 13 മിന്നല്‍ പരിശോധനകളിലാണ്‌ 21സ്‌ത്രീകളും 19 പുരുഷന്മാരും അറസ്‌റ്റിലായത്‌.

രാജ്യാതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെയും നിയമങ്ങള്‍ക്കും സാംസ്‌ക്കാരിക നിലവാരത്തിനും വിരുദ്ധമായി രാജ്യത്തു കഴിയുന്നവരെയും പിടികൂടാന്‍ ശക്‌തമായ പരിശോധന നടത്തുമെന്ന്‌ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മെന്‍ഹാലി അറിയിച്ചു. അനധികൃത താമസക്കാരെക്കുറിച്ചും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെക്കുറിച്ചും 80080 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച്‌ വിവരം നല്‍കാം.
യു.എ.ഇയില്‍ അനധികൃത താമസം: സ്‌ത്രീകള്‍ ഉള്‍പ്പടെ 355 പേര്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക