Image

ബസ് ടൂറുമായി ഒബാമ വീണ്ടും പ്രചാരണച്ചൂടില്‍; സ്വാതന്ത്ര്യ ദിനത്തില്‍ ഒബാമയുടെ ആശംസ

Published on 05 July, 2012
ബസ് ടൂറുമായി ഒബാമ വീണ്ടും പ്രചാരണച്ചൂടില്‍; സ്വാതന്ത്ര്യ ദിനത്തില്‍ ഒബാമയുടെ ആശംസ
വാഷിംഗ്ടണ്‍: ബസ് ടൂറുമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായി. ഒഹായോ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളിലാണ് ഒബാമ ബസ് ടൂര്‍ നടത്തുന്നത്. 2008ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ ഈ രണ്ടും സംസ്ഥാനങ്ങളും ഒബാമയ്ക്ക് കാര്യമായ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ നടത്തിയ സര്‍വെപ്രകാരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയ്ക്കുമേല്‍ ഇവിടെ ഒബാമയ്ക്ക് നേരിയ ലീഡ് മാത്രമെയുള്ളൂ. ഈ സാഹചര്യത്തിലാണ് ബസ് ടൂര്‍. റോംനിയുടെ കമ്പനികള്‍ പുറംജോലിക്കരാര്‍ നല്‍കിയതിനെ വിമര്‍ശിച്ചാണ് സമീപദിവസങ്ങളില്‍ ഒബാമ പ്രചാരണം ശക്താമാക്കിയിരിക്കുന്നത്. യുഎസ് ഹെല്‍ത്ത് കെയര്‍ നിയമം സുപ്രീംകോടതി ഭരണഘടനാവിധേയമാക്കിയതും പ്രചാരണരംഗത്ത് ഒബാമയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ യുഎസ് പൗരന്‍മാര്‍ക്ക് ഒബാമയുടെ ആശംസ

വാഷിംഗ്ടണ്‍: യുഎസ് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിന് പുതിയ .യുഎസ് പൗരന്‍മാര്‍ക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ ആശംസ. ഈസ്റ്റ് റൂമില്‍ നടന്ന ചടങ്ങിലാണ് യുഎസ് പൗരന്‍മാരായി മാറിയ സൈനികരെ ഒബാമ ആശംസ അറിയിച്ചത്. 1776 ജൂലൈ നാലിന് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ അമേരിക്കയുടെ പ്രഖ്യാപനം സാഹസികമായൊരു പ്രഖ്യാപനമായിരുന്നുവെന്ന് ഒബാമ പറഞ്ഞു. ഫിലാഡല്‍ഫിയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അമേരിക്കയെ സ്വതന്ത്രമായി പ്രഖ്യാപിക്കുന്നതിന് ചിലര്‍ എതിരായിരുന്നു. 236 വര്‍ഷത്തിനുശേഷം അമേരിക്കയുടെ വിജയകഥ ലോകത്തെ വിസ്മയിപ്പിക്കുകയാണെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ഈ വിസ്മയ നേട്ടത്തില്‍ കുടിയേറ്റക്കാരുടെ സംഭാവന വിസ്മരിക്കാനാവില്ല. ഇത്രയുമധികം പുതിയ കുടിയേറ്റക്കാര്‍ എത്തുന്ന മറ്റൊരു രാജ്യവുമുണ്ടാവില്ല. മറ്റൊരു രാജ്യവും സ്വയം ഇത്രയധികം നവീകരിക്കുന്നുണ്ടാവില്ല. പുതിയ പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും പുതിയ കുടിയേറ്റ തലമുറയെയും മുന്നോട്ടു നയിക്കുന്നുവെന്നും ഒബാമ പറഞ്ഞു. യുഎസ് പൈരത്വം ലഭിച്ചശേഷം സൈന്യത്തില്‍ ചേര്‍ന്ന 25 സൈനികരെ ഒബാമ ആശംസ അറിയിച്ചു. ഇവര്‍ 17 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കുടിയേറ്റ നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്നും ഒബാമ പറഞ്ഞു.

യുഎസ് തൊഴിലില്ലായ്മാ നിരക്ക് ആറാഴ്ചത്തെ കുറഞ്ഞ നിരക്കില്‍

വാഷിംഗ്ടണ്‍: യുഎസ് തൊഴിലില്ലായ്മാ നിരക്ക് ആറാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ജൂണില്‍ വന്‍തോതില്‍ നിയമനം നടന്നതാണ് കഴിഞ്ഞ മൂന്നുവാസത്തിനിടെ തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്തിയത്. തൊഴിലില്ലായ്മാ വേതനത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം 14,000 എണ്ണം കുറഞ്ഞ് ജൂണ്‍ അവസാനവാരം 3,74000 ആയതായി പേറോള്‍ സേവനദാതാക്കളായ എഡിപി അറിയിച്ചു. മെയ് 19നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1,76000 പുതിയ തൊഴിലുകളാണ കഴിഞ്ഞ മാസം പുതുതായി കൂട്ടിച്ചേര്‍ത്തത്. മെയ് മാസത്തില്‍ ഇത് 1,36000 ആയിരുന്നു. 8.2 ശതമാനമാണ് കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മാ നിരക്കെന്നും എഡിപി സര്‍വെയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലി നേടുന്നവരെ എഡിപി സര്‍വെയില്‍ ഉള്‍പ്പെടുത്താതിനാല്‍ തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതില്‍ വ്യത്യസ്തമാവുമെന്നും സൂചനയുണ്ട്.

ലീപ് സെക്കന്‍ഡ് ഇന്റര്‍നെറ്റിനെയും കുഴപ്പിത്തിലാക്കി

വാഷിംഗ്ടണ്‍: ജീവിതത്തില്‍ ഒരു മിനിറ്റെങ്കിലും കൂട്ടിക്കിട്ടാന്‍ വേണ്ടി മനുഷ്യരാശി പഠിച്ചപണി പതിനെട്ടും നോക്കുമ്പോള്‍ വെറും ഒരു സെക്കന്‍ഡ് കൂട്ടിക്കിട്ടിയതുകൊണ്ടുമാത്രം തലകുത്തിവീണിരിക്കുകയാണ് അതിമാനുഷരെന്നു വിശേഷിപ്പിക്കപ്പെടുന്ന കംപ്യൂട്ടറുകള്‍. ഭൂമിയുടെ ഭ്രമണവേഗത്തിലെ വ്യതിയാനത്തിനനുസരിച്ചു രാജ്യാന്തര സമയത്തില്‍ മാറ്റം വരുത്തുന്നതിനു ജൂണ്‍ 30ലെ അവസാന മണിക്കൂറിലെ അവസാന മിനിറ്റിനോടൊപ്പം ഒരു സെക്കന്‍ഡ് കൂടി ചേര്‍ത്തതാണു കംപ്യൂട്ടറുകളെയും സെര്‍വറുകളെയും ചില ജാവ പ്രോഗ്രാമുകളെയും തല്‍ഫലമായി ആയിരക്കണക്കിനു വെബ്‌സൈറ്റുകളെയും തകരാറിലാക്കിയത്.

ജൂണ്‍ 30ലെ അവസാന മിനിറ്റില്‍ ആഗോള ക്ലോക്കില്‍ 61 സെക്കന്‍ഡായിരുന്നു. ഒരു സെക്കന്‍ഡ് കൂട്ടിച്ചേര്‍ക്കുകയോ അഥവാ ഒരു സെക്കന്‍ഡ് നേരം ക്ലോക്കിനെ നിശ്ചലമാക്കി വയ്ക്കുകയോ ചെയ്താല്‍ ഭ്രമണവേഗത്തിലെ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ക്ലോക്കിനാവും. എന്നാല്‍, 60 സെക്കന്‍ഡിനോടൊപ്പം കിട്ടിയ അധിക സെക്കന്‍ഡ് കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നു പഠിച്ചിട്ടില്ലാത്ത കംപ്യൂട്ടറുകളും പ്രോഗ്രാമുകളും തകരാറിലായി. റെഡിറ്റ്, ഫോര്‍സ്ക്വയര്‍, ലിങ്ക്ഡ് ഇന്‍, ഗ്വാക്കര്‍ തുടങ്ങിയ പ്രമുഖ വെബ്‌സൈറ്റുകളും ലീപ് സെക്കന്‍ഡില്‍ തകര്‍ന്നുവീണവയില്‍ ഉള്‍പ്പെടുന്നു. 2005ലും 2008ലും ഇത്തരത്തില്‍ ലീപ് സെക്കന്‍ഡ് ഉണ്ടായിട്ടുണെ്ടങ്കിലും 2000ലെ "വൈടുകെ പ്രതിസന്ധിക്കുശേഷം ഇത്തരത്തില്‍ വ്യാപകമായ പ്രതിസന്ധിയുണ്ടാകുന്നത് ഇതാദ്യമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക