Image

സ്വര്‍ണ്ണ നികുതി; ഉദ്യോഗസ്ഥ പീഡനം തുടരുന്നു, കൈമടക്ക്‌ കൊടുത്താല്‍ രക്ഷപെടാം!

Published on 05 July, 2012
സ്വര്‍ണ്ണ നികുതി; ഉദ്യോഗസ്ഥ പീഡനം തുടരുന്നു, കൈമടക്ക്‌ കൊടുത്താല്‍ രക്ഷപെടാം!
കൊച്ചി: പ്രവാസി സ്വര്‍ണ്ണ നികുതിയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നത്‌ തുടരുന്നു. 20,000 രൂപക്ക്‌ മുകളില്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ചത്തെുന്ന സ്‌ത്രീകളില്‍ നിന്ന്‌ നികുതി ഈടാക്കാമെന്ന നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന്‌ കേന്ദ്ര ധനമന്ത്രിയായിരിക്കെ പ്രണബ്‌ മുഖര്‍ജിയുടെ ഉറപ്പിന്‌ ഇവിടെ പുല്ലുവില. ഗള്‍ഫില്‍ നിന്നെത്തുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ്‌ ഇവിടെ ഉദ്യോഗസ്ഥര്‍ പിഴിയുന്നത്‌.

പിടിക്കപ്പെട്ടുകഴിഞ്ഞാല്‍ കൈയ്യില്‍ തുക ഇല്ലാത്തവര്‍ ഉദ്യോഗസ്ഥര്‍ കൈമടക്ക്‌ കൊടുത്ത്‌ രക്ഷപെടുന്നു. കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വഴി നാട്ടിലേക്ക്‌ പോയ കോഴിക്കോട്‌ സ്വദേശിയുടെ കൈയില്‍ അഞ്ച്‌ പവന്‍െറ മാലയാണ്‌ ഉണ്ടായിരുന്നത്‌. ഇതിന്‌ 11,000 രൂപ ഡ്യൂട്ടി നല്‍കണമെന്ന്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈയില്‍ പണമില്ലെന്ന്‌ പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ രഹസ്യമായി 100 ദിര്‍ഹം കൈക്കൂലി വാങ്ങി നികുതി ഒഴിവാക്കി നല്‍കുകയായിരുന്നു.

ഷാര്‍ജയില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ വീട്ടമ്മയോട്‌ 12,000 രൂപ നികുതി നല്‍കണമെന്ന്‌ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‌ മുമ്പ്‌ അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ നിന്ന്‌ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ കോട്ടയം സ്വദേശി ടെസി എഡിസനും കഴിഞ്ഞ ജനുവരി 31ന്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ എത്തിയ ഒരു വീട്ടമ്മക്കും ഉദ്യോഗസ്ഥരില്‍ നിന്ന്‌ സമാന അനുഭവം നേരിടേണ്ടി വന്നു.

വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വരുന്ന സ്‌ത്രീകള്‍ക്ക്‌ നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണാഭരണങ്ങളുടെ വില പരിധി രണ്ട്‌ ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന്‌ കഴിഞ്ഞ ഏപ്രില്‍ അവസാനമാണ്‌ കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയത്‌. ഇക്കാര്യം ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്‌, ആന്‍േറാ ആന്‍റണി എം.പി എന്നിവര്‍ ധനമന്ത്രിയെ നേരില്‍ കണ്ടപ്പോഴാണ്‌ മന്ത്രി ഈ ഉറപ്പ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക