Image

അബു ജുന്‍ഡാലിനെ പോലീസ് കസ്റ്റഡയില്‍ വിട്ടു

Published on 05 July, 2012
 അബു ജുന്‍ഡാലിനെ പോലീസ് കസ്റ്റഡയില്‍ വിട്ടു
 ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ലഷ്‌കര്‍ ഭീകരന്‍ അബു ജുന്‍ഡാലിനെ 15 ദിവസത്തേയ്ക്ക് ഡല്‍ഹി പോലീസിന്റെ കസ്റ്റഡയില്‍ വിട്ടു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. ജുന്‍ഡാലിനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെയും പൂന എടിഎസിന്റെയും മുംബൈ ക്രൈംബ്രാഞ്ചിന്റെയും ആവശ്യം കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ മാസം 21ന് അറസ്റ്റിലായ ജുന്‍ഡാലിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. 

മുംബൈ മോഡല്‍ ആക്രമണം നടത്താന്‍ ജുന്‍ഡാല്‍ വീണ്ടും പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്, എന്‍ഐഎ ജുന്‍ഡാലിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടത്. ഔറംഗബാദില്‍ നിന്ന് ആയുധങ്ങള്‍ കണ്‌ടെടുത്ത കേസിലാണ് പുന എടിഎസ് ജുന്‍ഡാലിന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. 

മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടികൂടിയ ലഷ്‌കര്‍ ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനൊപ്പം സംയുക്തമായി ചോദ്യം ചെയ്യുന്നതിനാണ് മുംബൈ ക്രൈംബ്രാഞ്ച് ജുന്‍ഡാലിന്റെ കസ്റ്റഡി ആവശ്യപ്പെട്ടത്. ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എടിഎസും ജുന്‍ഡാലിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക