Image

അടിച്ചമര്‍ത്തലുകള്‍ ….എത്രകാലം? - പീറ്റര്‍ നീണ്ടൂര്‍

പീറ്റര്‍ നീണ്ടൂര്‍ Published on 06 July, 2012
അടിച്ചമര്‍ത്തലുകള്‍ ….എത്രകാലം? - പീറ്റര്‍ നീണ്ടൂര്‍
കേരളത്തില്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ഭരണം നിലവില്‍ വന്നപ്പോള്‍ സന്തോഷങ്ങളുടെ സമവാക്യങ്ങള്‍ പലരും കുറിച്ചുകണ്ടൂ. ഈയുള്ളവനും ചിന്തിച്ചു ചില മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ... ജനങ്ങള്‍ സമ്മദിദാനാവകാശം വിനിയോഗിച്ച് ഇവരെ ഭരണത്തിലേറ്റിയത് ഇതിനുവേണ്ടി ആയിരുന്നോ? എന്തായാലും പിറവത്തും, നെയ്യാറ്റിന്‍കരയിലും വിജയം ഉണ്ടായപ്പോള്‍ വര്‍ദ്ധിതവീര്യത്തോടെ ആഭ്യന്തരകാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം അടിച്ചമര്‍ത്തല്‍ ഭരണം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ പൗരസ്വാതന്ത്ര്യത്തിനു വിലകല്പിക്കുന്ന സാധാരണക്കാര്‍ എത്രകാലം സഹിക്കും. അപ്പോള്‍ മഹാകവി വാക്യങ്ങള്‍ ഓര്‍ത്തുപോകുന്നു. ഇതിനൊക്കെ പ്രതികാരം ചെയാതടങ്ങുമോ, പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍.

കഴിഞ്ഞദിവസം.എം.എം.മണി ഹാജരായേക്കും എന്നറിഞ്ഞ് തരപ്പെടുത്തിയ പോലീസ് സന്നാഹം കണ്ടാല്‍ ആര്‍ക്കും ഭയമുണ്ടാക്കുന്നതു തന്നെ ആയിരിക്കും. ഏഷ്യാനെറ്റ് അത് തല്‍സമയ സംപ്രേക്ഷണത്തിലൂടെ പൂര്‍ണ്ണതയില്‍ എത്തിക്കുകയും ചെയ്തു. 'മലപോലെ വന്ന്- എലിപോലെ പോയി'

എസ്.എഫ്.ഐക്കാരെ അടിക്കുന്നതു കണ്ടാല്‍ ഇത്തരം പോലീസും ലോകത്തുണ്ടോ? എന്നു സംശയിച്ചുപോകും. ഭരണത്തിലിരിക്കുന്നവരുടെ പേരിലുള്ള കേസുകളെല്ലാം ഇല്ലാതാക്കുക. ഉള്ള സമയം കൊണ്ട് പറ്റുന്നിടത്തോളം അഴിമതികള്‍ നടപ്പാക്കുക, പച്ച ബ്ലൗസ് ധരിച്ചുകൊണ്ട് ജോലിക്കു ഹാജരാകണം എന്നു കല്പനയിറക്കുക, വിദ്യാഭ്യാസ മേഖല സമൂലം കൈപ്പിടിയിലൊതുക്കുക, സ്വജനപാതങ്ങള്‍ എന്നു വേണ്ട എല്ലാം ഭരണത്തിന്റെ മികവ്. അധാര്‍മ്മികതയ്ക്ക് അതിരില്ലാത്ത അവസ്ഥ.

എന്റെ എളിയ അഭിപ്രായത്തില്‍ അധികാരികളും വിധേയരും ചെയ്യേണ്ടത് പരസ്പരം കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കുക. തെറ്റുകള്‍ തിരുത്താനുള്ള മഹാമനസ്‌കത കാട്ടുക. തെറ്റുകള്‍ മനുഷ്യസഹജമാണ്. എന്നാല്‍ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകാതെ തെറ്റുകള്‍ നീതീകരണം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഭരണാധികാരികള്‍ക്കു ഭൂഷണമോ? ജനങ്ങളെ സേവിക്കാനല്ലേ നിങ്ങള്‍ അധികാരത്തിലേറ്റിയത്. അതുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെയും, ജനത്തിന്റെ നന്മ മാത്രം ലക്ഷ്യംവെച്ച് ശാന്തിയും സമാധാനവും കൈവരിക്കുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ മെനയുക. കിട്ടിയ അവസരം തങ്ങളുടെ തന്നിഷ്ടങ്ങള്‍ക്കുള്ള അംഗീകാരമായി കാണാതെ-നിങ്ങളുടെ ഭരണം നിലനിര്‍ത്തേണ്ടത് സര്‍വ്വ ജനത്തിന്റെയും ആവശ്യമാക്കി മാറ്റാന്‍ ശ്രമിക്കൂ.
അടിച്ചമര്‍ത്തലുകള്‍ ….എത്രകാലം? - പീറ്റര്‍ നീണ്ടൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക