Image

അഫ്ഗാനിലേക്കുള്ള നാറ്റോ പാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചു

Published on 04 July, 2012
അഫ്ഗാനിലേക്കുള്ള നാറ്റോ പാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചു
വാഷിംഗ്ടണ്‍: അഫ്ഗാനിലേക്ക് നാറ്റോ സേനയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന പാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചു. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് പാതകള്‍ തുറക്കാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചത്. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാറുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നവംബറില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പുപറയണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. യുഎസ് മാപ്പുപറഞ്ഞ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ തീരുമാനം. നടപടി അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഇസ്ലാമാബാദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി ഹില്ലരി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനായി പാക്കിസ്ഥാനുമായും അഫ്ഗാനുമായും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്നും ഹില്ലരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക