Image

രേവതിക്ക് മധുരപ്പിറന്നാള്‍

Published on 08 July, 2012
രേവതിക്ക് മധുരപ്പിറന്നാള്‍
ഇന്ത്യന്‍സിനിമയ്ക്ക് മേല്‍വിലാസമുണ്ടാക്കിയെടുത്ത ചുരുക്കം മലയാളിപ്പെണ്‍ കുട്ടികളുടെ പട്ടികയില്‍ പ്രമുഖയായ രേവതിക്ക് മധുരപ്പിറന്നാള്‍. അഭിനയത്തിലും സംവിധാനത്തിലും അദ്ഭുതകരമായ വളര്‍ച്ച നേടിയ രേവതി മലയാളികള്‍ക്കു മാത്രമല്ല തെന്നിന്ത്യയുംകടന്ന് ബോളിവുഡിനും പ്രിയപ്പെട്ടവളാണ്. 'കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലെ നായികയായിട്ടാണ് രേവതിയെന്ന ചെറിയ ആകാരമുള്ള സുന്ദരിയായ പെണ്‍കുട്ടി മലയാള വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ ചിത്രം കൊണ്ടു തന്നെ രേവതി മലയാള സിനിമാസ്വാദകരുടെ പ്രിയ താരമായി മാറി.

തൊട്ടടുത്തെവിടെയോ ഒരു കാക്കോത്തിക്കാവില്‍ പാറിനടക്കുന്ന അപ്പൂപ്പന്‍ താടിപോലെയാണ് മലയാളസിനിമ ആദ്യകാലങ്ങളില്‍ രേവതിയെ ഓമനിച്ചത്. കാലന്‍ മത്തായിയുണ്ടോ. കാാലന്‍... എന്ന് രേവതിയെക്കുറിച്ച് മലയാളികള്‍ ഇന്നും സൂക്ഷിക്കുന്ന ഒരു കുസൃതിയാണ്. ചിലപ്പോഴൊക്കെ, വെച്ചകോഴീന്റെ മണം എന്നു പറഞ്ഞ് നര്‍മ്മത്തിന്റെയും നൊമ്പരത്തിന്റെയും കിലുക്കവുമായി തുളളിക്കളിച്ചു നടക്കുന്ന കുറുമ്പിയായിരുന്നു കേരളീയര്‍ക്ക് രേവതി. പിന്നെയെപ്പൊഴോ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാടമ്പിയെ നിലയ്ക്കുനിര്‍ത്തിയ ഭാനുമതിയായി വന്നപ്പോള്‍ അഭിനയത്തില്‍ ഒരു പ്രത്യേകശൈലിക്ക് ഉടമയായ പെണ്‍കുട്ടിയായി രേവതി വളര്‍ന്നിരുന്നു. പിന്നീട് നടിയെ തേടിയെത്തിയതെല്ലാം കാമ്പുളള വേഷങ്ങളായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന രേവതി ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന ശേഷം സംവിധാനത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് മടങ്ങി വന്നത്. കൈയടക്കമുളള സംവിധായക എന്നു ബോളിവുഡ് വാഴ്ത്തിയ സംവിധായകയാണ് ഇന്ന് രേവതി.

മേജര്‍ കേളുണ്ണിയുടെ മകളായി 1966 ജൂലൈ എട്ടിന് എറണാകുളത്താണ് രേവതി ജനിച്ചത്. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്. ഭാരതിരാജയാണ് രേവതി എന്ന പേരിട്ടത്. ഭാരതിരാജ കണ്ടെത്തി അവതരിപ്പിക്കുന്ന നായികാമാരുടെ പേര് '”ആര്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ആശ രേവതിയായി മാറിയത്. 1988ല്‍ സുരേഷ് മേനോനെ വിവാഹം ചെയ്ത രേവതി 2002ല്‍ വിവാഹമോചനം നേടി. 

1992ല്‍ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. കന്നി സംവിധാന സംരംഭമായ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രം മികച്ച (ഇംഗ്ലീഷ് സിനിമ) സംവിധായകയ്ക്കുളള ദേശീയ പുരസ്‌ക്കാരം രേവതിയ്ക്ക് നേടിക്കൊടുത്തു. പിന്നീട് സംവിധനം ചെയ്ത ഫിര്‍ മിലേംഗേ എന്ന ചിത്രം പ്രമേയം കൊണ്ടും സാങ്കേതിക മികവുകൊണ്ടും ഏറെ ശ്രദ്ധ നേടി. ആര്‍ക്കും അനുകരിക്കാത്ത വിജയ മാതൃകയായി സ്‌ക്രീനിലും അണിയറയിലും ഒരേപോലെ മുന്നിട്ടു നിന്നു.

സംവിധായകയുടെ മേലങ്കിയണിയുമ്പോള്‍ രേവതി കാറ്റത്തെ കിളിക്കൂട്ടിലെ പക്വതയില്ലാത്ത പെണ്ണല്ല. കിലുക്കത്തിലേ വിസസകൃതിയോ കയ്യെത്തും ദൂരത്തിലെ തന്റേടിയായ ഡോക്ടറോ അല്ല. ശാന്തയും സൗമ്യയും അതേസമയം ഉറച്ചമനസ്സും ശബ്ദവും ഉള്ള വ്യത്യസ്തയായ ഒരുവള്‍. അതുകൊണ്ടുതന്നെ സ്വന്തം സമവാക്യങ്ങളിലൂടെ വിജയം നേടിയെടുത്ത രേവതി ഇന്നും ചലച്ചിത്രലോകത്തിന് പ്രിയങ്കരിയായി തുടരുന്നു. പെണ്‍പട്ടണമാണ് രേവതി അവസാനം അഭിനയിച്ച മലയാളചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക