Image

ഓഹരി ബ്രോക്കറുടെ കഥയുമായി സ്‌കോഴ്‌സസെ ചിത്രം

Published on 03 July, 2012
ഓഹരി ബ്രോക്കറുടെ കഥയുമായി സ്‌കോഴ്‌സസെ ചിത്രം
ഓഹരി വിപണിയിലെ ബ്രോക്കറുടെ യഥാര്‍ത്ഥ ജീവിതാനുഭവത്തെ ആധാരമാക്കി വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസെ സംവിധാനം ചെയ്യുന്ന ദ വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് എന്ന ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍ നടി മാര്‍ഗരറ്റ് റോബി നായികയാകുന്നു. ലിയാനാര്‍ഡോ ഡി കാപ്രിയോ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭാര്യയായാണ് റോബി വേഷമിടുന്നത്. 


എ.ബി.സി ടെലിവിഷനിലെ പാന്‍ ആം എന്ന പരമ്പരയിലൂടെ അടുത്തകാലത്ത് ശ്രദ്ധനേടിയ നടിയാണ് റോബി. ജോര്‍ദന്‍ ബെല്‍ഫോര്‍ട്ട് എന്ന ഓഹരി ബ്രോക്കറുടെ ഓര്‍മ്മക്കുറിപ്പുകളെ ആധാരമാക്കി ടെറന്‍സ് വിന്ററാണ് ചിത്രത്തിന് തിരക്കയെഴുതിയിരിക്കുന്നത്. ചിത്രീകരണം ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ ആരംഭിക്കും. 

കുട്ടികളുടെ സിനിമകളുടെ പഴയശേഖരവുമായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്

മൂന്നു പതിറ്റാണേ്ടാളം അവധിക്കാലങ്ങളില്‍ ചിത്രീകരിച്ച കുട്ടികളുടെ സിനിമകള്‍ നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തുന്നു. 1950കള്‍ മുതല്‍ 80കള്‍വരെയുള്ള നൂറുകണക്കിന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ അവയില്‍ അഭിനയിച്ച താരങ്ങളില്‍ പലരും പ്രശസ്തിയുടെ ഉന്നതങ്ങളിലാണിപ്പോള്‍. 

ഫില്‍ കോളിന്‍സ്, മൈക്കിള്‍ ക്രൗഫോര്‍ഡ്, ലെസ്‌ലി ആഷ്, സുസന്‍ ജോര്‍ജ്, സാഡി ഫോറസ്റ്റ്, ഗാരി കെംപ് തുടങ്ങിയ താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ചിത്രങ്ങള്‍ എല്ലാം റിലീസ് ചെയ്യുമെന്ന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കി. 

മെന്‍ ഇന്‍ ബ്ലാക്കിലെ വാച്ചിന് ഡ്യൂപ്ലിക്കേറ്റ്; കമ്പനി നിയമനടപടിക്ക് 

മെന്‍ ഇന്‍ ബ്ലാക്ക്-3ല്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചിന്റെ ഡ്യൂപ്ലിക്കേറ്റ് നിര്‍മിച്ച് സിനിമയുടെ മേല്‍വിലാസമുപയോഗിച്ച് പരസ്യം ചെയ്യുന്ന കമ്പനിക്കെതിരെ യഥാര്‍ഥ നിര്‍മാതാക്കളായ സ്വാച്ച് ഗ്രൂപ്പ് നിയമനടപടി ആരംഭിച്ചു. പകര്‍പ്പവകാശലംഘനം, വിപണിയിലെ അനാരോഗ്യകരമായ മത്സരം, ആളുകളെ തെറ്റിധരിപ്പിച്ച് പരസ്യം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സ്റ്റര്‍ലിംഗ് ഒറിജിനല്‍ എല്‍.സി.സി കമ്പനിക്കെതിരെ സ്വാച്ച് ഗ്രൂപ്പ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തത്. 

അടുത്തയിലെ ഹാംഗ് ഓവര്‍ പാര്‍ട്ട്-2ല്‍ ഉപയോഗിച്ച ഒരു ഹാന്‍ഡ് ബാഗുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ട കേസില്‍നിന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു നൂറ്റാണ്ട് പിന്നിട്ട ഹാമില്‍ട്ടണ്‍ എന്ന ബ്രാന്‍ഡ് നെയിമിലുള്ള നിരവധി വാച്ചുകളും ടൈംപീസുകളും സ്വാച്ച് ഗ്രൂപ്പിനുണ്ട്. ഏറെക്കാലമായി ഈ വാച്ചുകള്‍ ഹോളിവുഡ് സിനിമകളില്‍ ഉപയോഗിച്ചുവരുന്നു. മെന്‍ ഇന്‍ ബ്ലാക്ക് പരമ്പരയിലെ മൂന്ന് ചിത്രങ്ങളിലും വില്‍ സ്മിത്തിന്റെ കഥാപാത്രം ധരിക്കുന്നത് ഹാമില്‍ട്ടണ്‍ വാച്ചാണ്. പകര്‍പ്പവകാശ ലംഘനം തങ്ങളുടെ ബിസിനസിന് നേരിട്ട തടസത്തിനും അതിലൂടെ സ്റ്റര്‍ലിംഗ് നേടിയ ലാഭവും കോടതിച്ചെലവും നല്‍കണമെന്നാണ് സ്വാച്ചിന്റെ ആവശ്യം. 

മെറില്‍ സ്ട്രീപ്പിന്റെ മകളായി ജൂലിയ റോബര്‍ട്‌സ് 

വിഖ്യാതമായ പുലിറ്റ്‌സര്‍ പ്രൈസും ടോണി അവാര്‍ഡും നേടിയ ട്രേസി ലെറ്റ്‌സിന്റെ നാടകം ഓഗസ്റ്റ്: ഓസേജ് കൗണ്ടിയുടെ ചലച്ചിത്ര രൂപത്തില്‍ മെറില്‍ സ്ട്രീപ്പും ജൂലിയ റോബര്‍ട്‌സും അമ്മയും മകളുമായി അഭിനയിക്കുന്നു. ജോണ്‍ വെല്‍സ് സംവിധാനംചെയ്യുന്ന ചിത്രം സ്‌മോക്ഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജോര്‍ജ് ക്ലൂണി നിര്‍മിക്കുന്നു.

കഴിഞ്ഞ വര്‍ഷം മറ്റൊരു നാടകത്തിന്റെ ചലച്ചിത്ര രൂപമായ ഐഡ്‌സ് ഓഫ് മാര്‍ച്ച് നിര്‍മിച്ച സ്‌മോക്ക്ഹൗസ് രണ്ടാം ലോക മഹായുദ്ധത്തത്തിന്റെ പശ്ചാത്തലത്തിലുള്ള ദി മോണുമെന്റ്‌സ് മാന്‍ എന്ന ത്രില്ലര്‍ ചിത്രത്തിന്റെയും പണിപ്പുരയിലാണ്. ജോര്‍ജ് ക്ലൂണിതന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക