Image

മോര്‍ അത്തനാസിയോസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികള്‍ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2011
മോര്‍ അത്തനാസിയോസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികള്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കോതമംഗലം മോര്‍ അത്തനാസിയോസ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പലും എം.എല്‍.എയുമായിരുന്ന പ്രൊഫ. എം.പി. വര്‍ഗീസിന്റെ നിര്യാണത്തില്‍ കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അലുംമ്‌നി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേര്‍ന്നു. അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെട്ട ഇരുപത്തിയാറാമത്‌ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കോര്‍എപ്പിസ്‌കോപ്പമാരും, വൈദീക ശ്രേഷ്‌ഠരും, ഭദ്രാസന ഭാരവാഹികളും, അത്മായ പ്രമുഖരും, ബന്ധുമിത്രാദികളും ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ സ്‌തുത്യര്‍ഹമായ സേവനങ്ങളും ഓര്‍മ്മയും പങ്കുവെച്ചു.

വെരി റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡന്റും സംഘാടകനുമായ പി.ഒ. ജേക്കബ്‌ ആമുഖ പ്രസംഗം നടത്തി. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ അനുസ്‌മരണ പ്രഭാഷണം നടത്തി. കോതമംഗലത്തിന്റെ സമഗ്ര വികസനത്തിനും ദേശവാസികളുടെ വിദ്യാഭ്യാസ പുരോഗതിക്കും നാന്ദികുറിച്ച മോര്‍ അത്തനാസിയോസ്‌ കോളജ്‌ സ്ഥാപനത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച മഹദ്‌ വ്യക്തിയായിരുന്നു പ്രഫ. എം.പി വര്‍ഗീസ്‌ സാര്‍ എന്ന്‌ കോര്‍എപ്പിസ്‌കോപ്പ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ ദീര്‍ഘകാല വീക്ഷണവും. ബുദ്ധിവൈഭവവും, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്ന ആപ്‌തവാക്യത്തിലൂന്നിയുളള ചിട്ടയായ ജീവിതവുമാണ്‌ കോതമംഗലം ആര്‍ട്‌സ്‌/സയന്‍സ്‌/എന്‍ജിനീയറിംഗ്‌ കോളജുകളുടെ ഇന്നത്തെ നിലയിലുള്ള വളര്‍ച്ചയിലേക്ക്‌ നയിച്ച മുഖ്യഘടകമെന്ന്‌ അനുശോചന പ്രസംഗം നടത്തിയ ജോര്‍ജ്‌ പാടിയോടത്ത്‌, പി.ഒ. ജോര്‍ജ്‌, ജാബി റോയി, ബാബു തുമ്പയില്‍, ജോസ്‌ പലക്കത്തടം, സാജു പൗലോസ്‌ സി.പി.എ, വര്‍ഗീസ്‌ പുതുവാന്‍കുന്നത്ത്‌, ജോയി ഇട്ടന്‍ എന്നിവര്‍ സ്‌മരിച്ചു.

കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക അനുസ്‌മരണ ശുശ്രൂഷ നടത്തപ്പെട്ടു. ഗുരുസ്‌മരണയില്‍ ഏവരും ഏഴുനേറ്റ്‌ നിന്ന്‌ ആദരവ്‌ പ്രകടിപ്പിച്ചു. കെ.ജെ. പൗലോസ്‌, സാബു സ്‌കറിയ, ജിജോ ജോസഫ്‌, അജിത്‌ കൊച്ചുകുടിയില്‍, സുനിത, ഷേര്‍ളി, പ്രൊഫസര്‍ ആനീസ്‌, സൂസന്‍ വര്‍ക്കി, പൗലോസ്‌ തക്കിനിക്കല്‍, ജോര്‍ജ്‌ ഏലിയാസ്‌ തുടങ്ങിയവര്‍ യോഗക്രമീകരണങ്ങള്‍ നടത്തി. അസോസിയേഷന്റെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ വെച്ച്‌ വിപുലമായ യോഗം ചേരുവാന്‍ തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.ഒ. ജേക്കബ്‌ (914 523 9439), ജിജോ ജോസഫ്‌ (302 292 2957), ജോര്‍ജ്‌ പാടിയോത്ത്‌ (914 238 9376). ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
മോര്‍ അത്തനാസിയോസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികള്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക