Image

തെരുവിലെ പെണ്‍കുട്ടി - നെല്ലിക്കുന്ന്

നെല്ലിക്കുന്ന് Published on 12 July, 2012
തെരുവിലെ പെണ്‍കുട്ടി - നെല്ലിക്കുന്ന്
പാതവക്കത്ത് വൈകുന്നേരം അവള്‍ കടല വില്‍ക്കുന്നത് അയാളെന്നും ശ്രദ്ധിക്കും. ചേട്ടന്റെ ഔദാര്യം സ്വീകരിച്ച് പട്ടണത്തിലെ തിരക്കുള്ള തെരുവിലൊരു ഫ്‌ളാറ്റില്‍ വന്നു കൂടിയിട്ട് മാസങ്ങള്‍ ആറു കഴിഞ്ഞു. ദിവസവും സര്‍ട്ടിഫിക്കറ്റുകള്‍ കൈയില്‍ ഒതുക്കി ജോലി തേടുന്ന അയാള്‍ക്ക് എല്ലാം അന്യമാണ്. ഒന്നുമില്ലാത്തവന് മറ്റുള്ളവരുടെ വെറും നോട്ടത്തില്‍ പോലും വിദ്വേഷം സ്ഫുരിക്കുന്നതായി അനുഭവപ്പെടും. ചേട്ടത്തിയുടെ അര്‍ത്ഥം വച്ചുള്ള സംസാരം. ചേട്ടന്റെ മൗനം. ഇറങ്ങിപ്പോവാന്‍ പറയുന്നില്ല എന്നു മാത്രം. ഈ കാരുണ്യമാണ് ദരിദ്രവാസിയായ തന്നെ പട്ടണത്തില്‍ ഇനിയും തളച്ചിട്ടിരിക്കുന്ന ഏക ഘടകം എന്നയാള്‍ക്കു തോന്നി.

വയസ്സ് ഇരുപത്തിയെട്ടു കഴിഞ്ഞിട്ടും ജീവിതത്തിന്റെ താളങ്ങള്‍ പിഴച്ചുകിടക്കുന്നു. ഗതികിട്ടാത്ത തെണ്ടിയുടെ ആത്മകഥയുടെ ചുരുളഴിയുന്നു.

യൗവനം പൂത്തുനിന്ന കാലം. സന്ധ്യയ്ക്ക് സരോജത്തിനെ എന്നും കാണുന്നതാണ്. അമ്പലത്തില്‍ തൊഴുതുമടങ്ങുന്ന അവള്‍ ഒരിക്കല്‍ ഇടത്തൊണ്ടില്‍ മുഖാമുഖം നിന്നു. ഒരിക്കലും കിട്ടുമെന്നു കരുതാത്ത ആദ്യചുംബനത്തിന്റെ ചൂടില്‍ അയാള്‍ തരിച്ചുപോയി. മോഹിപ്പിക്കുന്ന സന്ധ്യ.. വികലമായ മനസ്സില്‍ അതു മാത്രമാണ് തനിക്കെന്നും ഓമനിക്കാനുള്ള യൗവനം എന്ന് അയാള്‍ അറിഞ്ഞു.
ആ ഓര്‍മ്മയില്‍ നീന്തിത്തുടിക്കുമ്പോള്‍ ഇന്നും മനസ്സില്‍ കുളിര്.

അവള്‍ എവിടെയോ സുഖമായി കഴിയുന്നു. തെണ്ടിയുടെ ആത്മകഥയില്‍ ഭാഗ്യാന്വേഷികള്‍ കടന്നുവരാറില്ല. കടല വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഉന്തുവണ്ടിയില്‍ നോക്കി അന്നും അയാള്‍ ഏറെനേരം നിന്നു. അയാള്‍ക്കൊന്നും പറയാനില്ലായിരുന്നു. മൗനത്തിന്റെ സാന്ദ്രമായ അകത്തളത്തില്‍ കണ്ണുകള്‍ ഇടഞ്ഞു. അവള്‍ ഒരു നിമിഷം വണ്ടിയല്‍ മുറുകെ പിടിച്ചു. മറ്റെവിടെയോ എന്തോ തേടി എന്നും സഞ്ചരിക്കുന്ന ഒരു നിത്യയാത്രക്കാരിയെയാണ് അപ്പോള്‍ അവിടെ കണ്ടത്.

'നീ എന്നെ അറിയുമോ?' അയാള്‍ പാതവക്കത്ത് ഇരുളില്‍ നിന്നു കൊണ്ട് അവളോടു ചോദിച്ചു. 'എത്രയോകാലമായി നിങ്ങളെ എനിക്കറിയാം!' അത്രമാത്രം പറഞ്ഞിട്ട് പെണ്‍കുട്ടി വീണ്ടും കടലവില്പന തുടര്‍ന്നു.

കാലം മുന്നോട്ടു പാഞ്ഞു. ഉത്സവങ്ങളുടെ ചെണ്ട മുഴങ്ങി. അവള്‍ അമ്പലപ്പറമ്പിലേക്ക് കടലവണ്ടിയുമായി നീങ്ങി. തോരണങ്ങള്‍കൊണ്ടലങ്കരിച്ച ഓരങ്ങളില്‍ വെളിച്ചം പരന്നപ്പോള്‍ അയാള്‍ അവളെത്തേടി ഉത്സവസ്ഥലത്തു ചെന്നു.

കടല വിറ്റുകൊണ്ടിരുന്നപ്പോഴും അവളുടെ മിഴികള്‍ എന്തോ തേടുന്നതുപോലെ പരതി നടന്നു. അയാള്‍ മറഞ്ഞുനിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു.

അയാളുടെ സാമീപ്യത്തിലെന്നപോലെ അവള്‍ ഏതോ നിര്‍വൃതിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നെന്നു തോന്നി. പണം വാങ്ങാന്‍ പലപ്പോഴും അവള്‍ മറന്നു. തിരക്കൊഴിഞ്ഞ നേരം അവളുടെ വണ്ടിയുടെ അടുത്തു ചെന്നു.

'എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?'അയാള്‍ വിക്കി വിക്കി ചോദിച്ചു.

'ഇന്നത്തെ കച്ചവടം കഴിഞ്ഞു. നിങ്ങള്‍ ഈ ബാക്കിയുള്ളത് ചാക്കില്‍ കെട്ടി എന്റെ കൂടെ വരണം. ഈ പണസഞ്ചി നിങ്ങള്‍ സൂക്ഷിക്കുക.... എന്റെ അമ്മ രോഗിയാണ്. അവര്‍ക്കു ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകാം.'

അയാള്‍ ചാക്കുകെട്ട് ചുമലിലേന്തി അവളുടെ പീന്നാലെ നടന്നു.
തെരുവിലെ പെണ്‍കുട്ടി - നെല്ലിക്കുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക