ഷാജി കൈലാസ് സംവിധാനംചെയ്യുന്ന സിംഹാസനം പ്രദര്‍ശനസജ്ജമാകുന്നു. എല്ലാമെല്ലാമായിരുന്ന അച്ഛന് ഒരുനാള്‍ അപ്രതീക്ഷിതമായി ജീവിതത്തിന്റെ പടിയിറങ്ങുന്നു. നാടിനും വീടിനും ഒരുപോലെയാണ് നാഥനെ നഷ്ടമായത്. പെട്ടെന്ന് അവന് എല്ലാ ചുമതലകളും ഏല്ക്കേണ്ടിവരുന്നു. ബാംഗളൂരിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് അവന് നാട്ടിലേക്ക് വണ്ടികയറുകയാണ്. അച്ഛന് ഒഴിച്ചിട്ടുപോയ സിംഹാസനത്തില്‍ ഇരിക്കുവാന്.
ഭരണകൂടങ്ങളെ വാഴ് ത്താനും വീഴ്ത്താനും ശേഷിയുണ്ടായിരുന്നു ആ അച്ഛന്. കേരള രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്ന ഏറ്റവും വലിയൊരു മനുഷ്യന്. പക്ഷേ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ശത്രുക്കള്‍ മുന്നിലും പിന്നിലുംനിന്നു കുത്തുമെന്ന് അറിയാമായിരുന്നെങ്കിലും ഓര്‍ക്കാപ്പുറത്തെ ആക്രമണം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ശത്രു വന്നത് തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു. ചോര മരവിപ്പിക്കുന്നതായിരുന്നു അവരുടെ നീക്കങ്ങള്‍. ഒടുവില്‍, പക്ഷേ, അദ്ദേഹം വീണുപോയി.
എന്തെന്നു വേദനകളും വിഷമങ്ങളും പ്രതിസന്ധികളുമാണ് അച്ഛന് തന്നെ അറിയിക്കാതിരുന്നതെന്ന് അവന് പിന്നീടാണ് അറിയുന്നത്. തന്റെ ഓരോ നിമിഷത്തെക്കുറിച്ചും മാധവമേനോന് എന്ന തന്റെ അച്ഛന് അറിയമായിരുന്നു. തന്റെ ചുറ്റിലുംനിന്ന പെണ്‍കുട്ടികള്‍പോലും അച്ഛന്റെ വിശ്വസ്തര്‍ ആയിരുന്നെന്ന് അറിഞ്ഞപ്പോള്‍ അവന് അമ്പരന്നുപോയി. തന്നെ വീഴ്ത്താന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ മകനുവേണ്ടി വലവിരിക്കുമോ എന്നയാള്‍ ഭയന്നിരുന്നു.പ്രശ്നങ്ങള്‍ അറിഞ്ഞിട്ടും അവന് പതറുന്നില്ല. ഭയക്കുന്നുമില്ല. സിംഹാസനത്തില്‍ അവന് ഉറച്ചിരിക്കുന്നു. ഒപ്പം ഉള്ളില്‍ കത്തുന്ന പ്രതികാരാഗ്നി. പിന്നെയവന്റെ വഴികളും ചെയ്ത പ്രവര്‍ത്തികളും ഏറെ അമ്പരപ്പിക്കുന്നതാണ്.
പൃഥ്വിരാജും സായ്കുമാറുമാണ് ഈ മകനെയും അച്ഛനെയും അവതരിപ്പിക്കുന്നത്. വന്ദനയും ഐശ്വര്യാ ദേവനുമാണ് നായികമാര്‍. തിലകന്, സിദ്ധിഖ്, റിയാസ് ഖാന്, വിജയകുമാര്‍, ബിജു പപ്പന്, ദേവന്, പി.ശ്രീകുമാര്‍, ജയന്, ജി.കെ. പിള്ള, ഷമ്മി തിലകന്, കുഞ്ചന്‍, ജയകൃഷ്ണന്, മണിക്കുട്ടന്, രാമു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഷാജി കൈലാസ് തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. സംഗീതം- ബോണി റാഫേല്‍, ബിജിപാല്‍, ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. ഛായാഗ്രഹണം- വിഷ്ണുനാരായണന്‍.മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ചന്ദ്രകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു.