Image

സൗദിയില്‍ 1195 പേര്‍ക്ക്‌ എയ്‌ഡ്‌സ്‌ ബാധയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 06 July, 2012
സൗദിയില്‍ 1195 പേര്‍ക്ക്‌ എയ്‌ഡ്‌സ്‌ ബാധയെന്ന്‌ റിപ്പോര്‍ട്ട്‌
റിയാദ്‌: കഴിഞ്ഞ വര്‍ഷം രാജ്യത്ത്‌ 1195 പേര്‍ക്ക്‌ എയ്‌ഡ്‌സ്‌ ബാധയുണ്ടായതായി സാംക്രമികരോഗ പ്രതിരോധവകുപ്പ്‌. ഇതില്‍ 459 പേര്‍ സ്വദേശികളാണെന്ന്‌ വകുപ്പ്‌ അധ്യക്ഷന്‍ ഡോ. റഅ്‌ഫത്ത്‌ ഫൈസല്‍ അല്‍ഹകീം പറഞ്ഞു. രോഗബാധിതരുടെ എണ്ണം 2010 വര്‍ഷത്തെ അപേക്ഷിച്ച്‌ 4.5 ശതമാനം കൂടുതലും 2009 വര്‍ഷത്തെ അപേക്ഷിച്ച്‌ 4.7 ശതമാനം കുറവുമാണ്‌. രാജ്യത്ത്‌ പതിനായിരം പേരില്‍ രണ്ടു പേര്‍ക്ക്‌ എന്ന തോതിലാണ്‌ എയിഡ്‌സ്‌ ബാധയുള്ളത്‌. ഇത്‌ രാജ്യാന്തരതലത്തില്‍ കുറഞ്ഞ അനുപാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയ്‌ഡ്‌സ്‌ ബാധിതരെ പ്രത്യേകം സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ്‌ ചികില്‍സിക്കുന്നത്‌. കിങ്‌ സുഊദ്‌ ഹോസ്‌പിറ്റല്‍ (ജിദ്ദ), കിങ്‌ സുഊദ്‌ മെഡിക്കല്‍ സിറ്റി (റിയാദ്‌), ദമ്മാം മെഡിക്കല്‍ കോംപ്‌ളക്‌സ്‌ (ദമ്മാം) കിങ്‌ ഫഹദ്‌ ഹോസ്‌പിറ്റല്‍ (മദീന), കിങ്‌ ഫഹദ്‌ ഹോസ്‌പിറ്റല്‍ (ഹഫൂഫ്‌) അസീര്‍ സെന്‍ട്രല്‍ ഹോസ്‌പിറ്റല്‍ (അസീര്‍), സ്വബിയ പബ്‌ളിക്‌ ഹോസ്‌പിറ്റല്‍ (ജാസാന്‍) തുടങ്ങിയ ഹോസ്‌പിറ്റലുകളിലാണ്‌ ഈ സൗകര്യം ഉള്ളത്‌. രാജ്യത്ത്‌ പ്രതിവര്‍ഷം എയ്‌ഡ്‌സ്‌ രോഗബാധിതരുടെ കണക്കെടുക്കുന്നതോടൊപ്പം എയ്‌ഡ്‌സ്രോഗ നിവാരണത്തിന്‌ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ്‌ രാജ്യത്ത്‌ നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ചികില്‍സക്ക്‌ പുറമെ എയ്‌ഡ്‌സ്‌ എന്ന മാരക രോഗത്തെക്കുറിച്ചുള്ള ശക്തമായ ബോധവത്‌കരണവും ഓരോ പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്നതായും ഡോ. റഅ്‌ഫത്ത്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക