Image

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ഉപാധികളോടെ തൊഴില്‍ വിസയിലേക്ക്‌ മാറാം

Published on 05 July, 2012
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ഉപാധികളോടെ തൊഴില്‍ വിസയിലേക്ക്‌ മാറാം
കുവൈത്ത്‌ സിറ്റി: രാജ്യത്ത്‌ സ്വദേശി സ്‌പോണ്‍സര്‍ഷിപ്പില്‍ വീടുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്‌തുവരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ഉപാധികളോടെ വിസാമാറ്റം അനുവദിച്ചുള്ള പുതിയ നിയമം പ്രാബല്യത്തില്‍.

െ്രെഡവര്‍മാര്‍, വേലക്കാര്‍, പാചകക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ സ്വന്തം സ്‌പോണ്‍സറുടെയോ സ്‌പോണ്‍സറുടെ അടുത്ത ബന്ധുക്കളുടെയോ കീഴിലുള്ള വാണിജ്യ, തൊഴില്‍ വിസകളിലേക്ക്‌ മാറാന്‍ അനുവാദം നല്‍കുന്നതാണ്‌ പുതിയ നിയമം. മന്ത്രിസഭയുടെ രാജിക്ക്‌ മുമ്പ്‌ സാമൂഹികതൊഴില്‍കാര്യ മന്ത്രി സാലിം അല്‍ ഉതൈനയാണ്‌ ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവിറക്കിയതെന്ന്‌ തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ സ്വന്തം സ്‌പോണ്‍സറുടെ കീഴിലുള്ള ഷുഊന്‍ വിസകളിലേക്ക്‌ മാറുന്നതുമായി ബന്ധപ്പെട്ട നിയമം നേരത്തെ പ്രാബല്യത്തിലായിട്ടുണ്ട്‌. സ്‌പോണ്‍സറുടെ സ്ഥാപനങ്ങളിലേക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ നിയമമാണ്‌ ഇപ്പോള്‍ ഉദാരമാക്കി സ്‌പോണ്‍സറുടെ അടുത്ത ബന്ധുക്കളുടെ കീഴിലേക്കും എന്നാക്കി ഭേദഗതി ചെയ്‌തിരിക്കുന്നത്‌.

ഭാര്യ, പിതാവ്‌, സഹോദരന്‍, സഹോദരി തുടങ്ങിയ സ്‌പോണ്‍സറുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ നടത്തുന്ന കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും വിസ മാറാന്‍ അനുവാദം നല്‍കുന്നതാണ്‌ പുതിയ നിയമം. മലയാളികളുള്‍പ്പെടെ രണ്ടര ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ഇത്‌ ഗുണം ചെയ്യുമെന്ന്‌ കണക്കാക്കപ്പെടുന്നു.

ബംഗ്‌ളാദേശ്‌ പോലുള്ള ചില രാജ്യങ്ങള്‍ക്ക്‌ പുതിയ വിസ അനുവദിക്കുന്നത്‌ നിര്‍ത്തിവെക്കേണ്ടിവന്ന പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍ വിപണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടിയാണ്‌ ഗാര്‍ഹിക മേഖലയിലെ വിസാമാറ്റം ഉദാരമാക്കിയതെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന.

അതോടൊപ്പം അടുത്തിടെ നടന്ന വ്യാപക റെയ്‌ഡുകളിലൂടെയും മറ്റും നിരവധിപേര്‍ പിടിക്കപ്പെട്ടതിനാല്‍ തൊഴില്‍ വിപണിയില്‍വന്ന കുറവ്‌ രാജ്യത്തിന്‌ പുറത്തുനിന്ന്‌ തൊഴിലാളികളെ കൊണ്ടുവരാതെ തന്നെ പരിഹരിക്കുക എന്നതും ഇതുവഴി അധികൃതര്‍ ലക്ഷ്യമാക്കുന്നു. മന്ത്രിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ കാര്യാലയങ്ങള്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയതായാണ്‌ അറിയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക