Image

ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമ്പോള്‍ നരസിംഹ റാവു പൂജയിലായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍

Published on 05 July, 2012
	 ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമ്പോള്‍ നരസിംഹ റാവു പൂജയിലായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍
ന്യുഡല്‍ഹി: ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവുവിന്‌ അറിയാമായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാരുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ 'ബിയോണ്ട്‌ ദ ലൈന്‍സ്‌'' എന്ന പുസ്‌തകത്തിലാണ്‌ റാവുവിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍. കര്‍സേവകര്‍ മസ്‌ജിദ്‌ തകര്‍ക്കുമ്പോള്‍ പൂജയിലായിരുന്നു റാവു. കര്‍സേവകര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കിയശേഷമാണ്‌ റാവു പൂജാമുറിയില്‍ നിന്ന്‌ എഴുന്നേറ്റതെന്നും പുസ്‌തകത്തില്‍ പറയുന്നു. റോലി ബുക്ക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. 1992 ഡിസംബര്‍ ആറിനായിരുന്നു മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌.

മസ്‌ജിദിന്റെ അവസാന കല്ലും പൊളിച്ചടുക്കും വരെ റാവു പൂജ തുടര്‍ന്നു. പൂജയ്‌ക്കിടെ ഒരു അനുയായി റാവുവിന്റെ കാതില്‍ മസ്‌ജിദിന്റെ തകര്‍ച്ച പൂര്‍ണമായെന്ന്‌ അറിയിച്ചെന്നും വൈകാതെ അദേഹം പൂജ അവസാനിപ്പിച്ചുവെന്നും അന്തരിച്ച സോഷ്യലിസ്‌റ്റ് നേതാവ്‌ മധു ലിമയെ തന്നോട്‌ പറഞ്ഞിരുന്നുവെന്നും കുല്‍ദീപ്‌ നയ്യാര്‍ ' നരസിംഹ റാവുവിന്റെ സര്‍ക്കാര്‍' എന്ന അധ്യായത്തില്‍ കുറിക്കുന്നു.

എന്നാല്‍ പുസ്‌തകത്തിലെ പരാമര്‍ശങ്ങളെ റാവുവിന്റെ മകന്‍ പി.വി രംഗറാവു നിഷേധിച്ചു. വെളിപ്പെടുത്തല്‍ അവിശ്വസനീയവും യുക്‌തരഹിതവുമാണെന്ന്‌ രംഗറാവു പറഞ്ഞു. തന്റെ പിതാവ്‌ അങ്ങനെ ചെയ്യുമെന്ന്‌ ഒരിക്കലും താന്‍ കരുതുന്നില്ല. മുസ്ലീങ്ങളെ അധികമായി സ്‌നേഹിച്ചിരുന്ന അദേഹം അവരെ ശക്‌തമായ പിന്തുണച്ചിരുന്നു. മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ്‌ അദേഹം വളരെയധികം മനോവേദന അനുഭവിച്ചെന്നും പലതവണ ഇക്കാര്യം തന്നോട്‌ പറഞ്ഞിട്ടുണ്ടെന്നും വ്യക്‌തമാക്കി. നയ്യാരെപോലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നിക്ഷിപ്‌ത താല്‍പര്യത്തോടെ ഇത്തരം കാര്യങ്ങള്‍ എഴുതാന്‍ പാടില്ലായിരുന്നുവെന്നും രംഗറാവു പറഞ്ഞു.

മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ റാവു ഏതാനും മാധ്യമപ്രവര്‍ത്തകരെ തന്റെ വസതിയില്‍ കാണുകയുണ്ടായെന്ന്‌ നയ്യാര്‍ പറയുന്നു.. സംഭവത്തില്‍ തനിക്ക്‌ അങ്ങേയറ്റം ഖേദമുണ്ടെന്നും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്‌ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട്‌ കേന്ദ്രം ഇടപെട്ടില്ല എന്ന്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഒരു വിമാനത്തില്‍ സിആര്‍പിഎഫ്‌ ജവാന്മാരെ അയച്ചിരുന്നുവെന്നും മോശം കാലാവസ്‌ഥ മൂലം അവര്‍ക്ക്‌ ഇറങ്ങാന്‍ കഴിയാതെ തിരിച്ചുപോരുകയായിരുന്നുവെന്നുമാണ്‌ റാവു മറുപടി നല്‍കിയത്‌.

ഇതേസമയം, കോണ്‍ഗ്രസും നീറിപ്പുകയുകയായിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള റാവുവിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അവര്‍ സോണിയ ഗാന്ധിയെ കണ്ട്‌ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. സോണിയയ്‌ക്കും റാവുവിനെ ഇഷ്‌ടമായിരുന്നില്ല. എങ്കിലും അദേഹവുമായി ഒരു പ്രശ്‌നത്തിന്‌ അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നയ്യാര്‍ തന്റെ ആത്മകഥയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക