Image

ഐസ്‌ക്രീം കേസ്‌: അന്വേഷണ റിപ്പോര്‍ട്ടിന്‌ വി.എസിന്‌ അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി

Published on 05 July, 2012
ഐസ്‌ക്രീം കേസ്‌: അന്വേഷണ റിപ്പോര്‍ട്ടിന്‌ വി.എസിന്‌ അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി
ന്യുഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ നിയമയുദ്ധത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‌ അനുകൂല വിധി. കേസ് അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലില്‍ നടത്തിയ അനേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ലഭിക്കാന്‍ വി.എസ്‌ അച്യുതാനന്ദന്‌ അവകാശമുണ്ടെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനു വേണ്ടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്‌ വി.എസ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ഹര്‍ജിയില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ച കോടതി നാലാഴ്‌ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. കേസില്‍ സംസ്‌ഥാന സര്‍ക്കാരാണ്‌ എതിര്‍കക്ഷി.

കേസില്‍ സിബിഐ എന്തുകൊണ്ട്‌ കക്ഷി ചേര്‍ന്നില്ല എന്നാരാഞ്ഞ കോടതി ഇക്കാര്യത്തിലും സംസ്‌ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്‌. വി.എസിന്റെ നിയമപോരാട്ടത്തെ അനുകൂലിച്ച കോടതി, വളരെ കാലമായി പൊതുപ്രവര്‍ത്തന രംഗത്ത്‌ തുടരുന്ന വി.എസിന്‌ പകര്‍പ്പ്‌ ലഭിക്കാന്‍ അവകാശമുണ്ടെന്ന്‌ വ്യക്‌തമാക്കി. പൊതു പ്രവര്‍ത്തനം അടിക്കടി മലിനമാകുകയാണെന്നും ഇതില്‍ ശുദ്ധീകരണം ആവശ്യമാണെന്നും കോടതി വിലയിരുത്തി. ഹര്‍ജിയില്‍ സുപ്രീം കോടതിയിലെ നടപടികള്‍ പൂര്‍ത്തിയായെന്നും അട്ടിമറിക്കേസില്‍ വി.എസിന്റെ ഹര്‍ജിയില്‍ വിരുദ്ധ നിലപാട് കീഴ്ക്കോടതി സ്വീകരിച്ചാല്‍ വീണ്ടും സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2ജി സ്‌പെക്‌ട്രം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ബന്ധപ്പെട്ട കക്ഷികള്‍ക്ക്‌ നല്‍കിയിരുന്നും അതുപ്രകാരം ഈ കേസിലും റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ തനിക്ക്‌ അവകാശമുണ്ടെന്നും വി.എസ്‌ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പഠിച്ച്‌ തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിച്ചതുമായി ബന്ധപ്പെട്ട്‌ കെ.എ റൗഫ്‌ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ്‌ കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട്‌ കോടതി പരിഗണിക്കുകയോ തള്ളുകയോ ചെയ്‌തിട്ടില്ല. റിപ്പോര്‍ട്ട്‌ തേടിയുള്ള വി.എസിന്റെ അപേക്ഷ നാളെ കോഴിക്കോട്‌ കോടതി പരിഗണിക്കാനിരിക്കേയാണ്‌ നിര്‍ണായകമായ വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക