Image

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്‌: അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍ന്നു

Published on 05 July, 2012
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്‌: അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍ന്നു
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്ന്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. കേസില്‍ സാക്ഷികളായവര്‍ക്ക്‌ വന്‍ തോതില്‍ പണം ലഭിച്ചിട്ടുണ്ടെന്നും അതില്‍ റജീനയ്‌ക്കാണ്‌ ഏറ്റവും കൂടുതല്‍ പണം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റജീനയ്‌ക്ക് 50 ലക്ഷം രൂപയോളം ലഭിച്ചിട്ടുണ്ട്‌. യാതൊരു വരുമാനവുമില്ലാത്ത റജീന 25 ലക്ഷം രൂപ മതിപ്പുവിലയുള്ള വീട്ടിലാണ്‌ താമസിക്കുന്നത്‌. ഒരു കാറും രണ്ടു സ്‌കൂട്ടറുകളും റജീനയുടെ പേരിലുണ്ട്‌. ഇതിന്റെ ഉറവിടം വ്യക്‌തമല്ലെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ജസ്‌റ്റീസ്‌ കെ.നാരായണക്കുറുപ്പിനെതിരെ കെ.സി പീറ്റര്‍ നടത്തിയ പരാമര്‍ശം മദ്യപിച്ചശേഷമാണെന്നും മുന്‍വൈരാഗ്യത്തിന്റെ പേരിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. എം.കെ. ദാമോദരന്റെ അക്വാഫാമിന്‌ 15 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌.

താമരശേരി ഡിവൈഎസ്‌പി ജെയിസണ്‍ ഏബ്രഹാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ റിപ്പോര്‍ട്ട്‌ കോഴിക്കോട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയതിനു പിന്നാലെയാണ്‌ പകര്‍പ്പ്‌ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ന്നുകിട്ടിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക