Image

ആട് ആന്റണിയെ തൃശൂരില്‍ കണ്ടതായി സൂചന

Published on 05 July, 2012
ആട് ആന്റണിയെ തൃശൂരില്‍ കണ്ടതായി സൂചന
 കൊല്ലം: പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ പ്രതി ആട് ആന്റണിയെ തൃശൂരില്‍ കണ്ടതായി ചിലര്‍ അന്വേഷണസംഘത്തെ വിളിച്ച് അറിയിച്ചതായാണ് സൂചന. ഇതിനെതുടര്‍ന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആട് ആന്റണിക്ക് മലപ്പുറത്തും ഭാര്യയുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അവരെ കണെ്ടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. 

മധുര, നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി മേഖലകളിലും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. ആട് ആന്റണി മോഷണത്തിനുപുറമെ പെണ്‍വാണിഭവും ബ്ലാക്ക് മെയിലിംഗും നടത്തിവരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യമാരെ കൂടാതെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ അവരെ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ഇവരില്‍ പലരേയും ഇടപാടുകാര്‍ക്ക് കാഴ്ചവച്ച് പണം തട്ടിയിരുന്നതായും സൂചനയുണ്ട്. ഇവരുമായുള്ള രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇത് സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്. സ്ത്രീകളെ കൂടുതലായി സാമ്പത്തിക ലാഭത്തിനായാണ് ഇയാള്‍ ഉപയോഗിച്ചുവന്നത്. പല സമുദായത്തില്‍നിന്നും നിര്‍ധനരായ യുവതികളെ പേരും ജാതിയും മാറ്റിപറഞ്ഞ് വിവാഹം കഴിക്കുകയായിരുന്നു. സ്ത്രീകളെ പല സ്ഥലങ്ങളിലും രഹസ്യമായി പാര്‍പ്പിച്ചാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് കാഴ്ചവച്ചുവന്നത്. ഭാര്യമാര്‍ ഓരോരുത്തരും താന്‍ മാത്രമെ ഭാര്യയായിട്ടുള്ളുവെന്നാണ് വിചാരിച്ചിട്ടുള്ളത്. അവരെ കൂടുതല്‍ അടുത്തിടപഴകാനും ആന്റണി അവസരം നല്‍കിയിട്ടില്ല. 

ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലും പോലീസ് സംഘം പരിശോധനകള്‍ നടത്തുന്നുണ്ട്.അതേസമയം ആട് ആന്റണിക്കായി പോലീസിന്റെ ഔദ്യോഗിക ലുക്കൗട്ട് നോട്ടീസ് ഇന്നലെ പുറത്തിറക്കി. ഇത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാനകേന്ദ്രങ്ങളിലും പതിപ്പിക്കുമെന്ന് ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പറഞ്ഞു. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഇമെയില്‍ വഴി ലുക്കൗട്ട് നോട്ടീസ് കൈമാറിക്കഴിഞ്ഞു.

ആന്റണിയോടൊപ്പം തിരുവനന്തപുരത്തെ വാടകവീട്ടില്‍ നിന്ന് മുങ്ങിയ പെരുമ്പാവൂര്‍ സ്വദേശി സൂസനെ (56) കണെ്ടത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിവരുന്നു.ഇവരുടെ ഭര്‍ത്താവിനെ കഴിഞ്ഞദിവസം കൊല്ലത്ത് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ആന്റണിയുടെ മോഷണം സംബന്ധിച്ച്എല്ലാ വിവരങ്ങളും അറിയാവുന്നത് സൂസനാണ്.

സൂസനും ആന്റണിക്കൊപ്പം ഉണെ്ടന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ ചിത്രം ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രസിദ്ധീകരണത്തിന് നല്‍കി.ഇരുവരും തിരുവനന്തപുരത്ത് നിന്ന് മുങ്ങുമ്പോള്‍ ആന്റണി നഗരത്തിലെ എടിഎം കൗണ്ടറില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഈ അക്കൗണ്ടില്‍ ആയിരം രൂപ ബാക്കിയുണ്ട്.

ഇയാളുടെ മറ്റ് ബാക്ക് അക്കൗണ്ടുകളുടെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും കഴിഞ്ഞ കുറെ നാളുകളായി ഇടപാടുകള്‍ നടന്നിട്ടില്ല.ഇയാളുടെ കൈവശം ഒരുലക്ഷം രൂപ ഉണെ്ടന്ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവതികളും പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഏതാനും ദിവസങ്ങള്‍ കൂടി വൈകുമെന്നാണ് സൂചന.ചെന്നൈയിലെ മാധാവരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആന്റണി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് പിടികൂടിയ കമ്പ്യൂട്ടറുകളും മറ്റ് വിലകൂടിയ ഗൃഹോപകരണങ്ങളും രണ്ടുദിവസത്തിനുള്ളില്‍ പരവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ആട് ആന്റണിയുടെ ചെന്നൈയിലെ മൂന്ന് ഭാര്യമാരെ അന്വേഷണ സംഘം കണെ്ടത്തിയിരുന്നു. എല്ലാവരും മലയാളികളാണ്. കൊല്ലത്തുനിന്ന് എത്തിയ പോലീസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തു. ആന്റണിയുടെ ഒളിത്താവളം സംബന്ധിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും ചെന്നൈയില്‍ ഇയാള്‍ക്കുള്ള വിപുലമായ ബന്ധങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.

ആന്റണിയുമായുള്ള ദാമ്പത്യത്തില്‍ എല്ലാവര്‍ക്കും ഓരോ മക്കളുമുണ്ട്. രണ്ടുപേര്‍ ആണ്‍കുട്ടികളും ഒരാള്‍ പെണ്‍കുട്ടിയുമാണ്. ഇവരോടും പോലീസ് സംഘം വിവരങ്ങള്‍ ആരാഞ്ഞു. വാടക വീട്ടില്‍ നിന്ന് കണെ്ടടുത്ത തൊണ്ടിമുതലുകളില്‍ ആറടിയിലധികം ഉയരമുള്ള ആറ് നിലവിളക്കുകളും പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനും ഉള്‍പ്പെടുന്നു.ടെലിവിഷന്‍, കമ്പ്യൂട്ടര്‍, കാമറ, വിദേശ നിര്‍മിത കുക്കറുകള്‍, ഫയര്‍ അലാം, മുന്തിയയിനം പെര്‍ഫ്യൂമുകള്‍, ഐപോഡ്, ഹോംതീയറ്റര്‍ തുടങ്ങിയവയും പിടികൂടിയവയില്‍ ഉള്‍പ്പെടും.
ഇവയുടെ ഏകദേശ വില പോലും പോലീസിന് തിട്ടപ്പെടുത്താനായിട്ടില്ല. ഇതുകൂടാതെ തിരിച്ചറിയാനാവാത്ത തരത്തിലുള്ള പല ആധുനിക ഉപകരണങ്ങളും ഉണ്ട്. ഇവ എന്തെന്ന് കണെ്ടത്തുന്നതിന് ഇലക്‌ട്രോണിക്‌സ് രംഗത്തെ വിദഗ്ധരുടെ സേവനം വേണ്ടിവരും.

കണെ്ടടുത്തവയെല്ലാം കേരളത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ ഉടമകളെ കണെ്ടത്തുക എന്നതും അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.അതേസമയം ആട് ആന്റണി ചെന്നൈയില്‍ കേരള പോലീസിന്റെ വലയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പിടിയിലായ ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യംചെയ്യുന്നുവെന്നാണ് സൂചനകള്‍.ചെന്നൈയിലെ തെളിവെടുപ്പും തൊണ്ടിമുതലുകളുടെ കണെ്ടത്തലും കഴിഞ്ഞേ ഇയാളെ കൊല്ലത്തേക്ക് കൊണ്ടുവരികയുള്ളൂവെന്നാണ് പ്രചാരണം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക